ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നഷ്ടമായേക്കുമെന്ന ഘട്ടത്തില്‍ നില്‍ക്കെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. മെല്‍ബണിലെ നാലാം ടെസ്റ്റില്‍ വന്‍ പരാജയമേറ്റു വാങ്ങിയതോടെ പരമ്പരയില്‍ ഇന്ത്യ 1-2നു പിന്നിലാവുകയും ചെയ്തു. ഇനി സിഡ്‌നിയിലെ അവസാന അങ്കം ജയിക്കുകയല്ലാതെ ഇന്ത്യക്കു മുന്നില്‍ ഇനി മറ്റു ഓപ്ഷനുകളുമില്ല.
കഴിഞ്ഞ ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയതോടെയാണ് പകരം ഗംഭീറിനെ ഈ റോളിലേക്കു ഇന്ത്യ കൊണ്ടു വന്നിരിക്കുന്നത്. പക്ഷെ നേട്ടങ്ങളേക്കാള്‍ തിരിച്ചടികളാണ് അദ്ദേഹത്തിനു കീഴില്‍ ടീമിനു നേരിട്ടു കൊണ്ടിരിക്കുന്നത്.
നാട്ടിലും പുറത്തുമെല്ലാം ഗംഭീറിനു കീഴില്‍ ടീം നാണം കെട്ടു കൊണ്ടിരിക്കുകയാണ്. ഇവ പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനവും വൈകാതെ തെറിച്ചേക്കും. ഗംഭീര്‍ മുഖ്യ കോച്ചായി സ്ഥാനമേറ്റെടുത്തതിനു ശേഷം ഇന്ത്യന്‍ ടീമിനു നേരിടേണ്ടി വന്നിട്ടുള്ള തിരിച്ചടികള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

12 തിരിച്ചടികള്‍
ഒന്നും രണ്ടുമല്ല, വിവിധ ഫോര്‍മാറ്റുകളിലുമായി 12 വലിയ നാണക്കേടുകളാണ് ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി വന്നതിനു ശേഷം ഇന്ത്യന്‍ ടീമിനു നേരിടേണ്ടി വന്നിട്ടുള്ളത്. ഇതില്‍ ആദ്യത്തേത് 27 വര്‍ഷങ്ങള്‍ക്കു ശ്രീലങ്കയ്‌ക്കെതിരേ ഒരു ഏകദിന പരമ്പര ഇന്ത്യക്കു നഷ്ടമായി എന്നതാണ്. രണ്ടാമത്തെ നാണക്കേട് ചരിത്രത്തിലാദ്യമായി മൂന്നു മല്‍സരങ്ങളുടൈ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനു 30 വിക്കറ്റുകളും നഷ്ടമായി എന്നതായിരുന്നു.
45 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഏകദിനത്തില്‍ ഒരു ജയം പോലും നേടാനാനാവാതെയാണ് ഇന്ത്യന്‍ ടീം 2024 അവസാനിപ്പിക്കുന്നത്. 36 വര്‍ഷങ്ങള്‍ക്കു ശേഷം ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര തോറ്റുവെന്നതാണ് നാലാമത്തെ നാണക്കേട്. 19 വര്‍ങ്ങള്‍ക്കു ശേഷം ആദ്യമായി ബെംഗളൂരുവിലെ ചിന്നസ്വാമിയില്‍ ഒരു ടെസ്റ്റും ഇന്ത്യക്കു തോല്‍ക്കേണ്ടി വന്നു.
IND vs AUS: ഗില്‍ റിട്ടേണ്‍സ്, 2 വമ്പന്‍മാര്‍ പുറത്ത്!! ബുംറ നയിക്കും; സിഡ്‌നിയിലെ ഇന്ത്യന്‍ 11
നാട്ടില്‍ ആദ്യമായി 50ല്‍ താഴെ റണ്‍സിനു ഓള്‍ഔട്ടായതാണ് ഇന്ത്യക്കു നേരിട്ട മറ്റൊരു വലിയ ദുരന്തം. ചരിത്രത്തിലാദ്യമായി ന്യൂസിലാന്‍ഡിനോടു നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റത് മറ്റൊരു വലിയ ക്ഷീണമായി. 12 വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര ഇന്ത്യക്കു തോല്‍ക്കണ്ടി വന്നതും ഗംഭീറിന്റെ കീഴിലാണ്. 12 വര്‍ഷങ്ങള്‍ക്കു ശേഷം മുംബൈയിലെ വാംഖഡെയില്‍ ടെസ്റ്റിലും ഇന്ത്യന്‍ ടീം തോല്‍വിയേറ്റുവാങ്ങി.

ചരിത്രത്തിലാദ്യമായ നാട്ടില്‍ ഇന്ത്യന്‍ ടീം ഒരു ടെസ്റ്റ് പരമ്പരയില്‍ തൂത്തുവാരപ്പെട്ടതും ഗംഭീറിന്റെ കീഴില്‍ തന്നെ. ഇപ്പോഴിതാ 13 വര്‍ഷങ്ങള്‍ക്കു ശേഷം മെല്‍ബണില്‍ ഒരു ടെസ്റ്റും ഇന്ത്യന്‍ ടീം തോറ്റിരിക്കുകയയാണ്. ഇന്ത്യന്‍ കോച്ചായി ഒരു വര്‍ഷം പോലും തികയുന്നതിനു മുമ്പാണ് ഗംഭീറിനു കീഴില്‍ ഇത്രയും ദുരന്തങ്ങള്‍ ടീമിനു സംഭവിച്ചത്.
ഗംഭീര്‍ തെറിക്കുമോ?
ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ തൂത്തുവാരപ്പെട്ടതിനു ശേഷമാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍ ഓസ്‌ട്രേലിയയുമായി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റുമുട്ടുന്നത്. കിവികള്‍ക്കെതിരായ ദുരന്തം ഗംഭീറിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കിയിരുന്നു.
ഇപ്പോള്‍ ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയും കൈവിട്ടേക്കുമെന്ന ഭീതിയിലാണ് ഇന്ത്യന്‍ ടീമുള്ളത്. സിഡ്‌നിയിലെ അവസാന ടെസ്റ്റില്‍ ജയിച്ച് പരമ്പര 2-2ന് സമനിലയിലാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ നിലവിലെ അവകാശികളെന്ന നിലയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്കു നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലെയും പ്രകടനം നോക്കിയാല്‍ ഇന്ത്യക്കു സിഡ്‌നിയില്‍ ജയിക്കാന്‍ സാധിക്കുമോയെന്ന കാര്യം സംശയമാണ്.