ഇന്ത്യന്‍ ബോക്‌സിങിലെ അടുത്ത സൂപ്പര്‍ താരമായി മാറാന്‍ സാധ്യതയുള്ള താരമാണ് നിഷാന്ത് ദേവ്. ഇത്തവണ പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളിലൊരാളാണ് അദ്ദേഹം. 2000 ഡിസംബര്‍ മൂന്നിന് ഹരിയാനയിലെ കര്‍ണാനിലാണ് താരം ജനിച്ചത്. തന്റെ പ്രതിഭ കൊണ്ട് വളരെ വേഗത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സാന്നിധ്യമറിയിക്കാന്‍ നിഷാന്തിനു സാധിച്ചു. 12ാം വയസ്സില്‍ തന്നെ അദ്ദേഹം ബോക്‌സിങിലേക്കു ചുവടുവച്ചിരുന്നു. ഇതിനു പ്രചോദനമായത് ബോക്‌സര്‍ കൂടിയായ അമ്മാവനുമാണ്. നിഷാന്തിനെക്കുറിച്ച് അടുത്തറിയാം.
കര്‍ണാനില്‍ ജനിച്ച താരം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ഒപിഎസ് വിദ്യാമന്ദിറിലായിരുന്നു. തുടര്‍ പഠനം കൗളിലെ ബാബു ആനന്ദ് റാം ജനത കോളേജിലുമായിരുന്നു. ബോക്‌സറാവുന്നതിനു മുമ്പ് സ്‌കേറ്റിങില്‍ ദേശീയ തലത്തില്‍ അംഗീകാരം നേടിയെടുക്കാന്‍ നിഷാന്തിനു സാധിച്ചു. 2012ലാണ് അദ്ദേഹം ബോക്‌സിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അന്താരാഷ്ട്ര തലത്തിലെല്ലാം മല്‍സരിച്ചിട്ടുള്ള അമ്മാവന്റെ പ്രചോദനം കാരണമായിരുന്നു ഇത്.

ആഭ്യന്തര ബോക്‌സിങില്‍ ശ്രദ്ധേയമായ പ്രകടനങ്ങളാണ് നിഷാന്ത് കാഴ്ചവച്ചത്. 2021ല്‍ കര്‍ണാടകയില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ അദ്ദേഹം സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഹരിയാനയില്‍ നടന്ന ദേശീയ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും നിഷാന്തിനു ലഭിച്ചിരുന്നു.
താരത്തിന്റെ വളര്‍ച്ചയില്‍ അച്ഛന്‍ വലിയ പങ്കാണ് വഹിച്ചത്. ദിവസവും പുലര്‍ച്ചെ നാലു മണിക്ക് മകനെ പരിശീലനത്തിനു കൊണ്ടു പോയിരുന്നത് അദ്ദേഹമാണ്. തുടക്കകാലത്തു സുരേന്ദ്ര ചൗഹാനെന്ന കോച്ചിനു കീഴിലാണ് കരണ്‍ സ്‌റ്റേഡിയത്തില്‍ നിഷാന്ത് പരിശീലനം നടത്തിയിരുന്നത്.
2021ല്‍ സെര്‍ബിയയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പാണ് നിഷാന്ത് മല്‍സരിച്ച ആദ്യത്തെ അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പ്. ഈ ചാംപ്യന്‍ഷിപ്പില്‍ താരം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുകയും ചെയ്തു. പരിക്കു കാരണം 2022ലെ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ നിഷാന്തിനു മല്‍സരിക്കാനായില്ല.
കഴിഞ്ഞ വര്‍ഷം താഷ്‌കെന്റില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതോടെയാണ് നിഷാന്ത് കൂടുതല്‍ ശ്രദ്ധേയനായത്. അച്ഛന്‍ ദേവ് പവന്‍ കുമാറും അമ്മ പ്രിയങ്ക ദേവും സഹോദരന്‍ കര്‍ണലുമുള്‍പ്പെട്ടതാണ് നിഷാന്തിന്റെ കുടുംബം.
അദ്ദേഹത്തിന്റെ സമീപകാലത്തെ പ്രകടനങ്ങളിലേക്കു വരികയാണെങ്കില്‍ ലോക ബോക്‌സിങ് ക്വാളിഫയറില്‍ മിന്നുന്ന വിജയം സ്വന്തമാക്കിയിരുന്നു. 71 കിഗ്രാ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാള്‍ഡോവയുടെ വസെലി കെബാട്ടറിയെ 5-0നാണ് ഇന്ത്യന്‍ താരം തകര്‍ത്തുവിട്ടത്. ഈ ജയമാണ് പാരീസ് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ നിഷാന്തിനു യോഗ്യത നേടിക്കൊടുത്തത്. ഒളിംപിക്‌സില്‍ പ്രീക്വാര്‍ട്ടറിലേക്കു അദ്ദേഹം നേരിട്ടു യോഗ്യത നേടിയിട്ടുണ്ട്.