ലോക ക്രിക്കറ്റിലെ ഏറ്റവും നിര്‍ഭാഗ്യവാന്മാരായ ടീം ഏതാണെന്നു ചോദിച്ചാല്‍ അതിനു ഒരു ഉത്തരമേയുള്ളൂ, സൗത്താഫ്രിക്ക എന്നായിരിക്കും അത്. കാരണം അത്രയേറെ തവണയാണ് വലിയ വേദികളില്‍ നിര്‍ഭാഗ്യം അവരെ വേട്ടയാടിയിട്ടുള്ളത്. പല രൂപത്തില്‍ നിര്‍ഭാഗ്യം സൗത്താഫ്രിക്കയെ തേടിയെത്തുകയും കിരീടമില്ലാതെ നിര്‍ണായക ഘട്ടങ്ങളില്‍ പല ടൂര്‍ണമെന്റുകളിലും പുറത്താവുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇത്തവണ ടി20 ലോകകപ്പില്‍ ഇവയെല്ലാം മായ്ച്ചുകളഞ്ഞാണ് എയ്ഡന്‍ മാര്‍ക്രം നയിച്ച സൗത്താഫ്രിക്ക ഫൈനലില്‍ കടന്നത്.
സൗത്താഫ്രിക്ക ഒരു ലോകകപ്പ് ഫൈനല്‍ കളിക്കുന്നതും ഇതാദ്യമാണ്. ഇനി കിരീടവും സൗത്താഫ്രിക്കയ്ക്കു തന്നെ ആവുമെന്നാണ് ചരിത്രം പറയുന്നത്. ഇതിനു പ്രധാന കാരണം നായകന്‍ മാര്‍ക്രം തന്നെയാണ്. ക്യാപ്റ്റന്‍മാരുടെ വിവാഹവും ലോകകപ്പ് വിജയവും തമ്മില്‍ അസാധാരണമായ ഒരു ബന്ധമുണ്ടെന്നു കാണാം. ഇന്ത്യയെ പരാജയപ്പെടുത്തി മാര്‍ക്രം ലോകകപ്പുയര്‍ത്താനുള്ള കാരണവും ഇതു തന്നെയാണ്.

2003ലെ ഏകദിന ലോകകപ്പ് മുതലുള്ള ചരിത്രം നോക്കുകയാണെങ്കില്‍ ടൂര്‍ണമെന്റിന്റെ തൊട്ടുമുമ്പത്തെ വര്‍ഷം വിവാഹിതരായിട്ടുള്ള ക്യാപ്റ്റന്‍മാരാണ് കിരീടം നേടിയിട്ടുള്ളതെന്നു കാണാം. 2002ലായിരുന്നു ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായിരുന്ന റിക്കി പോണ്ടിങ് വിവാഹിതനായത്. തൊട്ടടുത്ത വര്‍ഷം ലോകകപ്പ് ഭാഗ്യവും അദ്ദേഹത്തെ തേടിയെത്തി. 2003ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് പോണ്ടിങ് നയിച്ച ഓസീസ് കിരീടം ചൂടി.
2010ലായിരുന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി മിന്നുകെട്ടിയത്. സാക്ഷിയുമായുള്ള വിവാഹശേഷം തൊട്ടടുത്ത വര്‍ഷം ധോണി ലോകകപ്പിലും മുത്തമിട്ടു. മുംബൈയില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ തുരത്തിയാണ് ഏകദിന ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായത്. 1983നു ശേഷം ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് വിജയവും കൂടിയായിരുന്നു ഇത്.
ക്യാപ്റ്റന്‍മാരുടെ വിവാഹവും ലോകകപ്പ് നേട്ടവും തമ്മിലുള്ള ബന്ധം പിന്നെയും ആവര്‍ത്തിച്ചു. 2018ലാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനായ ഒയ്ന്‍ മോര്‍ഗന്‍ മിന്നുകെട്ടിയത്. 2019ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ കിരീടവും അദ്ദേഹത്തെ തേടിയെത്തി. ടൈയിലേക്കും തുടര്‍ന്നു സൂപ്പര്‍ ഓവറിലേക്കും നീണ്ട ത്രില്ലിങ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ വീഴ്ത്തിയായിരുന്നു ഇംഗ്ലണ്ടിന്റെ കിരീടധാരണം.

ഏറ്റവും അവസാനമായി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സും ചരിത്രമാവര്‍ത്തിച്ചു. 2022ലായിരുന്നു കമ്മിന്‍സ് വിവാഹിതനായത്. പിന്നാലെ കിരീടവും അദ്ദേഹത്തെ തേടിയെത്തി. 2023ലെ ഏകദിന ലോകകപ്പില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ മുന്നേറിയ ഇന്ത്യയെ വീഴ്ത്തി കമ്മിന്‍സ് നയിച്ച ഓസീസ് ലോകകപ്പ് നേടുകയായിരുന്നു.
വിവാഹശേഷം തൊട്ടടുത്ത വര്‍ഷം ലോകകപ്പ് നേടുന്ന അടുത്ത ക്യാപ്റ്റനായി മാര്‍ക്രം മാറുമോയെന്നാണ് ഇനി അറിയാനുള്ളത്. ചരിത്രമാവര്‍ത്തിച്ചാല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു ഒരിക്കല്‍ക്കൂടി കരയേണ്ടി വരും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ടു ഐസിസി ട്രോഫികളാണ് രോഹിത്തിനു കൈയെത്തുംദൂരത്തു നഷ്ടമായത്.
കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ കളിച്ചിരുന്നു. പക്ഷെ ഓസ്‌ട്രേലിയക്കു മുന്നില്‍ കിരീടം അടിയറവയ്ക്കുകയായിരുന്നു. അതിനു ശേഷമാണ് ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നാട്ടില്‍ ഏകദിന ലോകകപ്പും നടന്നത്. വീണ്ടും ഓസീസിനു മുന്നില്‍ കീഴടങ്ങാനായിരുന്നു ഇന്ത്യയുടെ വിധി.