ഇന്ത്യന്‍ കായിക ചരിത്രത്തില്‍ എന്നെന്നും അഭിമാനിക്കാവുന്ന പേരുകളിലൊന്നായി നീരജ് ചോപ്ര മാറിക്കഴിഞ്ഞു. ജാവലിന്‍ ത്രോയിലൂടെ ഇന്ത്യയുടെ യശസ്സുയര്‍ത്തുന്ന നീരജ് ഇപ്പോള്‍ വീണ്ടും അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്ര നേട്ടത്തിലേക്കാണ് നീരജ് എത്തിയിരിക്കുന്നത്. ഒളിംപിക്‌സ് മെഡലിനൊപ്പം ലോക ചാമ്പ്യന്‍പട്ടവും നേടി അപൂര്‍വ്വ റെക്കോഡിലേക്കും നീരജ് പേരുചേര്‍ത്തിരിക്കുകയാണ്.
ഈ വര്‍ഷം നിരവധി തവണ പരിക്ക് തളര്‍ത്തിയിട്ടും ശക്തമായ തിരിച്ചുവരവ് നടത്തിയാണ് നീരജ് ഇന്ത്യയുടെ ഹീറോയായി മാറിയിരിക്കുന്നത്. ജാവലിന്‍ ത്രോയിലൂടെ ലോകത്തെ വിസ്മയിപ്പിക്കുന്ന നീരജിന്റെ ആരോഗ്യത്തിന്റെ രഹസ്യം അറിയാമോ?. ഭക്ഷണം ക്രമം, പരിശീലനം എല്ലാം അറിയാം. മാംസാഹാരങ്ങള്‍ നീരജ് കഴിക്കാറില്ലെന്നതാണ് കൗതുകകരമായ കാര്യം. 25കാരനായ താരം 2016 മുതല്‍ പൂര്‍ണ്ണമായും സസ്യാഹാരങ്ങളാണ് കഴിക്കുന്നത്.
അമേരിക്കയിലെ പോര്‍ട്ട്‌ലാന്‍ഡില്‍ പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ മുതലാണ് നീരജ് തന്റെ ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തിയത്. അദ്ദേഹത്തിന്റെ ഭക്ഷണ സാധനങ്ങളില്‍ ചീറ്റ് മീല്‍സ്, കുറുമ, സലാഡ് എന്നിവയാണ് പ്രധാനമായുമുള്ളത്. മധുരം വളരെ ഇഷ്ടമുള്ളയാളാണ് നീരജ്. എന്നാല്‍ കരിയറിനായി അദ്ദേഹം മധുരം ഉപേക്ഷിച്ചിരിക്കുകയാണ്. ഇപ്പോള്‍ മധുര പലഹാരങ്ങള്‍ വളരെ അപൂര്‍വ്വമായാണ് അദ്ദേഹം കഴിക്കുന്നത്.
പാനിപ്പൂരി നീരജിന് വളരെ ഇഷ്ടമാണ്. ഇത് കഴിക്കുന്നത് ആരോഗ്യത്തില്‍ മറ്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ല. അതുകൊണ്ടുതന്നെ നീരജ് സാധിക്കുന്ന അവസരങ്ങളിലെല്ലാം പാനിപ്പൂരി കഴിക്കാന്‍ ശ്രമിക്കാറുണ്ട്. വിവിധ തരം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തി സലാഡ് കഴിക്കാന്‍ നീരജിന് ഇഷ്ടമാണ്. തന്റെ ഭക്ഷണ ക്രമത്തില്‍ സലാഡിന് വലിയ പ്രാധാന്യമാണ് നീരജ് നല്‍കിയിരിക്കുന്നത്. തന്റെ ആരോഗ്യത്തിന്റെ പ്രധാന രഹസ്യം ഇതാണെന്നാണ് നീരജ് പറഞ്ഞിട്ടുള്ളത്.

വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ വളരെ ഇഷ്ടമാണെങ്കിലും കൊഴുപ്പിനെ ഭയന്ന് കഴിക്കാറില്ലെന്നാണ് നീരജ് പറയുന്നത്. ശരീരത്തിലെ കൊഴുപ്പിന്റെ അളവിനെ നിയന്തിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും നീരജ് ഓര്‍മിപ്പിക്കുന്നു. എന്നാല്‍ പരിക്കേറ്റ് വീട്ടില്‍ വിശ്രമിക്കുന്ന സമയത്ത് വെജിറ്റബിള്‍ ബിരിയാണി ഉണ്ടാക്കി കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വെജിറ്റബിള്‍ ബിരിയാണി സ്വന്തം ഉണ്ടാക്കി കഴിക്കുന്നതാണ് ശീലമെന്നും നീരജ് ഒരിക്കല്‍ പറഞ്ഞു.
2020ലെ ടോക്കിയോ ഒളിംപിക്‌സിന് ശേഷം ശരീര ഭാരത്തില്‍ നീരജ് വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ടോക്കിയോ ഒളിംപിക്‌സിലെ സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിന് പിന്നാലെ നീരജ് ഇടവേളയെടുത്തിരുന്നു. ഇതിന് ശേഷം 97 കിലോഗ്രാം ശരീര ഭാരത്തിലേക്ക് നീരജ് മാറി. പിന്നാലെ അമേരിക്കയില്‍ പരിശീലനത്തിന് പോയപ്പോഴാണ് നീരജ് തന്റെ ശരീര ഭാരം കുറച്ചത്. ഇപ്പോഴത്തെ ഭക്ഷണ ക്രമത്തില്‍ പച്ചക്കറികള്‍ക്കാണ് പ്രാധാന്യമെങ്കിലും ഫിസിയോ നിര്‍ദേശിക്കുന്ന നിശ്ചിത അളവിലുള്ള മാംസാഹാരവും അദ്ദേഹം കഴിക്കുന്നുണ്ട്.
ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇന്ത്യന്‍ ആരാധകരുടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കാതെ സുവര്‍ണ്ണ താരകമായി മാറാന്‍ നീരജിനായി. 88.17 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ചാണ് നീരജിന്റെ സുവര്‍ണ്ണ നേട്ടം. കഴിഞ്ഞ തവണ വെള്ളി മെഡല്‍ നേടിയ നീരജ് ഇത്തവണ അത് സ്വര്‍ണ്ണമാക്കി മാറ്റി.
ആദ്യ ത്രോ ഫൗളായെങ്കിലും നീരജ് പതറിയില്ല. രണ്ടാം ത്രോയില്‍ 88.17 എന്ന സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് അദ്ദേഹം സീസണിലെ ബെസ്റ്റ് ദൂരത്തോടെ സ്വര്‍ണ്ണം നേടിയെടുത്തത്.
മൂന്നാം ത്രോയില്‍ 86.32 എറിഞ്ഞ നീരജ് നാലാം ത്രോയില്‍ 84.64 മീറ്ററാണ് ജാവലില്‍ പറത്തിയത്. അഞ്ചാം ത്രോയില്‍ 87.73 മീറ്ററും അദ്ദേഹം എറിഞ്ഞു. പാകിസ്താന്റെ അര്‍ഷാദ് നദീം വെള്ളി നേടിയപ്പോള്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ വെങ്കലവും കരസ്ഥമാക്കി.