
2003ലെ ലോകകപ്പ് ഫൈനല്‍
ഇന്ത്യന്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത ലോകകപ്പാണ് 2003ലേത്. സൗരവ് ഗാംഗുലിക്ക് കീഴില്‍ ഇന്ത്യ ചരിത്ര കുതിപ്പ് നടത്തി ഫൈനലില്‍ കളിച്ചെങ്കിലും കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റു. ഇന്ത്യന്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത തോല്‍വിയായിരുന്നു ഇത്. 359 റണ്‍സ് അടിച്ചെടുത്ത ഓസ്‌ട്രേലിയയോട് മറുപടിക്കിറങ്ങിയ ഇന്ത്യ 234 റണ്‍സില്‍ ഒതുങ്ങി. വീരേന്ദര്‍ സെവാഗ് (82) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. സച്ചിനും ഗാംഗുലിയും ദ്രാവിഡും യുവരാജ് സിങ്ങുമെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 2003ലെ ലോകകപ്പ് ഇന്ത്യക്ക് കണ്ണീരോര്‍മയായി. ഇന്ത്യയുടെ ഏറ്റവും മികച്ച പോരാട്ടം കണ്ട ലോകകപ്പാണിതെങ്കിലും നിര്‍ഭാഗ്യവശാല്‍ കിരീടത്തിലേക്കെത്താനായില്ല.

2007ലെ ലോകകപ്പിലെ തോല്‍വി
2007ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റതും ആരാധകരെ ഏറെ സങ്കടത്തിലാക്കിയ തോല്‍വിയാണ്. അന്ന് ഇന്ത്യയുടെ കരുത്തുറ്റ താനിരയെ നാണംകെടുത്തുന്ന വിജയമാണ് ബംഗ്ലാദേശ് നേടിയെടുത്തത്. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, സെവാഗ്, യുവരാജ് എന്നിവരെല്ലാം അണിനിരന്ന ലോകകപ്പില്‍ ബംഗ്ലാദേശിനോട് അപ്രതീക്ഷിത തകര്‍ച്ചയാണ് ഇന്ത്യ നേരിട്ടത്. 191ന് ടീം കൂടാരം കയറി. മറുപടിക്കിറങ്ങി ബംഗ്ലാദേശ് 9 പന്തും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് വിജയം നേടിയത്. തമീം ഇക്ബാല്‍, മുഷ്ഫിഖര്‍ റഹീം, ഷക്കീബ് അല്‍ ഹസന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ബംഗ്ലാദേശിന് ജയമൊരുക്കിയത്. മഷറഫെ മൊര്‍ത്താസ നാല് വിക്കറ്റും വീഴ്ത്തി. നായകനെന്ന നിലയില്‍ ദ്രാവിഡിനും മറക്കാനാവാത്ത മത്സരമാണിത്.

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍
ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ത്ത മറ്റൊരു തോല്‍വിയാണ് 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ നേരിട്ടത്. അതും ചിരവൈരികളായ പാകിസ്താനോട് തോറ്റുവെന്നതാണ് ആരാധകരെ കൂടുതല്‍ നിരാശരാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 338 എന്ന വമ്പന്‍ സ്‌കോര്‍ നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 158 റണ്‍സിന് ഓള്‍ഔട്ടായി. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, യുവരാജ് സിങ്, എംഎസ് ധോണി എന്നിവരൊക്കെ ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഇന്ത്യക്ക് തലകുനിക്കേണ്ടി വന്നു. ആരാധകര്‍ക്ക് മറക്കാനാവാത്ത തോല്‍വിയാണിത്.

2019 ലോകകപ്പ് ഇന്ത്യയുടെ സെമി തോല്‍വി
2019ലെ ലോകകപ്പില്‍ ഇന്ത്യ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കിയത്. രോഹിത് ശര്‍മ കളം നിറഞ്ഞാടിയ മത്സരത്തില്‍ ഇന്ത്യ കിരീടം നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റത് ഇന്നും ആരാധക മനസിലെ മായാത്ത മുറിവാണ്. ന്യൂസീലന്‍ഡ് മുന്നോട്ട് വെച്ച 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 221 റണ്‍സിന് പുറത്തായി. എംഎസ് ധോണിയെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ റണ്ണൗട്ടാക്കിയപ്പോള്‍ തലകുനിച്ച് ധോണി മടങ്ങിയത് ഇന്നും ആരാധക മനസില്‍ മായാതെയുണ്ട്. ധോണിയുടെ ഇന്ത്യന്‍ ജഴ്‌സിയിലെ അവസാന മത്സരം കൂടിയായിരുന്നു ഇത്.

2014ലെ ടി20 ലോകകപ്പ് ഫൈനല്‍
2014ലെ ടി20 ലോകകപ്പിന്റെ ഫൈനലില്‍ കടന്ന ഇന്ത്യക്ക് പക്ഷെ ശ്രീലങ്കയോട് തലകുനിക്കേണ്ടി വന്നു. ആരാധകര്‍ക്ക് മറക്കാനാവാത്ത തോല്‍വിയാണിത്. കരുത്തരുടെ നിരയുമായി ഇറങ്ങിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 130 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 13 പന്തും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി വിജയലക്ഷ്യം മറികടന്നു. വിരാട് കോലി അര്‍ധ സെഞ്ച്വറി നേടിയെങ്കിലും വലിയൊരു സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചില്ല. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയായിരുന്നു ഇന്ത്യയുടെ ഈ തോല്‍വി.


Click it and Unblock the Notifications












