കൊളംബോ: ഇതിഹാസ പേസര്‍ ലസിത് മലിങ്കയുടെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് ശ്രീലങ്കയ്ക്കു ഒടുവില്‍ ഉത്തരം ലഭിച്ചിരിക്കുന്നു. മലിങ്കയുടേതിനു സമാനമായി തികച്ചും വ്യത്യസ്തമായ ബൗളിങ് ആക്ഷനിലൂടെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഒരു 17കാരന്‍. കേളേജ് വിദ്യാര്‍ഥി കൂടിയായ മതീഷ പതിരനയെന്ന താരമാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ താരമായിക്കൊണ്ടിരിക്കുന്നത്.

ലങ്കയിലെ ഒരു കോളേജ് തലത്തിലുള്ള ടൂര്‍ണമെന്റില്‍ ട്രിനിറ്റി കോളേജിനു വേണ്ടിയായിരുന്നു മതീഷയുടെ മാജിക്കല്‍ പ്രകടനം. മലിങ്കയുടെ അതേ ആക്ഷനില്‍ പന്തെറിഞ്ഞ താരം യോര്‍ക്കറുകളിലൂടെ എതിര്‍ ടീം ബാറ്റിങ് നിരയെ തകര്‍ക്കുകയായിരുന്നു. കളിയില്‍ ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് കൗമാര താരം കൊയ്തത്. ട്രിനിറ്റി കോളേജിനു വേണ്ടി മതീഷയുടെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്.
മതീഷയുടെ മാസ്മരിക ബൗളിങ് പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഇതിനകം ചര്‍ച്ചയായി മാറിക്കഴിഞ്ഞു. ട്വിറ്ററിലൂടെയാണ് ഈ വീഡിയോ ഒരാള്‍ പുറത്തുവിട്ടിരിക്കുന്നത്.