ഹൈദരാബാദ്: പ്രീമിയര്‍ ബാഡ്മിന്റണ്‍ മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് ഹണ്ടേഴ്സിന് അഞ്ചാം സീസണില്‍ ആദ്യ ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റേണ്‍ വാരിയേഴ്സിനെ 2-1നാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്. സൂപ്പര്‍താരം പിവി സിന്ധു ഹൈദരാബാദിനായി കളിക്കിറങ്ങിയെങ്കിലും ജയിക്കാനായില്ല. മിച്ചലെ ലി ആണ് സിന്ധുവിന് അപ്രതീക്ഷിത തോല്‍വി സമ്മാനിച്ചത്.
മിക്സഡ് ഡബിള്‍സില്‍ ജയത്തോടെ തുടങ്ങിയത് ഹൈദരാബാദാണ്. സിക്കി റെഡ്ഡി, വ്ലാഡ്മിര്‍ ഇവാനോവ് സഖ്യം വാരിയേഴ്സിന്റെ കൃഷ്ണ പ്രസാദ് ഗാര്‍ഗ, കിം ഹന ടീമിനെ തോല്‍പ്പിച്ചു. സ്കോര്‍ 15-12, 8-15, 15-12. എന്നാല്‍, പുരുഷന്മാരുടെ ആദ്യ സിംഗിള്‍സില്‍ ജയിച്ച് വാരിയേഴ്സ് ഒപ്പമെത്തി. സൗരഭ് വര്‍മയെ തനോങ്സാക്ക് തോല്‍പ്പിക്കുകയായിരുന്നു. സ്കോര്‍ 15-14, 15-14.
ISL: രണ്ടാം ജയപ്രതീക്ഷയില്‍ ഹൈദരാബാദ് ബംഗളുരുവിന്റെ തട്ടകത്തില്‍
വനിതാ സിംഗിള്‍സില്‍ സിന്ധുവിനെ അട്ടിമറിച്ച് വാരിയേഴ്സ് രണ്ടാം ജയം സ്വന്തമാക്കി. സ്കോര്‍ 15-8, 15-9. പിന്നീട് നടന്ന പുരുഷ ഡബിള്‍സില്‍ ഹൈദരാബാദിനായിരുന്നു ജയം. ഇവാനോവ്, ബെന്‍ ലെന് സഖ്യം ബോദിന് ഇസര, ലീ യങ് സഖ്യത്തെ അനായാസം തോല്‍പ്പിച്ചു. സ്കോര്‍ 15-7, 15-10. ഒടുവിലായി നടന്ന പുരുഷ സിംഗിള്‍സിലും ഹൈദരാബാദിനായിരുന്നു ജയം. ഡാരന്‍ ലിയു, ലീ ചെക്ക് ഇയുവിനെ തകര്‍ത്തു. സ്കോര്‍ 15-9, 15-10.