ശര്‍ദുലിന്റെ ഫാന്‍ ക്ലബ്ബ് ഉണ്ടാക്കുന്നുണ്ടെങ്കില്‍ ആദ്യ മെമ്പര്‍ഷിപ്പ് ഞാന്‍ എടുക്കാം- ആകാശ്
ഓവല്‍: ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ ഏറെ കൈയടി നേടിയ താരമാണ് പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂര്‍. ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ പോലും സ്‌കോര്‍ നേടാന്‍ പ്രയാസപ്പെടുമ്പോള്‍ വളരെ അനായാസമായാണ് ശര്‍ദുല്‍ സ്‌കോര്‍ നേടുന്നത്. ഓവലില്‍ കളിച്ച രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടാന്‍ ശര്‍ദുലിനായി. അതും സ്‌ട്രെയ്റ്റ് ഡ്രൈവും കവര്‍ ഡ്രൈവും ഉള്‍പ്പെടെ മികച്ച ഷോട്ടുകളിലൂടെ.
ആദ്യ ഇന്നിങ്‌സില്‍ 57 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായ ശര്‍ദുല്‍ രണ്ടാം ഇന്നിങ്‌സില്‍ 60 റണ്‍സും നേടി. ഈ രണ്ട് ഇന്നിങ്‌സും ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലായിരുന്ന ഘട്ടത്തിലായിരുന്നു എന്നതിലാണ് ശര്‍ദുലിന്റെ ഈ പ്രകടനത്തിന്റെ പ്രസക്തി. മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്തനായ യുവ ഓള്‍റൗണ്ടര്‍മാറിക്കഴിഞ്ഞു. കഴിഞ്ഞ ആറ് ഇന്നിങ്‌സില്‍ നിന്ന് ശര്‍ദുല്‍ നേടുന്ന മൂന്നാമത്തെ അര്‍ധ സെഞ്ച്വറിയാണിത്.

ഇപ്പോഴിതാ ശര്‍ദുല്‍ ഠാക്കൂറിന്റെ ആരാധക കൂട്ടായ്മ ഉണ്ടാക്കുന്നുണ്ടെങ്കില്‍ ആദ്യത്തെ മെമ്പര്‍ഷിപ്പ് താനെടുക്കാമെന്ന് അറിയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് നിരൂപകനുമായ ആകാശ് ചോപ്ര. 'ആരെങ്കിലും ശര്‍ദുല്‍ ഠാക്കൂറിന്റെ ആരാധക കൂട്ടായ്മ ഉണ്ടാക്കുന്നുണ്ടെങ്കില്‍ ആദ്യ മെമ്പറാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഇന്ത്യ എപ്പോഴൊക്കെ സമ്മര്‍ദ്ദത്തിലാവുന്നോ അപ്പോഴൊക്കെ രക്ഷകനായി അവന്‍ വരുന്നു. ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും നിര്‍ണ്ണായക അര്‍ധ സെഞ്ച്വറി പ്രകടനമാണ് നടത്തിയത്. അവന്റെ വലിയൊരു ആരാധകനാണ് ഞാന്‍. വിരാട് കോലിയുടെ ഇന്ത്യന്‍ നിരയിലെ രക്ഷകനാണവന്‍. അവനില്ലാതെ ടീമിനെ ചിന്തിക്കാനാവില്ല. വ്യത്യസ്തമായ സമീപനമാണ് അവന്‍ ബാറ്റിങ്ങില്‍ കാട്ടുന്നത്'- ആകാശ് പറഞ്ഞു.

ഇന്ത്യക്ക് മികച്ചൊരു പ്രകടനം വളരെ അത്യാവശ്യമായിരുന്ന സമയത്താണ് ശര്‍ദുലിന്റെ മിന്നും പ്രകടനം ഉണ്ടായത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 191 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയതും രണ്ടാം ഇന്നിങ്‌സില്‍ 466 എന്ന സ്‌കോറിലേക്കെത്തിയതും ശര്‍ദുലിന്റെ പ്രകടന മികവിലൂടെയാണ്. ഉമേഷ് യാദവുമായി 63 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയാണ് ശര്‍ദുല്‍ ഇന്ത്യയെ 191 എന്ന് ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്.
അതിവേഗം റണ്‍സുയര്‍ത്തുന്ന ശൈലിയാണ് ശര്‍ദുലിന്റേതെങ്കിലും വെറുതെ കണ്ണടച്ച് വീശുന്ന രീതിയില്ല. കൃത്യമായ ഷോട്ടുകള്‍ കളിക്കാന്‍ ശര്‍ദുലിന് സാധിക്കുന്നുണ്ട്. സ്‌ട്രൈറ്റ് ഡ്രൈവും കവര്‍ഡ്രൈവും ഉള്‍പ്പെടെ മികച്ച പല ഷോട്ടുകളും അദ്ദേഹം നന്നായി കളിക്കുന്നു. ബാക്ക് ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലും ഒരുപോലെ കളിക്കാന്‍ ശര്‍ദുലിന് സാധിക്കുന്നുണ്ട്. ഇതെല്ലാം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

'191 റണ്‍സാണ് ഇന്ത്യ നേടിയതെങ്കിലും ശര്‍ദുലിന്റെ പ്രകടനം ഇന്ത്യന്‍ ടീമില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടാക്കി. ഒല്ലി പോപ്പിന്റെ വിക്കറ്റ് വീഴ്ത്തിയ ശര്‍ദുല്‍ ലീഡ് 99 ആക്കി ഒതുക്കി. 100ന് മുകളിലേക്ക് ലീഡ് പോയില്ല. ഓരോ ചെറിയ കാര്യങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി അവന്‍ നേടി. അഞ്ചാം ദിനം രണ്ട് വിക്കറ്റെങ്കിലും അവന്‍ നേടുമെന്നാണ് ഞാന്‍ പറയുന്നത്. അവന് അതിന് സാധിച്ചില്ലെങ്കില്‍ ഇന്ത്യക്ക് മത്സരം ജയിക്കാനും പ്രയാസമാവും'- ആകാശ് കൂട്ടിച്ചേര്‍ത്തു.
അഞ്ചാം ദിനത്തില്‍ 291 റണ്‍സാണ് ആതിഥേയരായ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത്. ഹസീബ് ഹമീദ് (43), റോറി ബേണ്‍സ് (31) എന്നിവര്‍ നാലാം ദിനം 77 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. അഞ്ചാം ദിനത്തിന്റെ ആദ്യ സെക്ഷനുള്ളില്‍ മൂന്ന് വിക്കറ്റെങ്കിലും ഇന്ത്യ വീഴ്‌ത്തേണ്ടതായുണ്ട്. ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി, ഒല്ലി പോപ്പ്, ക്രിസ് വോക്‌സ് തുടങ്ങിയ കരുത്തുറ്റ ബാറ്റിങ് നിര ഇംഗ്ലണ്ടിനുള്ളതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications