യുവാങ്ഷു: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളില്‍ അത്ര പ്രമുഖയൊന്നും ആയിരുന്നില്ല ഹൈദരാബാദുകാരിയായ പി.വി. സിന്ധു. എന്നാല്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മാനം കാക്കാന്‍ സിന്ധു തന്നെ വേണ്ടി വന്നു.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി പ്രവേശനം നേടിയ സിന്ധു മെഡല്‍ ഉറപ്പാക്കിക്കഴിഞ്ഞു. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യക്ക് വനിത വിഭാഗം സിംഗിള്‍സില്‍ മെഡല്‍ ലഭിക്കുന്നത്.
ലോക പന്ത്രണ്ടാം നമ്പര്‍ താരമാണ് പി വി സിന്ധു.ടൂര്‍ണമെന്റിലെ പത്താം സീഡും. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ചൈനയുടെ ഷിസ്യാന് വാങിനെയാണ് സിന്ധു ക്വാര്‍ട്ടറില്‍ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്കോര്‍ 21-18, 21-17.
പ്രീക്വാര്‍ട്ടറിലും സിന്ധു നേടിയത് അട്ടിമറി വിജയം തന്നെയായിരുന്നു. നിലവിലെ ചാമ്പ്യനും ടൂര്‍ണമെന്റിലെ രണ്ടാം സീഡുമായ ചൈനീസ് താരം വാങ് യിഹാനെയാണ് പ്രീ ക്വാര്‍ട്ടറില്‍ തളച്ചിട്ടത്. തീപാറിയ പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തന്നെയായിരുന്നു സിന്ധുവിന്റെ വിജയം.
ക്വാര്‍ട്ടറില്‍ ചൈനീസ് താരത്തിനെതിരെ ആദ്യം മുതലേ സിന്ധു മേധാവിത്വം പുലര്‍ത്തിപ്പോന്നിരുന്നു. ഒരു ഘട്ടത്തിലും പരാജയത്തിന്റെ സാധ്യതകള്‍ സിന്ധുവിനെ തേടി എത്തിയിരുന്നില്ല. സെമിയില്‍ തായ്ലന്റിന്റഎ റാച്ചനോക്ക് ആണ് എതിരാളി.
ഇന്ത്യുടെ മെഡല്‍ പ്രതീക്ഷകളായിരുന്ന സൈന നെഹ്വാളും പി കശ്യപും കഴിഞ്ഞ ദിവസം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു. ചൈനയുടെ ദുപാങ് യുവോനാണ് കശ്യപിനെ ക്വാര്‍ട്ടറില്‍ തോല്പിച്ചത്. ദക്ഷിണ കൊറിയയുടെ ബി യിയോനണിയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈന നെഹ്വാളിനെ അട്ടിവറിച്ചത്.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇതുവരെ രണ്ട് മെഡലുകളേ ലഭിച്ചിട്ടുള്ളൂ. പുരുഷ സിംഗിള്‍സില്‍ പ്രകാശ് പദുക്കോണ്‍ നേടിയ വെങ്കലവും വനിത ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം നേടിയ വെങ്കലവും ആണത്.