ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സുവര്‍ണ്ണ നേട്ടവുമായി ഇന്ത്യയുടെ നീതു ഗംഗാസ്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിലാണ് നീതു അഭിമാന മെഡല്‍ നേടിയെടുത്തത്. ഫൈനലില്‍ മംഗോളിയന്‍ താരത്തെ 5-0ന് തോല്‍പ്പിച്ചാണ് നീതുവിന്റെ സ്വര്‍ണ്ണ മെഡല്‍ നേട്ടം. ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആറാമത്തെ വനിതയാണ് നീതു. സെമി ഫൈനലില്‍ കസാക്കിസ്ഥാന്‍ അലൗവ ബാല്‍ക്കിബെക്കോവയെ തോല്‍പ്പിച്ചാണ് നീതു ഫൈനലില്‍ പ്രവേശിച്ചത്.

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ 11ാമത്തെ സ്വര്‍ണ്ണ മെഡല്‍ നേട്ടമാണിത്. 2002, 2005, 2006, 2008, 2010, 2018ല്‍ മേരികോം ഇന്ത്യക്കായി സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. 2006ല്‍ സരിതാ ദേവിയും ജെന്നി ആര്‍ എല്ലും ലേഖ സിയും നിഖാത്ത് സെറീനുമാണ് സ്വര്‍ണ്ണ മെഡല്‍ നേടിയ മറ്റ് ഇന്ത്യക്കാര്‍. നീതുവിന്റെ ഇന്നത്തെ മെഡല്‍ നേട്ടം ഇന്ത്യയുടെ ലോക ബോക്‌സിങ് ചരിത്രത്തിലെ 11ാം മെഡലായി മാറുകയായിരുന്നു. ആറ് തവണ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ഏക താരം മേരി കോമാണ്.
ഇതിന് മുമ്പും ഇന്ത്യക്ക് അഭിമാന നേട്ടങ്ങള്‍ സമ്മാനിക്കാന്‍ 22കാരിയായ നീതുവിന് സാധിച്ചിട്ടുണ്ട്. 022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ താരമാണ് നിതു. 2017, 2018 യൂത്ത് ലോക ചാമ്പ്യന്‍ഷിപ്പിലും നിതു ഇന്ത്യക്കായി സ്വര്‍ണ്ണം ഇടിച്ചുനേടിയിട്ടുണ്ട്. പ്രീ ക്വാര്‍ട്ടറില്‍ തജ്കിസ്താന്റെ സുമയ ക്വിസിമോവയെ തോല്‍പ്പിച്ചാണ് നിതു ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടറില്‍ ജപ്പാന്റെ മഡോക്ക വാഡയെ പരാജയപ്പെടുത്തിയതോടെ നീതു ഇന്ത്യക്കായി മെഡല്‍ ഉറപ്പിക്കുകയായിരുന്നു.

ഇന്ത്യ ഇതിനോടകം മൂന്ന് വെള്ളി മെഡലുകളും ഉറപ്പിച്ചിട്ടുണ്ട്. 50 കിലോഗ്രാം വിഭാഗത്തില്‍ നിഖാത്ത് സെറീന്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. സെമിയില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയ 5-0ന് തോല്‍പ്പിച്ചാണ് നിഖാത്ത് ഫൈനലില്‍ കടന്നത്. രണ്ട് തവണ വെങ്കല മെഡല്‍ നേടിയ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഇത്തവണഫൈനലില്‍ കടന്നതോടെ ഇന്ത്യ വെള്ളി ഉറപ്പിച്ചിരിക്കുകയാണ്. ഇവരുടെയെല്ലാം ഫൈനല്‍ ഇന്ന് നടക്കാനുണ്ട്.