For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെല്‍സിയുടെ മിഡ്ഫീല്‍ഡില്‍ നിന്ന് കാന്റെയെ ആര് റാഞ്ചും ? മെസിയോ എംബാപെയോ ?

വിപുൽനാഥ്

വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമായ വിപുൽനാഥ് മലയാളത്തിലെ ശ്രദ്ധേയരായ സ്പോർട്സ് ജേർണലിസ്റ്റുകളിൽ ഒരാളാണ്.

ലോകകപ്പില്‍ ഫ്രാന്‍സ് കപ്പിലേക്ക് ഓരോ പടി അടുക്കുമ്പോഴും കളത്തിലും ഡ്രസിംഗ് റൂമിലും ഹോട്ടലിലുമായി ഒരു ട്രാന്‍സ്ഫര്‍ ചര്‍ച്ച രഹസ്യമായി നടക്കുന്നുണ്ടായിരുന്നു. അതിവേഗ നീക്കങ്ങളുമായി ഫ്രാന്‍സിന്റെ മുന്നേറ്റ നിരയില്‍ തിളങ്ങിയ കിലിയന്‍ എംബാപെയാണ് ഇവിടെ ഏജന്റിന്റെ പണിയെടുത്തത്. അദ്ദേഹം കളിക്കുന്ന പി എസ് ജി ക്ലബ്ബിനായിട്ട്.

ലക്ഷ്യം ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡര്‍ എന്‍ഗോലോ കാന്റെ. ചെല്‍സിയില്‍ നിന്ന് കാന്റെയോട് പി എസ് ജിയിലേക്ക് പോരാന്‍ എംബാപെ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. പ്രധാനമായും ലോകകപ്പ് മത്സരത്തിനിടെ ആയിരുന്നത്രെ എംബാപെ സുഹൃത്തായ കാന്റെയോട് ഇക്കാര്യം ഓര്‍മിപ്പിച്ചു കൊണ്ടിരുന്നത്. ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് എംബാപെ ഇതേക്കുറിച്ച് സംസാരിച്ചത്. അതേ, സത്യമാണ്. പി എസ് ജി പ്രസിഡന്റ് എന്നോട് കാന്റെയുടെ ട്രാന്‍സ്ഫറിനെ കുറിച്ച് സംസാരിക്കുകയും ഉത്തരവാദിത്വപ്പെടുത്തുകയും ചെയ്തു-എംബാപെ വ്യക്തമാക്കുന്നു.

kante

ലോകകപ്പില്‍ അര്‍ജന്റീനക്കെതിരായ പ്രകടനമാണ് കാന്റെയുടെ മികച്ചത്. ഫുട്‌ബോളിലെ വിസ്മയമായ ലയണല്‍ മെസിയെ പിടിച്ചുകെട്ടിയ പ്രകടനം. തന്റെ ഹാഫില്‍ ആരുടെ കാലില്‍ പന്തെത്തിയാലും കാന്റെ അത് റാഞ്ചും. ഫൗളാകാത്ത രീതിയില്‍, അതീവ ജാഗ്രതയോടെ, കൃത്യതയോടെ കാന്റെ ടാക്കിള്‍ ചെയ്യും. അദ്ദേഹത്തിന്റെ ടാക്കിളിനെക്കാള്‍ കണ്ണിന് വിരുന്ന് ഇന്റര്‍സെപ്ഷനുകളാണ്. ഗ്രൗണ്ടില്‍ കാന്റെക്ക് അദൃശ്യനാകാനുള്ള കഴിവുണ്ടെന്നാണ് ചെല്‍സിയിലെ സഹതാരമായ എദെന്‍ ഹസാദ് ഒരിക്കല്‍ പറഞ്ഞത്. മാര്‍ക്ക് ചെയ്ത താരത്തിന്റെ പിറകില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്ന കാന്റെ പെട്ടെന്ന് അപ്രത്യക്ഷനാവുകയും ആ താരത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. പുറം തിരിഞ്ഞു നിന്ന് പന്ത് സ്വീകരിക്കാന്‍ ബാലന്‍സ് ചെയ്യുന്ന എതിര്‍ താരത്തെ കബളിപ്പിച്ച് കാന്റെ പന്തെടുക്കും. ആ പന്ത് പെട്ടെന്ന്, ഏറ്റവും അറ്റാക്കിംഗ് സാധ്യതയോടെ നില്‍ക്കുന്ന താരത്തിലേക്ക് ഫീഡ് ചെയ്യും. ഇതോടെ, കാന്റെയുടെ ടീമിന്റെ മുന്നേറ്റ നിര പുതിയൊരു അറ്റാക്കിംഗിന് സജ്ജമാകും.


ലോകകപ്പില്‍ തന്നെ നോക്കൂ. കാന്റെയില്‍ നിന്ന് പന്ത് പോഗ്ബയിലേക്കോ, മറ്റിയൂഡിയിലേക്കോ പോകും. അല്ലെങ്കില്‍ ഗ്രിസ്മാനിലേക്ക്. കാന്റെക്ക് ഇത്രയേ ചെയ്യേണ്ടതുള്ളൂ. പന്ത് എതിരാളിയുടെ കാലില്‍ നിന്ന് തട്ടിപ്പറിക്കുക. കാന്റെ കളിക്കുകയാണെങ്കില്‍ ആ ടീമിന് പന്ത്രണ്ട് പേരുടെ ഫലം ലഭിക്കുമെന്ന് പറഞ്ഞത് ലെസ്റ്റര്‍ സിറ്റിയില്‍ കാന്റെയുടെ പരിശീലകനായിരുന്ന ക്ലോഡിയോ റാനിയേരിയാണ്.

mbappe

ഫ്രാന്‍സിന്റെ മുന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ക്ലോഡ് മകലെലെയുടെ തനി പതിപ്പാണ് കാന്റെ. ഫുട്‌ബോളില്‍ മകലെലെ പൊസിഷന്‍ എന്ന പ്രയോഗം തന്നെ പിന്നീടുണ്ടായത് പോലെ ഇപ്പോള്‍ കാന്റെ പൊസിഷനും ഉണ്ട്. ചിലന്തിയെ പോലെ ഇരകളെ തന്റെ പശിമയുള്ള നൂല്‍ വലയിലേക്ക് ആകര്‍ഷിച്ച് കുരുക്കുന്ന മകലെലെ റയല്‍ മാഡ്രിഡിന്റെ ഗലാറ്റിക്കോസിലുണ്ടായിരുന്നു.

സാക്ഷാല്‍ സിദാന്‍ പറഞ്ഞിട്ടുണ്ട്, മകലെലെയുടെ കാലുകളിലായിരുന്നു തന്റെ ടീമിന്റെ ഭാഗധേയം. ഇവിടെ കിലിയന്‍ എംബാപെയും ട്രാന്‍സ്ഫര്‍ നീക്കത്തിലൂടെ ഇക്കാര്യം പറയാതെ പറയുന്നു. ഫ്രാന്‍സിന്റെ ഡിഫന്‍സിനും മിഡ്ഫീല്‍ഡിനും ഇടയില്‍ നെടുംതൂണായി നിന്ന കാന്റെ ചില്ലറക്കാരനല്ലെന്ന് എംബാപെ തിരിച്ചറിയുന്നു.

ദിദിയര്‍ ദെഷാംസിന്റെ ടീമില്‍ കാന്റെ ഒരു അദൃശ്യ പോരാളിയായിരുന്നു. ഗ്രിസ്മാനും കിലിയന്‍ എംബാപെയും ഒലിവര്‍ ജിറൂദും സധൈര്യം എതിര്‍ഹാഫിലേക്ക് കയറിക്കളിച്ചത് ഹാഫ് ലൈനില്‍ ഏത് പന്തും കാന്റെ ക്ലിയര്‍ ചെയ്യും എന്ന ഉറപ്പുള്ളതു കൊണ്ടാണ്. പോള്‍ പോഗ്ബ മിഡ്ഡില്‍ നിന്ന് ഓടിക്കയറിയത് കാന്റെയെ തന്റെ പൊസിഷനും കൂടി ഏല്‍പ്പിച്ചിട്ടാണ്. പക്ഷേ, ഈ ലോകകപ്പില്‍ കാന്റെ അയാളുടെ പ്രതിഭയുടെ പൂര്‍ണത പ്രദര്‍ശിപ്പിച്ചിട്ടില്ല. എണ്‍പത് ശതമാനം മാത്രം. ഫൈനലില്‍ കാന്റെയുടെ യഥാര്‍ഥ മികവിന്റെ അറുപത് ശതമാനം മാത്രമായിരുന്നു ഗ്രൗണ്ടില്‍ കണ്ടത്.

ക്രൊയേഷ്യക്കായി പെരിസിച് മടക്കിയ ആ ഗോള്‍ ഇത് അടിവരയിടുന്നു. കാന്റെയുടെ മുന്നില്‍ വീണ പന്താണ് പെരിസിച് വലത് കാല്‍ കൊണ്ട് ഇടത്തേക്ക് കൊളുത്തിയിട്ട് ഇടങ്കാല്‍ കൊണ്ട് വല കുലുക്കിയത്. കാന്റെ ഇങ്ങനെ നിഷ്പ്രഭനായി മാറുന്നത് കണ്ടിട്ടില്ല. എന്താണ്, കാന്റെ ഇത്ര അലസമായി പെരിസിചിനെ കൈകാര്യം ചെയ്തത്. പരുക്കുമായാണോ അയാള്‍ കളിച്ചത്. സാധ്യതയില്ല, ഉണ്ടെങ്കില്‍ ദിദിയര്‍ ദെഷാംസ് ഫൈനല്‍ പോലൊരു നിര്‍ണായക മത്സരത്തില്‍ കളിപ്പിക്കുമായിരുന്നില്ല. അമ്പത്തഞ്ചാം മിനുട്ടില്‍ ദെഷാംസ് കാന്റെയെ പിന്‍വലിക്കുന്നു. അതോടെ സംശയം ബലപ്പെട്ടു. ക്രൊയേഷ്യയുടെ ഉയരക്കാര്‍ക്കിടയില്‍ കാന്റെ മങ്ങിപ്പോയതാകാം എന്നാണ് ആദ്യം വിലയിരുത്തപ്പെട്ടത്. പക്ഷേ, പിന്നീട് കാരണം വ്യക്തമായി.ഭക്ഷ്യവിഷബാധയേറ്റ് അദ്ദേഹത്തിന്റെ വയറാകെ തകരാറായിരുന്നത്രെ. എന്നിട്ടും ദെഷാംസ് അയാളെ ആദ്യ ലൈനപ്പില്‍ കളിപ്പിച്ചത് വലിയൊരു ചൂതാട്ടമായിരുന്നു. ഗ്രൗണ്ടില്‍ ഓടിക്കളിക്കുന്ന കാന്റെയോട് പതിയെ കളിച്ചാല്‍ മതിയെന്ന് ദെഷാംസ് പറഞ്ഞിട്ടുണ്ടാകും. അതാണ്, കാന്റെ ലുഷ്‌നികിയിലെ കലാശക്കളിയില്‍ മങ്ങിയത് പോലെ നമുക്ക് അനുഭവപ്പെട്ടത്.

അര്‍ജന്റീനയുമായുള്ള കളിയില്‍ മെസിയെ ഫ്രാന്‍സ് പൂട്ടിയത് പന്തിന്റെ വരവും പോക്കും റദ്ദാക്കിക്കൊണ്ടാണ്. കാന്റെയുടെ അദൃശ്യപ്രവര്‍ത്തനം മെസിയെ അസ്വസ്ഥനാക്കി, മിനുട്ടുകള്‍ കഴിയും തോറും മെസിയുടെ മുഖം ചുവന്നു. കാന്റെയുടെ എനര്‍ജറ്റിക് പെര്‍ഫോമന്‍സ് ടിവിയില്‍ കളി കാണുന്നവര്‍ക്ക് ആസ്യദിക്കാനാകില്ല. ക്യാമറ എപ്പോഴും ഗോള്‍ മുഖത്തേക്ക് പന്തുമായി കുതിക്കുന്ന വിംഗര്‍മാരുടെ കൂടെയോ, ബോക്‌സിനകത്ത് കുതിച്ചെത്തി ഗോളടിക്കുന്ന സൂപ്പര്‍ സ്‌െ്രെടക്കറുടെ നേരെയോ ആകും.

പന്ത് റീഗെയിന്‍ ചെയ്യുന്നത് അത്ര ആകര്‍ഷകമായ കാര്യമല്ല. ഫുട്‌ബോളില്‍ അത് പക്ഷേ, ടെക്‌നിക്കലി ഹൈ പെര്‍ഫോമന്‍സാണ്. ഗ്രൗണ്ട് മുഴുവന്‍ കണ്‍മുന്നിലുണ്ടെങ്കിലേ നമുക്ക് ഇന്റര്‍സെപ്ഷന്‍സുകള്‍ ആസ്യദിക്കാന്‍ സാധിക്കൂ. കാന്റെയുടെ പ്രകടനം മെസിയെ അങ്ങേയറ്റം ആകര്‍ഷിച്ചു. കാരണം, കാന്റെയെ ടീമിലെത്തിക്കാന്‍ ബാഴ്‌സയോട് മെസി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് വന്നു.

ചെല്‍സിയില്‍ നിന്ന് കാന്റെയെ ബാഴ്‌സ റാഞ്ചിയാല്‍ മെസിക്ക് വരാനിരിക്കുന്ന ക്ലബ്ബ് സീസണില്‍ വീണ്ടും ഉയരങ്ങള്‍ കീഴടക്കാം. പക്ഷേ, ബാഴ്‌സയും റയലുമൊന്നും കാന്റെയെ കൊണ്ടു പോകില്ലെന്ന സൂചനയാണ് എംബാപെ നല്‍കുന്നത്.


ലോക കപ്പ് നേടിയ ഫ്രാന്‍സ് കളിക്കാര്‍ ട്രോഫിയുമായി അര്‍മാദിക്കുമ്പോള്‍ കാന്റെ അതെല്ലാം കണ്ട് മാറി നില്‍ക്കുകയായിരുന്നു. കപ്പുമായി ഫോട്ടോഗ്രഫര്‍മാര്‍ക്ക് മുന്നില്‍ ചിരിച്ച് നില്‍ക്കാനെല്ലാം കാന്റെക്ക് മടിയാണ്. ഒരു വേദിയിലും ആളാകാന്‍ കാന്റെയെ കിട്ടില്ല. അവിടെയും അയാള്‍ ആ അദൃശ്യനാകാനുള്ള കഴിവ് ഉപയോഗിക്കും ! ലുഷ്‌നികിയില്‍ ആഘോഷങ്ങളില്‍ നിന്ന് അദൃശ്യനായി നിന്ന കാന്റെയെ നമ്മള്‍ കണ്ടില്ലേ.


fifa


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിപ്ലവം സൃഷ്ടിച്ച് ലെസ്റ്റര്‍ സിറ്റി ചാമ്പ്യന്‍മാരായ 2015-2016കാലം കാന്റെയുടെ വരവറിയിക്കലായി മാറി. ക്ലോഡിയോ റാനിയേരി എന്ന പരിശീലകന് കീഴില്‍ ലെസ്റ്റര്‍ സിറ്റി അത്ഭുതക്കുതിപ്പ് നടത്തി. ജാമി വര്‍ഡിയും റിയാദ് മഹ്‌റെസും ലെസ്റ്ററിന്റെ താരോദയങ്ങളായി. പക്ഷേ, പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലെസ്റ്ററില്‍ നിന്ന് എന്‍ഗാലോ കാന്റെ എന്ന സൂപ്പര്‍ മി്ഡ്ഫീല്‍ഡറെയാണ് ചെല്‍സി വലിയ കാശിന് റാഞ്ചിയത്.

അടുത്ത സീസണില്‍ വര്‍ഡിയും മഹ്‌റെസും കളിച്ചിട്ടും ലെസ്റ്റര്‍ സിറ്റി താഴേക്ക് പോയി. ചെല്‍സി പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായി. എന്‍ഗാലോ കാന്റെ തുടരെ രണ്ടാം വര്‍ഷവും പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ ! ഫ്രഞ്ച് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ പ്രീമിയര്‍ ലീഗിലെ മികച്ച താരമായി. എറിക് കന്റോനക്ക് ശേഷം രണ്ട് ക്ലബ്ബുകളിലായി തുടരെ ലീഗ് ചാമ്പ്യനാകുന്ന ആദ്യ പ്ലെയര്‍.

Story first published: Wednesday, July 25, 2018, 9:39 [IST]
Other articles published on Jul 25, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+