
ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ തിളക്കത്തില്‍ ഇന്ത്യ. നിതു ഗണ്‍ഗസ്് സെമിയിലേക്ക് മുന്നേറിയതോടെയാണ് ഇന്ത്യ അഭിമാന മെഡല്‍ ഉറപ്പിച്ചത്.
48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച നിതു സെമിയില്‍ പ്രവേശിച്ചതോടെ ഇന്ത്യ വെങ്കല മെഡല്‍ ഉറപ്പിക്കുകയായിരുന്നു. ഇത്തവണത്തെ ഇന്ത്യയുടെ ആദ്യത്തെ മെഡല്‍ നേട്ടമാണിത്.
ഹരിയാനക്കാരിയായ ബോക്‌സര്‍ ക്വാര്‍ട്ടറില്‍ ജപ്പാന്റെ മഡോക്ക വാഡയെ പരാജയപ്പെടുത്തിയതോടെയാണ് സെമിയില്‍ പ്രവേശിച്ചതും ഇന്ത്യ മെഡല്‍ ഉറപ്പിച്ചതും.
22കാരിയായ താരം ഇതിന് മുമ്പും ഇന്ത്യക്കായി അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ താരമാണ് നിതു.
2017, 2018 യൂത്ത് ലോക ചാമ്പ്യന്‍ഷിപ്പിലും നിതു ഇന്ത്യക്കായി സ്വര്‍ണ്ണം ഇടിച്ചുനേടിയിട്ടുണ്ട്.
പ്രീ ക്വാര്‍ട്ടറില്‍ തജ്കിസ്താന്റെ സുമയ ക്വിസിമോവയെ തോല്‍പ്പിച്ചാണ് നിതു ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

ഇന്ത്യക്ക് പ്രതീക്ഷ നല്‍കി മറ്റ് ചില താരങ്ങളും മുന്നോട്ട് കുതിച്ചിട്ടുണ്ട്. 75 കിലോഗ്രാം വിഭാഗത്തില്‍ ലോവ്‌ലിന ബോര്‍ഗോഹെയിനും 52 കിലോഗ്രാമില്‍ സാക്ഷി ചൗധരിയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
81 പ്ലസ് വിഭാഗത്തില്‍ നൂപുര്‍ ഷിറോനും സവീതി ബോറ 81 കിലോഗ്രാം വിഭാഗത്തിലും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.
നിലവിലെ ചാമ്പ്യയായ നിഖാത്ത് സെറീനും ക്വാര്‍ട്ടറില്‍ ഇടം നേടിയിട്ടുണ്ട്. 50 കിലോഗ്രാമില്‍ മത്സരിക്കുന്ന നിഖാത്ത് മെക്‌സിക്കോയുടെ ഫാത്തിമ ഹെരീറയെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.