ഇന്ത്യന്‍ ക്രിക്കറ്റില്‍ സഞ്ജു സാംസണിനു പ്രതീക്ഷിച്ച ഉയരങ്ങളിലേക്കു ഇനിയും എത്താന്‍ കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഹോക്കി ഗോള്‍കീപ്പറും മറ്റൊരു മലയാളി താരവുവായ പിആര്‍ ശ്രീജേഷ്. അടുത്തിടെ സമാപിച്ച പാരീസ് ഒളിംിക്‌സില്‍ വെങ്കല മെഡല്‍ ചൂടിയ ദേശീയ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഒളിംപിക്‌സിനു ശേഷം ഹോക്കിയില്‍ നിന്നും ശ്രീജേഷ് വിരമിക്കുകയും ചെയ്തിരുന്നു. സ്‌പോര്‍ട്‌സ് നെക്‌സ്റ്റിനു (Sports Next) നല്‍കിയ അഭിമുഖത്തിലാണ് സഞ്ജുവിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.
നിലവിലെ ഇന്ത്യന്‍ കായിക താരങ്ങളില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള രണ്ടു മലയാളി താരങ്ങളാണ് സഞ്ജുവും ശ്രീജേഷും. അന്താരാഷ്ട്ര കരിയറെടുത്താല്‍ സഞ്ജുവിനേക്കാള്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള താരമാണ് ശ്രീജേഷെന്നു നിസംശയം പറയാം. ദീര്‍ഘകാലം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍മുഖത്ത് സ്ഥിരസാന്നിധ്യമായിരുന്ന അദ്ദേഹം ക്യാപ്റ്റന്‍സി പദവിയും അലങ്കരിച്ചിട്ടുണ്ട്.

സഞ്ജു ഉയരങ്ങളിലെത്തുമോ?
സഞ്ജു സാംസണ്‍ വളരെയധികം എളിമയുള്ള താരമാണെന്നാണ് പിആര്‍ ശ്രീജേഷ് പറയുന്നത്. സഞ്ജു വളരെ വിനയമുള്ള വ്യക്തിയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ഞങ്ങളെ സംബന്ധിച്ച് ഇതു വളരെയധികം അഭിമാനം നല്‍കുന്ന കാര്യമാണ്.
പക്ഷെ നിര്‍ഭാഗ്യവശാല്‍ കരിയറില്‍ പ്രതീക്ഷിച്ച ഉയരങ്ങളിലേക്കു എത്തിച്ചേരാന്‍ സഞ്ജുവിനു സാധിച്ചിട്ടില്ലെന്നു എനിക്കു തോന്നിയിട്ടുണ്ട്. അദ്ദേഹം അതു അര്‍ഹിക്കുകയും ചെയ്യുന്നു. പക്ഷെ ഒരു ദിവസം അദ്ദേഹം അവിടെ എത്തുക തന്നെ ചെയ്യും. ഇതു എനിക്കു എല്ലായ്‌പ്പോഴും അറിയുമെന്നും ശ്രീജേഷ് വ്യക്തമാക്കി.
സഞ്ജു അന്നു ചോദിച്ചത് ഈ കാര്യം
വളരെയധികം ജോളിയായിട്ടുള്ള വ്യക്തിത്വമാണ് സഞ്ജു സാംസണിന്റേതെന്നു പിആര്‍ ശ്രീജേഷ് അഭിപ്രായപ്പെട്ടു. എല്ലായ്‌പ്പോഴും വളരെ ജോളിയായി മാത്രമേ സഞ്ജുവിനെ നമുക്കു കാണാന്‍ കാണാന്‍ സാധിക്കുകയുള്ളൂ. കേരളാ ടീമിനു വേണ്ടി അദ്ദേഹം തയ്യാറെടുക്കവെ ഒരു പരിശീലന ക്യാംപില്‍ വച്ച് ഞങ്ങള്‍ നേരിട്ടു കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.
നിങ്ങള്‍ ഇത്രയും കാലം ഇന്ത്യന്‍ ടീമിനു വേണ്ടി എങ്ങനെ കളിച്ചുവെന്നതായിരുന്നു സഞ്ജു എന്നോടു ചോദിച്ച ആദ്യത്തെ ചോദ്യം. നിങ്ങള്‍ സ്വന്തം ഗെയിം കളിച്ചാല്‍ മാത്രം മതിയെന്നായിരുന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞത്. സഞ്ജു വളരെ ആസ്വദിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. ഐപിഎല്ലില്‍ നോക്കൂ, അവസരം ലഭിക്കുമ്പോള്‍ തന്റെ 100 ശതമാനവും നല്‍കുന്നയാളാണ് സഞ്ജുവെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.

സഞ്ജുവിന്റെ കരിയര്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി 10 വര്‍ഷത്തോളമായെങ്കിലും ഇന്ത്യന്‍ ടീമിനു അകത്തും പുറത്തുമായി തുടരാനാണ് സഞ്ജു സാംസണിന്റെ യോഗം. ടി20, ഏകദിന ഫോര്‍മാറ്റുകളിലാണ് അദ്ദേഹം ദേശീയ ടീമിനായി കളിച്ചിട്ടുള്ളത്. എന്നാല്‍ രണ്ടിലും സഞ്ജുവിന്റെ സ്ഥാനം ഇപ്പോഴും തുലാസിലാണ്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍മാരുടെ അഭാവത്തില്‍ മാത്രമേ അദ്ദേഹത്തിനു ടീമിലേക്കു വിളിയെത്താറുള്ളൂ.
ശ്രീലങ്കയുമായുള്ള ടി20 പരമ്പരയിലാണ് സഞ്ജുവിനെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്. പക്ഷെ രണ്ടിലും അദ്ദേഹം ഡെക്കാവുകയായിരുന്നു. അടുത്ത മാസം ബംഗ്ലാദേശുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയിലാവും ഇനി സഞ്ജുവിനെ കണ്ടേക്കുക. നിലവില്‍ ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് മലയാളി താരം.