നീണ്ട 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നാലാമത് ഫിഫ ലോകകപ്പ് ബ്രസീലില്‍ അരങ്ങേറിയത്. രണ്ടാം ലോക മഹായുദ്ധം കാരണമാണ് തുടര്‍ച്ചയായ മൂന്നു ലോകകപ്പുകള്‍ക്കു ശേഷം ഒരിടവേള നാലാം ലോകകപ്പിന് വേണ്ടിവന്നത്. ലോക മഹായുദ്ധം കാരണം 1942, 1946 വര്‍ഷങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ച ഫിഫ ലോകകപ്പുകളാണ് നടക്കാതെ പോയത്. ലോക മഹായുദ്ധത്തിനു മുമ്പ് 1938ല്‍ ഫ്രാന്‍സിലായിരുന്നു മൂന്നാം ലോകകപ്പ് നടന്നത്. 1950ല്‍ നടന്ന നാലാം ലോകകപ്പിന് ബ്രസീലാണ് ആതിഥേയത്വം വഹിച്ചത്. ഈ ലോകകപ്പിലേക്ക് ഏഷ്യയില്‍നിന്ന് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് യോഗ്യത ലഭിച്ചിരുന്നു. ഏഷ്യയിലെ മറ്റ് മൂന്ന് രാജ്യങ്ങള്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് ഫൈനല്‍ റൗണ്ടിലേക്ക് ഇന്ത്യക്ക് നേരിട്ട് യോഗ്യത ലഭിച്ചത്. നിലവിലെ ചാംപ്യന്‍മാരായ ഇറ്റലി, സ്വീഡന്‍, പരാഗ്വേ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യ മല്‍സരിക്കേണ്ടിയിരുന്നത്. എന്നാല്‍, സാങ്കേതികമായ കാരണങ്ങള്‍ പറഞ്ഞ് അവസാന നിമിഷം ഇന്ത്യ ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പിന്‍മാറുകയായിരുന്നു. കളിക്കാര്‍ക്ക് നഗ്നപാദരായി കളിക്കാനുള്ള അനുവാദം ഫിഫ കൊടുക്കാത്തതും യാത്ര ചിലവിന്റെയും മറ്റു പ്രശ്‌നങ്ങളുമാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി യോഗ്യത ലഭിച്ച ലോകകപ്പില്‍ നിന്ന് പിന്‍മാറാന്‍ കാരണം. അതിനു ശേഷം 100 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യക്ക് ഇതുവരെ ഫിഫ ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ല.
ഇന്ത്യക്കു പുറമേ ഫ്രാന്‍സ്, തുര്‍ക്കി, സ്‌കോട്ട്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് നിര്‍ണയം ഉള്‍പ്പെടെ കഴിഞ്ഞതിനു ശേഷം പല കാരണങ്ങളാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയത്, ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യോഗ്യതാ മല്‍സരങ്ങള്‍ക്ക് ശേഷം അര്‍ജന്റീന പിന്‍മാറിയ ലോകകപ്പ് കൂടിയായിരുന്നു 1950ലേത്.

ഉറുഗ്വേയുടെ തിരിച്ചുവരവ്.... ബ്രസീലിന്റെ കണ്ണീര്...
യുദ്ധങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയപരവും അല്ലാതെയുമായ കാരണങ്ങള്‍ കൊണ്ടുള്ള പിന്‍മാറ്റങ്ങളാല്‍ ശ്രദ്ധേയമായ ലോകകപ്പിന് കൂടിയായിരുന്നു 1950ല്‍ ബ്രസീല്‍ ആതിഥേയത്വം വഹിച്ചത്. 13 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ആറ് വേദികളിലായാണ് മല്‍സരങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ മൂന്ന് ലോകകപ്പിനെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മല്‍സരം നേരിട്ട് വീക്ഷിച്ച ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്. 10,45,246 ആളുകളാണ് ബ്രസീല്‍ ലോകകപ്പ് മല്‍സരങ്ങള്‍ നേരിട്ട് വീക്ഷിക്കാന്‍ ഗാലറിയിലെത്തിയത്.
ബ്രസീലിന് മറക്കാനാവാത്ത ലോകകപ്പ് കൂടിയായിരുന്നു ഇത്. മാരക്കാന ദുരന്തം എന്ന പേരിലാണ് ബ്രസീല്‍ ലോകകപ്പ് അറിയപ്പെടുകയെങ്കിലും പ്രഥമ ലോക ചാംപ്യന്‍മാരായ ഉറുഗ്വേയുടെ തിരിച്ചുവരവ് കൂടിയായിരുന്നു 1950ലേത്. 1934, 1938 ലോകകപ്പുകള്‍ രാഷ്ട്രീയപരമായ കാരണങ്ങളാല്‍ ഉറുഗ്വേ ബഹിഷ്‌കരിച്ചിരുന്നു. പങ്കെടുത്ത രണ്ടാമത്തെ ടൂര്‍ണമെന്റിലും ലോക കിരീടം നേടിയാണ് ഉറുഗ്വേ ഞെട്ടിച്ചത്. ടൂര്‍ണമെന്റില്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ മികച്ച ഫോമില്‍ കളിച്ചിരുന്ന ബ്രസീല്‍ കലാശപ്പോരാട്ടത്തില്‍ ഉറുഗ്വേയ്ക്കു മുന്നില്‍ പരാജയം സമ്മതിക്കുകയായിരുന്നു. 65ാം മിനിറ്റ് വരെ കളിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്നതിനു ശേഷമാണ് രണ്ട് ഗോളുകള്‍ വഴങ്ങി ബ്രസീല്‍ അന്ന് കന്നിക്കിരീട മോഹം ഉറുഗ്വേയ്ക്കു മുന്നില്‍ അടിയറവ് വച്ചത്.

ഫൈനല്‍ കാണാന്‍ രണ്ട് ലക്ഷത്തോളം ആരാധകരാണ് റിയോ ഡി ജനെയ്‌റോയിലെ മാരക്കാന സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. അതില്‍ സ്വന്തം തട്ടകത്തില്‍ ബ്രസീല്‍ കന്നിക്കിരീടം നേടുന്നത് കാണാന്‍ വന്നവരായിരുന്നു ഭൂരിഭാഗവും. ഫൈനലില്‍ ഉറുഗ്വേയ്‌ക്കെതിരേ സമനില നേടിയാല്‍ തന്നെ ബ്രസീലിന് ലോക ചാംപ്യന്‍മാരാവാന്‍ കഴിയുമായിരുന്നു. കാരണം, സ്‌പെയിനിനെതിരേയും സ്വീഡനെതിരേയും അതിനു മുന്‍പ് നേടിയ വന്‍ വിജയമായിരുന്നു അന്ന് ഫൈനലില്‍ കിരീടം നേടാന്‍ സമനില മതിയെന്ന സാഹചര്യം ബ്രസീലിന് ഉണ്ടാക്കി കൊടുത്തത്.
പക്ഷേ, സ്വന്തം തട്ടകത്തില്‍ കളി തീരാന്‍ 11 മിനിറ്റ് ബാക്കിനില്‍ക്കേ കിരീടം കൈവിട്ടതോടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ബ്രസീലിന്റെ തോല്‍വി മാരക്കാന ദുരന്തമായി മാറുകയായിരുന്നു. 48 താരങ്ങളില്‍ നിന്നായി 88 ഗോളുകളാണ് ടൂര്‍ണമെന്റില്‍ പിറന്നത്. അതില്‍ ബ്രസീലിന്റെ ജോസ് പറ മാര്‍ട്ടിനെസിന്റെ സെല്‍ഫ് ഗോളും ഉള്‍പ്പെടും. എട്ടു ഗോള്‍ നേടിയ ബ്രസീലിന്റെ അഡമിര്‍ മാര്‍ക്വസ് ഡി മെനസസാണ് ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍.