ദോഹ: ഇന്ത്യയുടെ വനിതാ ജാവലിന്‍ ത്രോ താരം അന്നു റാണിക്ക് ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം സ്ഥാനം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായ അന്നുവിന് ഫൈനലില്‍ എട്ടാമതെത്താനേ കഴിഞ്ഞുള്ളൂ. യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനക്കാരിയായാണ് അന്നു ഫൈനലിലെത്തിയത്.
ഫൈനലിലെ ആദ്യ അവസരത്തില്‍ അന്നു 59.25 മീറ്ററാണ് എറിഞ്ഞത്. 61.12, 60.20, 60.40, 58.49, 57.93 എന്നിങ്ങനെയാണ് അന്നുവിന്റെ പിന്നീടുള്ള പ്രകടനം. യോഗ്യതാ റൗണ്ടില്‍ അന്നു 62.43 മീറ്റര്‍ ദൂരം എറിഞ്ഞിരുന്നു. തന്റെ പേരിലുണ്ടായിരുന്ന ദേശീയ റെക്കോര്‍ഡും താരം തിരുത്തി. എന്നാല്‍, ഫൈനലില്‍ പ്രകടനം ആവര്‍ത്തിക്കാനായില്ല.

ഓസ്‌ട്രേലിയയുടെ കെസ്ലി ലീ ബാര്‍ബര്‍ ആണ് സ്വര്‍ണം സ്വന്തമാക്കിയത്. 66.56 മീറ്ററാണ് ബാര്‍ബറുടെ ദൂരം. ചൈനീസ് താരങ്ങളായ ഷിയിങ് ല്യു, ല്യു ഹുയ്ഹുയ് എന്നിവര്‍ വെള്ളിയും വെങ്കലവും സ്വന്തമാക്കി. മെഡല്‍ നേടിയില്ലെങ്കിലും ലോകനിലവാരത്തിലുള്ള പ്രകടനം നടത്താനായത് ഇന്ത്യന്‍ താരത്തിന് നേട്ടമാകും. വരാനിരിക്കുന്ന ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടാന്‍ കഴിയുമെന്നാണ് അന്നു റാണിയുടെ പ്രതീക്ഷ.