
ടോക്കിയോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച്എസ് പ്രണോയ് ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ 17-21, 21-16, 21-17 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് പ്രണോയ് ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ സെറ്റ് കൈവിട്ട ശേഷം പ്രണോയ് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇന്ത്യയുടെ മറ്റ് പ്രമുഖരെല്ലാം നിരാശപ്പെടുത്തിയതിനാല്‍ ഇനി പ്രതീക്ഷ പ്രണോയിലാണെന്ന് പറയാം.
രണ്ടാം സീഡുകാരനും രണ്ട് തവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ കെന്റോ മൊമോട്ടയെ തോല്‍പ്പിച്ചാണ് പ്രണോയ് വരവറിയിച്ചത്. മൊമോട്ടക്കെതിരേ എട്ട് മത്സരം കളിച്ച പ്രണോയിയുടെ ആദ്യ ജയമായിരുന്നു ഇത്. ക്വാര്‍ട്ടര്‍ കടമ്പയും കടന്ന് മുന്നോട്ട് പോകാന്‍ പ്രണോയിക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. 2010ല്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ പ്രണോയ് 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

അതേ സമയം വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സൈന നെഹ് വാള്‍ നിരാശപ്പെടുത്തി. തായ്‌ലന്‍ഡിന്റെ ബുസാനാനോട് 17-21, 21-16, 13-21 എന്ന സ്‌കോറിനാണ് സൈന തോറ്റത്. ആദ്യ സൈറ്റ് കൈവിട്ട ശേഷം രണ്ടാം സെറ്റില്‍ പ്രതീക്ഷ നല്‍കി തിരിച്ചെത്തിയെങ്കിലും മൂന്നാം സെറ്റ് വീണ്ടും തോറ്റതോടെ പുറത്താവുകയായിരുന്നു. പരിക്കേറ്റ പിവി സിന്ധു ഇല്ലാത്തതിനാല്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ സൈനയില്‍ ഉണ്ടായിരുന്നെങ്കിലും മികവ് കാട്ടാനായില്ല.

അവസാന ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ വെള്ളിമെഡല്‍ നേടിയ കിഡംബി ശ്രീകാന്തിനും ഇത്തവണ നിരാശയോടെ മടങ്ങേണ്ടി വന്നു. 32ാം റാങ്കുകാരനായ സോ ജുന്‍ പെങ്ങിനോട് 18-21, 17-21 എന്ന നേരിട്ട സ്‌കോറിനാണ് ശ്രീകാന്ത് തോറ്റത്. അതേ സമയം പുരുഷ ഡബിള്‍സില്‍ സാത്വിക് രാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ഡെന്മാര്‍ക്ക് സഖ്യത്തെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.