ദില്ലി: ഓഗസ്തില്‍ ജക്കാര്‍ത്തയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ നേട്ടമുണ്ടാക്കാനായി ഇന്ത്യന്‍ ബോക്സര്‍മാര്‍ക്ക് മികച്ച പരിശീലനം നല്‍കും. വെറ്ററന്‍ താരം മേരി കോമിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീം ഇറ്റലിയിലും അയര്‍ലന്‍ഡിലുമാണ് ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി പരിശീലനത്തിനിറങ്ങുന്നത്. വനിതാ ടീം ഇറ്റലിയിലേക്കും പുരുഷ ടീം അയര്‍ലന്‍ഡിലേക്കും പോകുമെന്ന് ബോക്സിങ് ഫെഡറേഷന് അറിയിച്ചു.
ഫിന്‍ലന്‍ഡ്, റൊമാനിയ, ഇറ്റലി തുടങ്ങി രാജ്യങ്ങളിലെ ലോകോത്തര താരങ്ങള്‍ പരിശീലിക്കുന്ന ഒളിമ്പിക്സ് പെര്‍ഫോര്‍മിങ് ട്രെയിനിങ് സെന്റിലാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലനം. മേരി കോം, മോണിക്ക, സുര്ജുബാല ദേവി, പിങ്കി റാണി, മാന മൈസ്നാം, സോണിയ ലാതര്‍, ശശി ചോപ്ര തുടങ്ങിയവര്‍ ഇന്ത്യയുടെ വനിതാ സംഘത്തിലുണ്ട്.
ഐറിഷ് ബോക്സിങ് അക്കാദമിയിലാണ് പരുഷ ടീമിന്റെ പരിശീലനം. ഹിമാംശു ശര്‍മ, ഗൗരവ് സോളങ്കി, സല്മാന് ഷെയ്ഖ്, മദന്‍ ലാല്‍, അങ്കുഷ് ദാഹിയ തുടങ്ങി പത്തിലധികം പുരുഷ താരങ്ങളാണ് അയര്‍ലന്‍ഡിലേക്ക് പോകുന്നത്. ഇവിടങ്ങളില്‍ നടത്തുന്ന പരിശീലനം മറ്റു ടൂര്ണമെന്റിലുകളും ഇന്ത്യയ്ക്ക് തുണയാകുമെന്നാണ് പ്രതീക്ഷ. ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ബോക്സര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. താരങ്ങളുടെ മികവ് വര്‍ധിപ്പിച്ച് ഒളിമ്പിക്സിലും ലോക വേദികളിലും ജേതാക്കളാക്കുകയാണ് ഫെഡറേഷന്റെ ലക്ഷ്യം.