ദില്ലി: ഇന്ത്യയുടെ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പി.വി. സിന്ധുവിന് 50 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍. ചൈനയുടെ സ്പോര്‍ട്സ് ബ്രാന്‍ഡായ ലി നിങ്ങുമായി 4 വര്‍ഷത്തെ കരാറിലാണ് ഇന്ത്യന്‍ താരം ഒപ്പിട്ടത്. ഒരുകാലത്ത് ബാഡ്മിന്റണില്‍ അജയ്യരായിരുന്ന ചൈനക്കാരെ പിന്നിലാക്കിയാണ് സിന്ധുവും സൈനയുമെല്ലാം കുതിച്ചത്. അതുകൊണ്ടുതന്നെ ചൈനീസ് കമ്പനിയില്‍നിന്നുള്ള ഇത്തരമൊരു കരാര്‍ സിന്ധുവിന് ലഭിക്കുന്ന വലിയ അംഗീകാരം കൂടിയായി.
പരമ്പര ഇന്ത്യയ്ക്കോ ന്യൂസിലന്‍ഡിനോ?; ഈ താരങ്ങള്‍ നിര്‍ണായകമാകും, മത്സരം തീപാറും
കരാര്‍ പ്രകാരം സ്പോണ്‍സര്‍ഷിപ്പായി സിന്ധുവിന് 40 കോടി രൂപ ലഭിക്കും. ബാക്കി 10 കോടി റാക്കറ്റിനും മറ്റുമായാണ് നല്‍കുക. ഒരു ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ഒപ്പിടുന്ന ഏറ്റവും വലിയ കരാര്‍ കൂടിയാണിത്. ഇന്ത്യയിലെ വമ്പന്‍ മാര്‍ക്കറ്റ് ലക്ഷ്യമാക്കിയാണ് കമ്പനി സിന്ധുവിനെ സ്പോണ്സര് ചെയ്യുന്നതെന്നാണ് സൂചന. ലാക ബാഡ്മിന്റണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറുകളിലൊന്നാണിത്.
സിന്ധുവുമായി കരാറിലേര്‍പ്പെട്ട കമ്പനി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കെ. ശ്രീകാന്തുമായി 35 കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. നേരത്തെ, ബേസ്ലൈന് വെഞ്ചേഴ്സെന്ന സ്പോര്‍ട്സ് മാര്‍ക്കറ്റിങ് കമ്പനിയാണ് സിന്ധുവുമായി 50 കോടി രൂപയുടെ പരസ്യക്കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ വനിതാ കായികതാരങ്ങളുടെ ഫോബ്സ് പട്ടികയില്‍ കഴിഞ്ഞ വര്‍ഷം സിന്ധു ഏഴാമതായിരുന്നു.