ഹൈദരാബാദ്: ഒരു പതിറ്റാണ്ടുകാലത്തിലേറെയായി സൈന നേവാള്‍ എന്ന ഹൈദരാബാദുകാരി ഇന്ത്യന്‍ കായിക പ്രേമികളുടെ പ്രിയ താരമാണ്. ഒട്ടേറെ ടൂര്‍ണമെന്റുകളില്‍ അവര്‍ ഇന്ത്യയ്ക്ക് ആഹ്ലാദിക്കാനുള്ള അവസരമൊരുക്കി. ബാഡ്മിന്റണില്‍ ചൈനീസ് ആധിപത്യം കണ്ടുമടുത്ത ഇന്ത്യയ്ക്ക് അത്ഭുതമായിരുന്നു സൈനയുടെ ഓരോ ജയവും.
ലോകകപ്പില്‍ കാര്‍ത്തിക് അല്ല, ധോണിതന്നെ; എന്തുകൊണ്ടെന്ന് സെവാഗ് പറയുന്നു
ഇപ്പോഴിതാ വിട്ടുമാറാത്ത പരിക്കും പ്രായവും സൈനയുടെ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന സൂചനയാണ് നല്‍കുന്നത്. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് സൈനയ്ക്ക് ഒടുവിലത്തെ പിടിവള്ളിയായേക്കും. ലോകോത്തര താരങ്ങളിലാത്ത ടൂര്‍ണമെന്റില്‍ ജയിച്ചുകയറി ഒരു തിരിച്ചുവരവ് സൈന നടത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

2006മുതല്‍ സൈന ഇന്ത്യന്‍ ബാഡ്മിന്റണിന്റെ പ്രതിനിധിയാണ്. പതിനെട്ടാം വയസില്‍ ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതിയോടെ തുടങ്ങിയ സൈന ഇതുവരെയായി 10 സൂപ്പര്‍സീരീസ് കിരീടം നേടിയിട്ടുണ്ട്. ഇന്ത്യയ്ക്ക് എന്നെന്നും ഓര്‍മിക്കാന്‍ ബാഡ്മിന്റണിലെ ആദ്യ ഒളിമ്പിക് മെഡല്‍ ജേത്രകൂടിയായി സൈന.
2016നുശേഷം സൈനയുടെ കരിയര്‍ താഴേക്കാണ്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയതും കോച്ചിനെ മാറ്റി പരീക്ഷിച്ചതും സൈനയ്ക്ക് തിരിച്ചടിയായി. 2017ല്‍ മലേഷ്യന്‍ മാസ്റ്റേഴ്‌സ് ജയിച്ചതും, ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയതുമാണ് നേട്ടം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ ലക്ഷ്യമിടുന്ന ഈ ഇരുപത്തിയെട്ടുകാരി അതിന് കഴിഞ്ഞില്ലെങ്കില്‍ ഉടന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.