ഐപിഎല്‍ യുഎയിലെങ്കില്‍ ചിലര്‍ക്കു നേട്ടമാവും! കൂട്ടത്തില്‍ ആര്‍സിബിയും- കാരണം ചോപ്ര പറയും
ഐപിഎല്ലിന്റെ 13ാം സീസണിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചൂടുപിടിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍, വേദി എന്നിവയെക്കുറിച്ച് നിരവധി അഭ്യൂങ്ങളും സൂചനകളുമാണ് വന്നു കൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ സൂചനകള്‍ അനുസരിച്ച് യുഎഇയായിരിക്കും ടൂര്‍ണമെന്റിനു വേദിയാവുക. ഇന്ത്യയില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്.

സപ്തംബര്‍ 26 മുതല്‍ നവംബര്‍ എട്ടു വരെയായിരിക്കും ടൂര്‍ണമെന്റ് നടക്കുയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. എന്നാല്‍ ഇവയൊന്നും ബിസിസിഐ ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ ഐപിഎല്‍ യുഎഇയിലാണ് നടത്തുന്നതെങ്കില്‍ അത് ചില ഫ്രാഞ്ചൈസികള്‍ക്കു ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇതിനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ആര്‍സിബി, സിഎസ്‌കെ, പഞ്ചാബ്
ഐപിഎല്‍ യുഎഇയിലാണെങ്കില്‍ അത് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കെഎല്‍ രാഹുലിന്റെ കിങ്‌സ് ഇലവന്‍ പഞ്ചാബ് തുടങ്ങിയ ടീമുകള്‍ക്കു ഗുണം ചെയ്യുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.
ബാറ്റിങ് സാഹചര്യം വലിയ ഇംപാക്ടുണ്ടാക്കില്ല. എന്നാല്‍ ചില ടീമുകള്‍ക്കു ഇതു ഗുണം ചെയ്യും. ഉദാഹരണത്തിന് ആര്‍സിബിയെ എടുക്കാം. കാരണം വലിയ ഗ്രൗണ്ടില്‍ മല്‍സരം നടക്കുമ്പോള്‍ നിങ്ങളുടെ ബൗളിങ് ദുര്‍ബലമാണെങ്കിലും അത്രയൊന്നും തുറന്നു കാണിക്കപ്പെടില്ല. അതുകൊണ്ടു തന്നെ മികച്ച ബൗളിങ് നിരയില്ലാത്ത ആര്‍സിബിക്കു ഇതു മുതല്‍ക്കൂട്ടാവുകയും ചെയ്യുമെന്ന് ചോപ്ര വിലയിരുത്തി.

സിഎസ്‌കെയും പഞ്ചാബും
മികച്ച സ്പിന്നര്‍മാരുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനും അനുകൂലമാണ് ഇവിടുത്ത സാഹചര്യങ്ങള്‍. സിഎസ്‌കെ ഒരിക്കല്‍ക്കൂടി ഇവിടെ രാജാക്കന്‍മാരായി മാറിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല.
സിഎസ്‌കെയ്ക്കു മാത്രമല്ല പഞ്ചാബിനും വളരെ യോജിക്കുന്ന സാഹചര്യങ്ങളാണ് യുഎഇയിലേത്. അവരുടെ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍ വളരെ മികച്ച പ്രകടനമാണ് ഇവിടെ നടത്താറുള്ളത്. ഇതു തീര്‍ച്ചയായും പഞ്ചാബിന് പ്ലസ് പോയിന്റാണെന്നു ചോപ്ര വിശദമാക്കി.

കാലാവസ്ഥയെ ശ്രദ്ധിക്കണം
ഐപിഎല്‍ യുഎഇയിലെങ്കില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു വലിയ വെല്ലുവിളിയൊന്നും നേരിടേണ്ടി വരുമെന്ന് തോന്നുന്നില്ലെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ഇവിടുടെ കാലാവസ്ഥയെയാണ് ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ടൂര്‍ണമെന്റിനെക്കുറിച്ച് നോക്കിയാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു അനുകൂല സാഹചര്യമാണ് യുഎഇയിലുള്ളത്. എന്നാല്‍ ടൂര്‍ണമെന്റില്‍ ഒരുപാട് ഡബിള്‍ ഹെഡ്ഡറുകള്‍ (ഒരു ദിവസം രണ്ടു കളികള്‍) ഉണ്ടാവും. അതിനാല്‍ ഉച്ചയ്ക്കു നടക്കുന്ന മല്‍സരങ്ങളില്‍ യുഎഇയിലെ കടുത്ത ചൂട് ബാറ്റ്‌സ്മാന്‍മാര്‍ക്കു വെല്ലുവിളിയായേക്കുമെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

കന്നിക്കിരീടം തേടി ആര്‍സിബിയും പഞ്ചാബും
കന്നി ഐപിഎല്‍ ട്രോഫിയാണ് ആര്‍സിബിയും പഞ്ചാബും ലക്ഷ്യമിടുന്നത്. ഇരുടീമുകളും നേരത്തേ ഫൈനലിലെത്തിയിരുന്നെങ്കിലും തോല്‍വി നേരിടുകയായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ടീമുകളിലൊന്നാണ് ആര്‍സിബി. നായകന്‍ കോലിയെക്കൂടാതെ എബി ഡിവില്ലിയേഴ്‌സ്, ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് എന്നിവരടക്കം മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ആര്‍സിബി നിരയിലുണ്ട്. അതേസമയം, രാഹുല്‍ നയിക്കുന്ന പഞ്ചാബ് ടീമില്‍ ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, മാക്‌സ്വെല്‍ തുടങ്ങിയ മികച്ച ബാറ്റ്‌സ്മാന്‍മാരുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications