ന്യൂഡല്‍ഹി: വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് അഭിമാന നേട്ടം സമ്മാനിച്ച് നിഖാത്ത് സെറീന്‍. 50 കിലോഗ്രാമില്‍ മത്സരിച്ച നിഖാത്ത് വിയറ്റ്‌നാമിന്റെ എന്‍ഗ്യൂയന്‍ തി ടാമിനെ തോല്‍പ്പിച്ചാണ് സ്വര്‍ണ്ണ മെഡല്‍ നേടിയത്. 26കാരിയായ താരത്തിന്റെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ തുടര്‍ച്ചയായ രണ്ടാമത്തെ മെഡലാണിത്.

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ട് സ്വര്‍ണ്ണമെന്ന മേരികോമിന്റെ റെക്കോഡിനൊപ്പമെത്താനും നിഖാത്തിന് സാധിച്ചു. 28-27, 28-27, 28-27, 29-26, 28-27 എന്ന സ്‌കോറിനായിരുന്നു നിഖാത്തിന്റെ ജയം. കഴിഞ്ഞ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാമില്‍ മത്സരിച്ചാണ് നിഖാത്ത് സ്വര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്. ഇത്തവണത്തെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണ്ണ മെഡലാണിത്. നീതു ഗംഗാസും സ്വീതി ബറോവയുമാണ് നേരത്തെ ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയത്.

വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി സ്വര്‍ണ്ണ മെഡല്‍ നേടുന്ന എട്ടാമത്തെ താരമാണ് നിഖാത്ത്. ഇന്ത്യയുടെ 12ാമത്തെ സ്വര്‍ണ്ണ മെഡല്‍ നേട്ടമാണിത്. 2002, 2005, 2006, 2008, 2010, 2018ല്‍ മേരികോം ഇന്ത്യക്കായി സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. 2006ല്‍ സരിതാ ദേവിയും ജെന്നി ആര്‍ എല്ലും ലേഖ സിയും നിഖാത്ത് സെറീനുമാണ് സ്വര്‍ണ്ണ മെഡല്‍ നേടിയ മറ്റ് ഇന്ത്യക്കാര്‍. ഇത്തവണ നീതുവും സ്വീതിയും ഇപ്പോള്‍ വീണ്ടും നിഖാത്തും ഇന്ത്യക്ക് സ്വര്‍ണ്ണ മെഡല്‍ നേട്ടം സമ്മാനിച്ചിരിക്കുകയാണ്.
ഇതിന് മുമ്പും ഇന്ത്യക്ക് അഭിമാന നേട്ടങ്ങള്‍ നിഖാത്ത് സമ്മാനിച്ചിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും ലോക ജൂനിയര്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും നേടിയിട്ടുണ്ട്. താരത്തിന്റെ കരിയറിലെ ആറാമത്തെ മെഡല്‍ നേട്ടമാണിത്.