വീണ്ടും കോലി-വില്ല്യംസ് പോര് വരുമോ? അതും ഐപിഎല്ലില്‍... പുതിയ 24 പേരില്‍ വില്ല്യംസും
മുംബൈ: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടന്ന ടി20 പരമ്പരയില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പേസര്‍ കെസ്രിക്ക് വില്ല്യംസും തമ്മിലുള്ള ഏറ്റുമുട്ടല്‍ ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ചിരുന്നു. കോലിയുടെ നോട്ട് ബുക്ക് സെല്രിബേഷനും വില്ല്യംസിന്റെ ഷട്ടപ്പ് ആഹ്ലാദ പ്രകടനവുമെല്ലാം ആരാധകര്‍ക്കിടയില്‍ വലിയ ഓളമാണ് ഉണ്ടാക്കിയത്. കോലിയും വില്ല്യംസും തമ്മില്‍ അധികം വൈകാതെ തന്നെ ഒരിക്കല്‍ക്കൂടി മുഖാമുഖം വരാന്‍ സാധ്യത വര്‍ധിച്ചു. ഇത്തവണ ദേശീയ ടീമിനൊപ്പമാവില്ല മറിച്ച് ഐപിഎല്ലിലായിരിക്കും ഈ കൊമ്പുകോര്‍ക്കല്‍.
ഒരുപക്ഷെ വില്ല്യംസ് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചഴ്‌സ് ബാംഗ്ലൂരിനായി കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തിനുള്ള കളിക്കാരുടെ ലിസ്റ്റിലേക്ക് പുതുതായി കൂട്ടിച്ചേര്‍ത്തിട്ടുള്ള 24 താരങ്ങളില്‍ വില്ല്യംസും ഉള്‍പ്പെട്ടിട്ടുണ്ട്.

മുഷ്ഫിഖുര്‍ റഹീമിനെയും ഉള്‍പ്പെടുത്തി
ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ മുഷ്ഫിഖുര്‍ റഹീമാണ് പുതുതായി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റൊരു പ്രമുഖ താരം. ഐപിഎല്ലില്‍ ഇതുവരെ ഒരു ഫ്രാഞ്ചൈസിക്കു വേണ്ടിയും മുഷ്ഫിഖുര്‍ കളിച്ചിട്ടില്ല. എട്ടു ഫ്രാഞ്ചൈസികളുടെയും നിര്‍ദേശത്തെ തുടര്‍ന്നാണ് നേരത്തേ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത 24 കളിക്കാരെ കൂടി പുതുതായി ചേര്‍ത്തിരിക്കുന്നത്.
വില്ല്യംസ്, മുഷ്ഫിഖുര്‍ എന്നിവരെക്കൂടാതെ ഓസീസ് ബാറ്റ്‌സ്മാന്‍ ഡാന്‍ ക്രിസ്റ്റ്യന്‍, സ്പിന്നര്‍ ആദം സാംപ, 21 കാരനായ ഇംഗ്ലീഷ് താരം വില്‍ ജാക്ക്‌സ് എന്നിവരും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

ക്രിസ്റ്റിയനും സാംപയും നേരത്തേ കളിച്ചു
ക്രിസ്റ്റ്യനും സാംപയും നേരത്തേ ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ള താരങ്ങളാണ്. എന്നാല്‍ യുഎഇയില്‍ ലങ്കാഷെയറിനെിരേ നടന്ന പ്രീസീസണ്‍ ടി10 മല്‍സരത്തില്‍ വെറും 25 പന്തില്‍ സെഞ്ച്വറി നേടിയതോടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഇതു വരെ ഇംഗ്ലണ്ടിനായി കളിച്ചിട്ടില്ലാത്ത ജാക്ക്‌സ്.
അതേസമയം, കരീബിയന്‍ പ്രീമിയര്‍ ലീഗിലെ സ്ഥിരം സാന്നിധ്യമാണ് വിന്‍ഡീസ് പേസര്‍ വില്ല്യംസ്. 79 ടി20കളില്‍ നിന്നും 108 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. വിന്‍ഡീസിനു വേണ്ടി 24 ടി20കളില്‍ നിന്നും 41 വിക്കറ്റുകളും വില്ല്യംസ് നേടി.

ആദ്യം 971, ഇനി 332 പേര്‍ മാത്രം
971 താരങ്ങളാണ് ലേലത്തിനു വേണ്ടി ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവരില്‍ 713 ഇന്ത്യന്‍ താരങ്ങളും 258 വിദേശ കളിക്കാരുമാണുണ്ടായിരുന്നത്. ഈ മാരത്തോണ്‍ ലിസ്റ്റിനെ വെട്ടിച്ചുരുക്കി ഇപ്പോള്‍ 332 ആക്കിയിട്ടുണ്ട്.
ഫ്രാഞ്ചൈസികള്‍ നല്‍കിയ കളിക്കാരുടെ ലിസ്റ്റ് പരിഗണിച്ചാണിത്. പുതുക്കിയ ലിസ്റ്റ് പ്രകാരം ഇന്ത്യക്കു വേണ്ടി കളിച്ച 19 താരങ്ങള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications