ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കരിയറില്‍ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വലിയൊരു നാണക്കേടിന് അവകാശിയായിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. കരിയറിന്റെ അവസാന ഘട്ടത്തില്‍ നില്‍ക്കവെയാണ് അദ്ദേഹത്തിനു ഇങ്ങനെയൊരു ദുരന്തം സംഭവിച്ചിരിക്കുന്നത്. 21 വര്‍ഷത്തെ ടെസ്റ്റ് കരിയറില്‍ 185 ടെസ്റ്റുകളില്‍ കളിച്ചു കഴിഞ്ഞ ആന്‍ഡേഴ്‌സനോടു മറ്റൊരു ബാറ്ററും കാണിച്ചിട്ടില്ലാത്ത കടന്നാക്രമണമാണ് ഇന്ത്യന്‍ യുവതാരം യശസ്വി ജയ്‌സ്വാള്‍ നടത്തിയത്.
നാലാംദിനം ഒരോവറില്‍ ഹാട്രിക്ക് സിക്‌സറുകള്‍ വാരിക്കൂട്ടിയായിരുന്നു ആന്‍ഡേഴ്‌സനെ ജയ്‌സ്വാള്‍ നാണംകെടുത്തിയത്. ടെസ്റ്റ് കരിയറില്‍ ഇതിനകം പല ഇതിഹാസ ബാറ്റര്‍മാര്‍ക്കെതിരേ പന്തെറിഞ്ഞിട്ടും ഇങ്ങനെയൊരു നാണക്കേട് അദ്ദേഹത്തിനുണ്ടായിട്ടില്ല. പക്ഷെ യുവതാരമായ ജയ്‌സ്വാള്‍ ആന്‍ഡേഴ്‌സനെ തല്ലിച്ചതയ്ക്കുകയായിരുന്നു.

ഇന്ത്യയുടെ രണ്ടാമിന്നിങ്‌സിലെ 85ാമത്തെ ഓവറിലായിരുന്നു സംഭവം. ഓവറിലെ ആദ്യത്തെ ബോള്‍ നേരിട്ടത് ജയ്‌സ്വാളാണ്. പക്ഷെ റണ്ണൊന്നുമില്ല. അടുത്ത ബോള്‍ അദ്ദേഹം സിക്‌സറിലേക്കു പറത്തുകയായിരുന്നു. മിഡില്‍ സ്റ്റംപിനു നേരെ ഒരു താഴ്ന്ന ഫുള്‍ ടോസായിരുന്നു ആന്‍ഡേഴ്‌സന്‍ പരീക്ഷിച്ചത്. സ്വീപ്പ് ചെയ്ത ജയ്‌സ്വാള്‍ ബോളിനെ ഡീപ്പ് സ്‌ക്വയര്‍ ലെഗിനു മുകലിലൂടെ സിക്‌സറിലേക്കു പറത്തുകയായിരുന്നു.
ജെയിംസ് ആന്‍ഡേഴ്‌സനെതിരേ ജയ്‌സ്വാള്‍ ഹാട്രിക് സിക്‌സറുകളടിക്കുന്നു, വീഡിയോ കാണാം
അടുത്ത ബോളില്‍ ആന്‍ഡേഴ്‌സനെതിരേ ജയ്‌സ്വാളിന്റെ മറ്റൊരു സിക്‌സര്‍ ഗ്രൗണ്ടിനു പുറത്തേക്കു മൂളിപ്പറന്നു. ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ബോളായിരുന്നു അത്. ക്രീസിനു പുറത്തേക്കിറങ്ങിയ ജയ്‌സ്വാള്‍ ഡീപ്പ് എക്‌സ്ട്രാ കവറിനു മുകളിലൂടെയാണ് ബോൾ സിക്‌സറിലെത്തിച്ചത്. ഇതുകൊണ്ടും ജയ്‌സ്വാളിനു മതിയാക്കാന്‍ ഭാവമില്ലായിരുന്നു. അടുത്ത ബോളില്‍ വീണ്ടുമൊരു സിക്‌സര്‍ പായിച്ച് അദ്ദേഹം ആന്‍ഡേഴ്‌സനെ നിസ്സഹായനാക്കി.
ഓഫ്‌സ്റ്റംപിനു പുറത്ത് ഒരു ലെങ്ത്ത് ബോളായിരുന്നു ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ എറിഞ്ഞത്. ക്രീസില്‍ ഈ ബോളിനെ കാത്തിരുന്ന ശേഷം ജയ്‌സ്വാള്‍ അതു ആന്‍ഡേഴ്‌സന്റെ തലയ്ക്കു മുകളിലൂടെ സിക്‌സറിലേക്കു പറത്തുകയായിരുന്നു. ഈ ഓവറില്‍ 21 റണ്‍സാണ് ഇന്ത്യ വാരിക്കൂട്ടിയത്. എല്ലാം ജയ്‌സ്വാളിന്റെ ബാറ്റില്‍ നിന്നായിരുന്നു.
ഈ ഓവറിനു മുമ്പ് 198 ബോളില്‍ 159 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. എന്നാല്‍ ഓവര്‍ കഴിഞ്ഞപ്പോള്‍ ജയ്സ്വാൾ 204 ബോളില്‍ നിന്നും 180 റണ്‍സിലേക്കു കുതിച്ചെത്തുകയായിരുന്നു.

12 സിക്‌സറുകളാണ് ജയ്‌സ്വാള്‍ ഈ ഇന്നിങ്‌സില്‍ വാരിക്കൂട്ടിയത്. ഇതോടെ ഒരിന്നിങ്‌സില്‍ 12 സിക്‌സറുകളെന്ന പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രമിന്റെ ലോക റെക്കോര്‍ഡിനൊപ്പവും ജയ്‌സ്വാള്‍ എത്തുകയായിരുന്നു. മല്‍സരത്തില്‍ അപരാജിത ഡബിള്‍ സെഞ്ച്വറി കുറിക്കാനും താരത്തിനു സാധിച്ചിരുന്നു. ഈ പരമ്പരയില്‍ ജയ്‌സ്വാളിന്റെ രണ്ടാമത്തെ ഡബിള്‍ കൂടിയാണിത്.
557 റണ്‍സ് വിജയലക്ഷ്യം
രാജ്‌കോട്ട് ടെസ്റ്റില്‍ ജയിക്കാന്‍ 557 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ നാലു വിക്കറ്റിനു 430 റണ്‍സെന്ന വന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ജയ്‌സ്വാളിന്റെ (214*) ഡബിള്‍ സെഞ്ച്വറിയാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. 236 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 14 ഫോറും 12 സിക്‌സറുമുള്‍പ്പെട്ടിരുന്നു.
ശുഭ്മന്‍ ഗില്‍ 91 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ അരങ്ങേറ്റക്കാരനായ സര്‍ഫറാസ് ഖാന്‍ (68*) തുടര്‍ച്ചയായി രണ്ടാമിന്നിങ്‌സിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിച്ചു. ഒരിക്കല്‍ക്കൂടി അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച സര്‍ഫറാസ് 72 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറും പായിച്ചു.