
ടോക്കിയോ: പാരാലിംപിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കു നിരാശ. പുരുഷന്‍മാരുടെ ഷോട്ട്പുട്ട് ഫൈനലില്‍ (F55) ഇന്ത്യന്‍ താരം തെക് ചാന്ദിനു മെഡല്‍ നേടാനായില്ല. വീല്‍ചെയറില്‍ ഇരുന്നുകൊണ്ടുള്ള വിഭാഗത്തില്‍ ചാന്ദ് എട്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ദേശീയ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 9.04 മീറ്റര്‍ എറിഞ്ഞതായിരുന്നു ഇന്ത്യന്‍ താരത്തിന്റെ മികച്ച പ്രകടനം. പക്ഷെ മെഡല്‍ പൊസിഷനിലെത്താന്‍ ഇതു മതിയായിരുന്നില്ല. ഈയിനത്തില്‍ ബ്രസീലിയന്‍ താരം വാല്ലസ് സാന്റോസ് ലോക റെക്കോര്‍ഡ് പ്രകടനത്തോടെ സ്വര്‍ണം സ്വന്തമാക്കി. ഫൈനലില്‍ അദ്ദേഹമെറിഞ്ഞത് 12.63 മീറ്ററായിരുന്നു. ബള്‍ഗേറിയയുടെ റുഷ്ദിക്കാണ് (12.23 മീറ്റര്‍) വെള്ളി. പോളണ്ടിന്റെ ലെക്ക് സ്‌റ്റോള്‍മാന്‍ സീസണ്‍ ബെസ്റ്റ് പ്രകടനത്തോടെ വെങ്കലവും നേടി. അദ്ദേഹമെറിഞ്ഞത് 12.15 മീറ്ററായിരുന്നു.
ഫൈനലില്‍ ആകെയുള്ള ആറു ത്രോയില്‍ ഇന്ത്യന്‍ താരം തെക് ചാന്ദിന്റെ നാലും ഫൗളില്‍ കലാശിക്കുകയായിരുന്നു. കരിയര്‍ ബെസ്റ്റായ 9.57 മീറ്റര്‍ പോലുമെറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. എങ്കിലും ഫൈനലിലെ 9.04 മീറ്ററെന്നത് ചാന്ദിന്റെ സീസണിലെ മികച്ച പ്രകടനമാണ്. നേരത്തേ പാരാലിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങളില്‍ ഇന്ത്യയുടെ പതാക വാഹകന്‍ കൂടിയായിരുന്നു അദ്ദേഹം. ജാവലിന്‍ ത്രോയിലായിരുന്നു (F54) ചാന്ദ് ഈ ഗെയിംസില്‍ മല്‍സരിക്കേണ്ടിയിരുന്നത്. പക്ഷെ പിന്നീട് അദ്ദേഹം F55 ഷോട്ട്പുട്ടിലേക്കു മാറുകയായിരുന്നു.
അതേസമയം, പുരുഷന്‍മാരുടെ 65 കിഗ്രാം പവര്‍ലിഫ്റ്റിങ് ഫൈനലും ഇന്നു നടന്നിരുന്നു. ഇന്ത്യക്കു വേണ്ടി ഈയിനത്തില്‍ മല്‍സരിച്ചത് ജയ്ദീപ് കുമാറായിരുന്നു. പക്ഷെ ഫൈനലില്‍ ഒരു സ്‌കോര്‍ പോലും നേടാനാവാതെ അദ്ദേഹം പുറത്താവുകയായിരുന്നു. ഒരു ലിഫ്റ്റ് പോലും ജയ്ദീപ് ഫൈനലില്‍ നടത്തിയില്ല. ഇതോടെ ടോപ്പ് 7ല്‍ നിന്നു അദ്ദേഹം പുറത്താവുകയും ചെയ്തു. ജയ്ദീപിനെക്കൂടാതെ ചിലിയുടെ ജോര്‍ജെ കെറിനാവോയ്ക്കും ഫൈനലില്‍ ഒരു സ്‌കോര്‍ പോലും കുറിക്കാന്‍ കഴിഞ്ഞില്ല. ചൈനീസ് താരം ലെയ് ലിയുവിനാണ് ഈയിനത്തില്‍ സ്വര്‍ണം. 198 കിഗ്രാമാണ് അദ്ദേഹമുയര്‍ത്തിയത്. ഇറാന്റെ ആമിര്‍ ജഫാരി അറാന്‍ഗെ വെള്ളിയും അല്‍ജീരിയയുടെ ഹോസിന്‍ ബെറ്റിര്‍ വെങ്കലവും നേടി.
ഫൈനലില്‍ 160 കിഗ്രാമായിരുന്നു ഇന്ത്യന്‍ താരം ജയ്ദീപ് ഉയര്‍ത്താന്‍ ശ്രമിച്ചത്. പക്ഷെ അദ്ദേഹത്തിന്റെ രണ്ടു ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടിട്ടും മൂന്നാംശ്രമത്തില്‍ 167 കിഗ്രാം ഉയര്‍ത്താന്‍ ജയ്ദീപ് നോക്കി. പക്ഷെ അതും വിജയിച്ചില്ല. ഇതോടെ ഒരു സ്‌കോര്‍ പോലുമില്ലാതെ പുറത്താവുകയും ചെയ്തു.
നേരത്തേ വനിതകളുടെ പവര്‍ലിഫ്റ്റിങില്‍ ഇന്ത്യയുടെ സക്കീന ഖത്തുന്‍ 50 കിഗ്രാം വിഭാഗത്തില്‍ അഞ്ചാംസ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. നേരത്തേ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയിട്ടുള്ള താരം കൂടിയാണ് ഇവര്‍. ആദ്യ ശ്രമത്തില്‍ 90 കിഗ്രാമായിരുന്നു സക്കീന ഉയര്‍ത്തിയത്. പക്ഷെ ഇതിനു മുകളില്‍ ഉയര്‍ത്താനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഇതു കാരണം ഇന്ത്യന്‍ താരത്തിന്റെ മെഡല്‍ പ്രതീക്ഷ അസ്തമിക്കുകയും ചെയ്തു.