ബര്‍മിങ്ഹാം: ഇന്ത്യയുടെ കിരീടപ്രതീക്ഷയായ സൂപ്പര്‍ താരം പിവി സിന്ധു ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്എസ് പ്രണോയിയും അവസാന എട്ടിലെത്തിയിട്ടുണ്ട്. അതേസമയം, സൂപ്പര്‍ താരം കെ ശ്രീകാന്ത് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

അത്യധികം ആവേശകരമായ പോരാട്ടത്തില്‍ തായ്‌ലാന്‍ഡ് താരം നിച്ചാവോന്‍ ജിന്‍ഡാപോളിനെയാണ് സിന്ധു ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കു തോല്‍പ്പിച്ചത്. ആദ്യ ഗെയിംസിന്ധു ആധികാരികമായി നേടിയെങ്കിലും രണ്ടാം ഗെയിം സ്വന്തമാക്കി ജിന്‍ഡാപോള്‍ ശക്തമായി തിരിച്ചുവന്നു. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ഗെയിമില്‍ ത്രസിപ്പിക്കുന്ന ജയം നേടി സിന്ധു അടുത്ത റൗണ്ടിലേക്കു മുന്നേറുകയായിരുന്നു. സ്‌കോര്‍: 21-13, 13-21, 21-18. മല്‍സരം ഒരു മണിക്കൂറും ആറു മിനിറ്റും നീണ്ടുനിന്നു. ഏഴാം സീഡായ നൊസോമി ഒകുഹാരയാണ് ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി. ലോകചാംപ്യന്‍ഷിപ്പ് ഫൈനലിനു ശേഷം ഇരുവരും മുഖാമുഖം വരുന്ന ആദ്യ മല്‍സരം കൂടിയാണിത്.

അതേസമയം, പുരുഷ സിംഗിള്‍സില്‍ മുന്‍ ലോക മൂന്നാം റാങ്കുകാരനായ ടോമി സ്യുഗിയാര്‍ത്തോയെയാണ് പ്രണോയ് നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പ്പിച്ചത്. ലോക റാങ്കങില്‍ 42ാം സ്ഥാനത്തുള്ള ഹുവാങ് സിയാങാണ് അടുത്ത റൗണ്ടില്‍ പ്രണോയിയുടെ എതിരാളി. ശ്രീകാന്തിനെ 21-11, 15-21, 22-20ന് അട്ടിമറിച്ചാണ് സിയാങിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം.