
നെയ്‌റോബി: കെനിയയില്‍ നടക്കുന്ന അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ശെയ്‌ലി സിങിനു ലോങ്ജംപില്‍ വെള്ളി മെഡല്‍. കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സായ 6.59 മീറ്റര്‍ ചാടിയാണ് ശെയ്‌ലി രണ്ടാമതെത്തിയത്. മുന്‍ ഇതിഹാസ താരവും മലയാളിയുമായ അഞ്ജു ബോബി ജോര്‍ജിന്റെ ശിഷ്യ കൂടിയാണ് 17കാരി. അഞ്ജുവിന്റെ അക്കാദമിയിലാണ് ശെയ്‌ലി പരിശീലിച്ചിരുന്നത്. ഈ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മല്‍സരങ്ങള്‍ ഇതോടെ അവസാനിക്കുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ക്കൊയ്ത്ത് നടത്തിയാണ് ഇന്ത്യന്‍ സംഘത്തിന്റെ മടക്കം. രണ്ടു വെള്ളിയും ഒരു വെങ്കലവുമടക്കം മൂന്നു മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം.
ലോങ്ജംപ് ഫൈനലില്‍ ഒരു സെന്റി മീറ്റര്‍ മാത്രം വ്യത്യാസത്തിലാണ് ശെയ്‌ലിക്കു സ്വര്‍ണം നഷ്ടമായത്. സ്വീഡിഷ് താരവും ജൂനിയര്‍ യൂറോപ്യന്‍ ചാംപ്യനുമായ മജാ അസ്‌കാഗിനാണ് സ്വര്‍ണം. ഉക്രെയ്ന്‍ താരം മരിയ ഹൊറിയെലോവ വെങ്കലം കൈക്കലാക്കി (6.50 മീറ്റര്‍).
ഫൈനലില്‍ മികച്ച തുടക്കമായിരുന്നു ശെയ്‌ലിയുടേത്. ആദ്യ ശ്രമത്തില്‍ 6.34 മീറ്റര്‍ പിന്നിടാന്‍ താരത്തിനു കഴിഞ്ഞു. അടുത്ത ശ്രമത്തിലും ഇതേ ദൂരം തന്നെയായിരുന്നു ശെയ്‌ലി ചാടിയത്. മൂന്നാം ശ്രമത്തിലായിന്നു മെഡലുറപ്പാക്കിയ 6.59 മീറ്റര്‍ ചാട്ടം. മൂന്നു റൗണ്ടുകള്‍ പിന്നിടുമ്പോള്‍ ശെയ്‌ലിയായിരുന്നു ഒന്നാമത്. പക്ഷെ നാലാം ശ്രമത്തില്‍ സ്വീഡിഷ് താരം ഒരു സെന്റി മീറ്റര്‍ മെച്ചപ്പെടുത്തി മുന്നില്‍ കയറുകയായിരുന്നു. ശെയ്‌ലിയുടെ നാലും അഞ്ചും ശ്രമങ്ങള്‍ ഫൗളില്‍ കലാശിച്ചത് തിരിച്ചടിയായി മാറി. അവസാനത്തെ ശ്രമത്തില്‍ 6.60 മീറ്റര്‍ പിന്നിടാന്‍ കഴിയാതിരുന്നതോടെ ശെയ്‌ലിയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷ അവസാനിച്ചു. എങ്കിലും വെള്ളി മെഡല്‍ വിജയത്തില്‍ തീര്‍ച്ചയായും കൗമാരക്കാരിക്കു അഭിമാനിക്കാം.

ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ ഭാവി പ്രതീക്ഷകളിലൊരാളായി ചൂണ്ടിക്കപ്പെടുന്ന താരമാണ് ശെയ്‌ലി. വെള്ളിയാഴ്ച നടന്ന യോഗ്യതാ റൗണ്ടില്‍ 6.40 മീറ്റര്‍ ചാടിയായിരുന്നു താരം ഫൈനലിലേക്കു യോഗ്യത നേടിയത്. ബെംഗളൂരുവിലെ അഞ്ജുവിന്റെ അക്കാദമിയില്‍ പരിശീലനം നടത്തുന്ന ശെയ്‌ലിയുടെ കോച്ച് അഞ്ജുവിന്റെ ഭര്‍ത്താവ് കൂടിയായ ബോബി ജോര്‍ജാണ്. നേരത്തേ ദേശീയ സീനിയര്‍ ഇന്റര്‍ സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടാന്‍ ശെയ്‌ലിക്കായിരുന്നു. ജൂണില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ 6.48 മീറ്റര്‍ ചാടിയായിരുന്നു താരം ഒന്നാമതെത്തിയത്. നിലവില്‍ അണ്ടര്‍ 18 വിഭാഗത്തില്‍ ലോക റാങ്കിങിലെ രണ്ടാംസ്ഥാനക്കാരിയായ ശെയ്‌ലി അണ്ടര്‍ 20 വിഭാഗത്തിലെ ദേശീയ റെക്കോര്‍ഡിന് അവകാശി കൂടിയാണ്.