Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

6ല്‍ 5ലും സെഞ്ച്വറി, ശരാശരി 664!! കരുണിന്റെ റണ്‍മഴ, തിരിച്ചുവിളിക്കുമോ ടീം ഇന്ത്യ?

അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചെന്നു കരുതിയ ഇടത്തു നിന്നും അവിശ്വസനീയ റണ്‍വേട്ടയിലൂടെ വീണ്ടും ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍. ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന റണ്‍മെന്റില്‍ വിദര്‍ഭയ്ക്കായി റണ്‍മഴ പെയ്യിക്കുകയാണ് ഈ 33 കാരന്‍.

ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പര, ഐസിസി ചാംപ്യന്‍സ് ട്രോഫി എന്നിവയ്ക്കുള്ള ടീമുകളെ പ്രഖ്യാപിക്കാനിരിക്കെ ഇവയിലേക്കു അവകാശവാദമുന്നയിച്ചിരിക്കുകയാണ് കരുണ്‍. എട്ടു വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ അദ്ദേഹത്തെ കാണാന്‍ സാധിക്കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

KARUN NAIR

അവിശ്വസനീയ ഫോം

ഈ സീസണിലെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കരുണ്‍ നായരുടെ ബാറ്റിങ് പ്രകടനത്തെ അവിശ്വസനീയമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. എതിര്‍ ടീം ബൗളര്‍മാരുടെ പേടിസ്വപ്‌നമായി അദ്ദേഹം മാറിയിരിക്കുകയാണ്. കരുണിനെ എങ്ങനെ പുറത്താക്കണമെന്നു പോലും അറിയാതെ വലയുകയാണ് എതിര്‍ ടീമുകള്‍.

ഇതിനകം കളിച്ചിട്ടുള്ള ആറിന്നിങ്‌സുകളില്‍ അഞ്ചിലും അദ്ദേഹത്തെ പുറത്താക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതു ഇതു ശരിവയ്ക്കുകയും ചെയ്യുന്നു. 664 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ കരുണ്‍ വാരിക്കൂട്ടിയത് 664 റണ്‍സാണ്. ടൂര്‍ണമെന്റിലെ റണ്‍വേട്ടയില്‍ തലപ്പത്തും അദ്ദേഹം തന്നെയാണ്. ആറിന്നിങ്‌സില്‍ അഞ്ചിലും താരം സെഞ്ച്വറി വാരിക്കൂട്ടി. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 163 റണ്‍സുമാണ്.

122* (എതിരാളി രാജസ്ഥാന്‍), 112 (ഉത്തര്‍ പ്രദേശ്), 111* (തമിഴ്‌നാട്), 163* (ചണ്ഡീഗഡ്), 44* (ഛത്തീസ്ഗഡ്), 112* (ജമ്മു ആന്റ് കാശ്മീര്‍) എന്നിങ്ങനെയാണ് കരുണിന്റെ ഇതുവരെയുള്ള സ്‌കോറുകള്‍. ഇത്രയും മികച്ച ഫോമിലുള്ള ഒരു ബാറ്ററെ ഇന്ത്യന്‍ ടീമില്‍ നിന്നും എങ്ങനെ മാറ്റി നിര്‍ത്താന്‍ സാധിക്കുമെന്നതാണ് ചോദ്യം.

തിരിച്ചുവിളിക്കുമോ?

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ചരിത്രത്തില്‍ ഇടം നേടിയ താരങ്ങളിലൊരാള്‍ കൂടിയാണ് കരുണ്‍ നായര്‍. കാരണം മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ കൂടാതെ ഇന്ത്യക്കായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച ഏക താരം കൂടിയാണ് അദ്ദേഹം. 2016ല്‍ ഇംഗ്ലണ്ടിനെതിരേ ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന ടെസ്റ്റിലായിരുന്നു കരുണിന്റെ ചരിത്ര നേട്ടം. ഇതോടെ ഇന്ത്യന്‍ റെഡ് ബോള്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു പോലും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.

പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല. ട്രിപ്പിള്‍ സെഞ്ച്വറിക്കു ശേഷമുള്ള കുറച്ചു ഇന്നിങ്‌സുകളില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതെ വന്നതോടെ കരുണ്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടു. 2017 മാച്ചില്‍ ഓസ്‌ട്രേലിയക്കെതിരേ ധരംശാലയില്‍ നടന്ന ടെസ്റ്റിനു ശേഷം അദ്ദേഹത്തെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടിട്ടില്ല.

KARUN NAIR

എങ്കിലും ദേശീയ ടീമിനായി വീണ്ടും കളിക്കാനുള്ള മോഹം കരുണ്‍ കൈവിട്ടിരുന്നില്ല, 2022 ഡിസംബറില്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റിലൂടെ അദ്ദേഹം ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്കൊരു അവസരം കൂടി നല്‍കൂയെന്നായിരുന്നു കരുണ്‍ അന്നു കുറിച്ചത്.

അതു കഴിഞ്ഞ് 13 മാസങ്ങള്‍ക്കു ശേഷം ഇപ്പോഴിതാ ടീം ഇന്ത്യയുടെ വാതിലില്‍ മുട്ടുകയാണ് കരുണ്‍. ദേശീയ ടീമിനൊപ്പം ഒരവസരം കൂടി തനിക്കു നല്‍കൂയെന്നാണ് അദ്ദേഹം ബാറ്റ് കൊണ്ട് ചോദിച്ചിരിക്കുന്നത്. എന്നാല്‍ ഏകദിന, ടി20 ടീമുകളിലേക്കു കരുണിനെ ഇനി പരിഗണിക്കാനുള്ള സാധ്യത കുറവാണ്. പക്ഷെ ടെസ്റ്റ് ടീമിലേക്കു കരുണിന് നേരിയ സാധ്യത ഇപ്പോഴുമുണ്ട്.

ഫോം കണ്ടെത്താനാവാതെ വലയുന്ന നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം ടീമില്‍ നിന്നും പുറത്താവലിന്റെ വക്കിലാണ്. ശുഭ്മന്‍ ഗില്ലും ഫോമിലല്ല. കൂടാതെ മധ്യനിരയില്‍ പരിചയസമ്പത്തുള്ള താരങ്ങളുടെ അാഭാവവും ഇന്ത്യക്കുണ്ട്. ഇവയല്ലാം പരിഗണിക്കുമ്പോള്‍ മധ്യനിരയില്‍ കരുണിന്റെ സാന്നിധ്യം ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറിയേക്കും.

Story first published: Monday, January 13, 2025, 11:43 [IST]
Other articles published on Jan 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+