ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പതിനാലാം ദിവസം സ്വര്‍ണത്തിളക്കവുമായി ഇന്ത്യ. ബോക്സിങ് 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ അമിത് പങ്കല്‍ സ്വര്‍ണം നേടി. ഒളിമ്പിക്സ് ചാമ്പ്യന്‍ കസാഖിസ്ഥാന്റെ ഹസന്‍ബോയ് ദസ്മാത്തോവിനെ അട്ടിമറിച്ചാണ് അമിത് ചരിത്രമെഴുതിയത്. ഇതോടെ ആകെ 66 മെഡലുകള്‍ നേടിയ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ തങ്ങളുടെ എക്കാലത്തെയും വലിയ മെഡല്നേട്ടത്തിലുമെത്തി.
റിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ദസ്മാത്തോവ് കഴിഞ്ഞവര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ അമിത്തിനെ തോല്‍പ്പിച്ചിരുന്നു. ജക്കാര്‍ത്തയിലെ വിജയം അമിത്തിനെ സംബന്ധിച്ചിടത്തോളം മധുര പ്രതികാരം കൂടിയായി. ബോക്സിങ്ങില്‍ സ്വര്‍ണപ്രതീക്ഷയായിരുന്ന വികാസ് കൃഷന് സെമിയില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ഒരു വെങ്കലം ലഭിച്ചിരുന്നു. ഇതോടെ, 14 സ്വര്‍ണവും 23 വെള്ളിയും 29 വെങ്കലവുമായാണ് ഇന്ത്യ 66 മെഡലുകള്‍ നേടിയത്.
ഇന്ത്യയുടെ സ്വര്‍ണ ജേതാക്കള്‍ ഇവരാണ്, വനിതകളുടെ 4x400 മീറ്ററില്‍ ഹിമ ദാസ്, എം ആര് പൂവമ്മ, സരിതാബെന്‍ ഗെയ്ക്ക് വാദ്, മലയാളി കൂടിയായ വിസ്മയ, പുരുഷന്മാരുടെ 1500 മീറ്ററില്‍ മലയാളിതാരം ജിന്സണ് ജോണ്സണ്, ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിങ്, വനിതകളുടെ ഹെപ്റ്റാത്തലണില്‍ സ്വപ്ന ബര്മന്, പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മന്‍ജീത് സിങ്, ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര, പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന് ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.
കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന് സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന് സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.