ഹരാരെ: കുഞ്ഞന്മാരായ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യ നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടു. 5 വിക്കറ്റിന് 87 എന്ന നിലയില്‍ തകര്‍ന്ന് തരിപ്പണമായിക്കൊണ്ടിരുന്ന ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചതോ, ധോണി സ്‌ട്രൈക്ക് കൊടുക്കാതെ ഒരിക്കല്‍ കളിയാക്കിയ അമ്പാട്ടി റായിഡു. പുറത്താകാതെ നേടിയ മിന്നും സെഞ്ചുറിയോടെയാണ് റായിഡു ഇന്ത്യയെ 250 കടത്തിയത്.
133 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതമാണ് റായിഡുവിന്റെ 124 നോട്ടൗട്ട്. 76 പന്തില്‍ 6 ഫോറും 2 സിക്‌സും അടത്തം 77 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി റായിഡുവിന് മികച്ച പിന്തുണ നല്‍കി. ഇരുവരും കൂടി ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 10 റണ്‍സാണ്. ഇതില്‍ 80 റണ്‍സ് റായിഡുവിന്റെ വക. 50 ഓവറില്‍ 6 വിക്കറ്റിനാണ് ഇന്ത്യ 155 റണ്‍സടിച്ചത്.

ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച സിംബാബ്‌വെ തുടക്കം മുതല്‍ മികച്ച ബൗളിംഗാണ് പുറത്തെടുത്തത്. ഓപ്പണര്‍ മുരളി വിജയ് വെറും 1 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ രഹാനെയും റായുഡുവും ചേര്‍ന്ന് 60 റണ്‍സ് വരെ എത്തിച്ചു. 34 റണ്‍സെടുത്ത രഹാനെയ്ക്ക് പിന്നാലെ തിവാരി (2), ഉത്തപ്പ (0), ജാദവ് (5) എന്നിവര്‍ കൂടി പോയതോടെ ഇന്ത്യ ശരിക്കും പ്രതിസന്ധിയിലായി. പിന്നീടായിരുന്നു റായിഡു - ബിന്നി കൂട്ടുകെട്ടിന്റെ രക്ഷാപ്രവര്‍ത്തനം.