
ഓസ്‌ട്രേലിയയുടെ മറ്റു പല ക്രിക്കറ്റര്‍മാരെയും പോലെ എതിര്‍ ടീമിലെ കളിക്കാരെ സ്ഥിരമായി സ്ലെഡ്ജ് ചെയ്യുന്ന പതിവ് വോണിന് ഇല്ലായിരുന്നു. എങ്കിലും ചുരുക്കം ചില അവസരങ്ങളില്‍ അദ്ദേഹം എതിര്‍ ബാറ്ററെ പ്രകോപിപ്പിച്ച് വിക്കറ്റ് നേടിയിട്ടുമുണ്ട്. അത്തരമൊരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. 1999ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഒരു ടെസ്റ്റ് മല്‍സരത്തിനിടെയായിരുന്നു ഇത്. അഡ്‌ലെയ്ഡിലായിരുന്നു ഈ മല്‍സരം.

ഷെയ്‌നെന്ന ഡോക്യുമെന്ററിയില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരം കൂടിയായ ഗ്രെഗ് ചാപ്പലാണ് സൗരവ് ഗാംഗുലിക്കെതിരേ ഷെയ്ന്‍ വോണിന്റെ പ്രകോപനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇതു വളരെ ക്ലാസിക്കായ ഉദാഹരണമാണ്. അഡ്‌ലെയ്ഡ് ഓവലില്‍ വച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റമുട്ടുകയാണ്. ഗാംഗുലിക്കെതിരേ റൗണ്ട് ദി വിക്കറ്റായിരുന്നു വോണ്‍ ബൗള്‍ ചെയ്തത്. സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു നോണ്‍ സ്‌ട്രൈക്കര്‍.
ഗാംഗുലിക്കെതിരേ ഫുട്ട്മാര്‍ക്കിലേക്കു വൈഡായി വോണ്‍ മൂന്നോ, നാലോ ബോളുകളെറിഞ്ഞു. ചിലത് ഫുട്ട്മാര്‍ക്കില്‍ പതിച്ചില്ല. അതുകൊണ്ടു തന്നെ അവയ്ക്കു പ്രതീക്ഷിച്ച ഫലമുണ്ടായില്ല. ഗാംഗുലിയാവട്ടെ ഈ ബോളുകളെല്ലാം ബ്ലോക്ക് ചെയ്ത് അപകടമൊഴിവാക്കുകയും ചെയ്തതായി ചാപ്പല്‍ വിശദമാക്കി.

മൂന്നോ, നാലോ ഡോട്ട് ബോളുകള്‍ക്കു ശേഷമായിരുന്നു ഷെയ്ന്‍ വോണ്‍ സൗരവ് ഗാംഗുലിയെ പരിഹസിക്കുന്ന തരത്തില്‍ പറഞ്ഞത്. ഹേയ് സുഹൃത്തെ, ഈ 40,000 കാണികള്‍ ഇവിടേക്കു വന്നിരിക്കുന്നത് നിങ്ങള്‍ ഇങ്ങനെ ബ്ലോക്ക് ചെയ്യുന്നത് കാണാനല്ല. മറിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഷോട്ടുകള്‍ കാണുന്നതിനു വേണ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ഒരോവറിനു ശേഷം വോണിന്റെ തന്നെ ഓവറില്‍ ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഗാംഗുലിക്കു പിഴച്ചു. ബോള്‍ മിസ്സായപ്പോള്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് അദ്ദേഹത്തെ സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നുവെന്നു ഗ്രെഗ് ചാപ്പല്‍ വിശദമാക്കി.

മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തെ മല്‍സരം കൂടിയായിരുന്നു അഡ്‌ലെയ്ഡ് ഓവലിലേത്. പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും വിജയിച്ച് ഓസീസ് ഇന്ത്യയെ തൂത്തുവാരുകയും ചെയ്തിരുന്നു. ഈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും (61) സൗരവ് ഗാംഗുലിയും (60) ഫിഫ്റ്റിയടിച്ചിരുന്നു. ഷെയ്ന്‍ വോണായിരുന്നു രണ്ടു പേരെയും പുറത്താക്കിയത്. ഷോര്‍ട്ട് ലെഗില്‍ ജസ്റ്റിന്‍ ലാങര്‍ക്കു ക്യാച്ച് നല്‍കിയാണ് സച്ചിന്‍ ക്രീസ് വിട്ടത്.

വോണ്‍ നാലു വിക്കറ്റുകളുമായി ഓസീസ് ബൗളിങിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു. ഡാമിയന്‍ ഫ്‌ളെമിങിനു മൂന്നും ഗ്ലെന്‍ മഗ്രാത്തിനു രണ്ടും വിക്കറ്റ് ലഭിച്ചു. സച്ചിനും ഗാംഗുലിയുമൊഴികെ മറ്റാരും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ അര്‍ധസെഞ്ച്വറി തികച്ചില്ല. 285 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഓസീസ് ഈ ടെസ്റ്റില്‍ ആഘോഷിച്ചത്.


Click it and Unblock the Notifications