ഇന്ത്യന്‍ ഗോള്‍ഡന്‍ ബോയെന്നു വിശേഷിപ്പിക്കപ്പെട്ട നീരജ് ചോപ്രയുടെയും രാജ്യത്തെ 100 കോടിയിലേറെ വരുന്ന ജനങ്ങളെയും ഒരുപോലെ ഞെട്ടിച്ചാണ് ഒരു ജാവ്‌ലിന്‍ ചരിത്രത്തിലേക്കു തുളഞ്ഞു കയറിയത്. ഇതു വന്നതാവട്ടെ പാകിസ്താനില്‍ നിന്നുള്ള അത്‌ലറ്റായ അര്‍ഷാദ് നദീമിന്റെ കൈകളില്‍ നിന്നുമായിരുന്നു. പാരീസ് ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ഫേവറിറ്റായിരുന്ന നീരജിനെ സ്തബ്ധനാക്കിയാണ് നദീം ഈ മെഡലുമായി മടങ്ങുന്നത്. പുതിയ ഒളിംപിക് റെക്കോര്‍ഡ് കൂടി കുറച്ചാണ് താരം പാകിസ്താന്റെ വീരനായകനായത്.
ഫൈനലില്‍ നദീമെറിഞ്ഞ രണ്ടാമത്തെ ത്രോയായ 92.97 മീറ്ററിനെ വെല്ലാന്‍ മറ്റൊരു ത്രോ ഇല്ലായിരുന്നുവെന്നതാണ് സത്യം. ആദ്യത്തെ ത്രോ ഫൗളായതിനു ശേമായിരുന്നു അദ്ദേഹം ഈ 'മിസൈല്‍' തൊടുത്തത്. ഈ ത്രോ കഴിഞ്ഞപ്പോള്‍ തന്നെ നദീം സ്വര്‍ണമുറപ്പിച്ചിരുന്നു. കാരണം ഇതിനുമപ്പുറം നീരജിനു എറിയണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണമായിരുന്നു. പക്ഷെ 90 മീറ്റര്‍ പോലും താണ്ടാന്‍ അദ്ദേഹത്തിനായില്ല. 89.45 മീറ്ററാണ് നീരജിനു എറിയാനായത്. ആറില്‍ അഞ്ചു ത്രോയും ഫൗളാവുകയും ചെയ്തു.

2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ നോര്‍വെയുടെ ആന്‍ഡ്രെസ് തോര്‍കില്‍സണിന്റെ പേരിലായിരുന്നു ജാവ്‌ലിന്‍ ത്രോയില്‍ നേരത്തേയുള്ള റെക്കോര്‍ഡ്. അന്നു 90.57 മീറ്ററാണ് താരമെറിഞ്ഞത്. ഇതാണ് അര്‍ഷാദ് പഴങ്കഥയാക്കിയിരിക്കുന്നത്. പാക് താരത്തിന്റെ ഇപ്പോഴത്തെ റെക്കോര്‍ഡ് ഇനി തകര്‍ക്കപ്പെടുകയെന്നത് അസാധ്യം തന്നെയായിരിക്കും. ഒളിംപിക്‌സ് ചരിത്രത്തില്‍ പാകിസ്താന്റെ ആദ്യത്തെ അത്‌ലറ്റിക്‌സ് സ്വര്‍ണം കൂടിയാണ് നദീം തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്.
ജാവ്‌ലിന്‍ ത്രോയിലെ പുതിയ സെന്‍സേഷനായി മാറിയ നദീമിനെ അടുത്തറിയാം. പാകിസ്താനിലെ ഖനേവാളിവാണ് താരം ജനിച്ചത്. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട കുടുംബത്തില്‍ നിന്നല്ല അദ്ദേഹത്തിന്റെ വരവ്. അതുകൊണ്ടു തന്നെ വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് നദീം ഇപ്പോള്‍ ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. അര്‍ഷാദ് ഇന്നു ഈ നേട്ടം കൈവരിച്ചത് എങ്ങനെയാണെന്നു ആളുകള്‍ക്കു അറിയില്ലെന്നാണ് മെഡല്‍ നേട്ടത്തിനു ശേഷം പിതാവായ അഷ്‌റഫ് പ്രതികരിച്ചത്.
തുടക്കകാലങ്ങളില്‍ പരിശീലനത്തിനും വിവിധ ഇവന്റുകളില്‍ പങ്കെടുക്കുന്നതിനു വേണ്ടി യാത്രയ്ക്കുള്ള പണം പോലും തങ്ങളുടെ പക്കല്‍ ഇല്ലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഗ്രാമത്തിലുള്ള ജനങ്ങളും ബന്ധുക്കളുമാണ് പണം സംഭാവന ചെയ്ത് യാത്രകള്‍ക്കായി നദീമിനെ സഹായിച്ചിരുന്നതെന്നും പിതാവ് വ്യക്തമാക്കി.

കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സിലും നദീം മല്‍സരിച്ചിരുന്നെങ്കിലും പാകിസ്താന്‍ സര്‍ക്കാരില്‍ നിന്നും സഹായമൊന്നും ലഭിച്ചിരുന്നില്ല. കാര്യമായ സ്‌പോണ്‍സര്‍മാരും ഇപ്പോഴും പാക് താരത്തിനു ഇല്ല. തന്റെ പഴയ ജാവ്‌ലിനു പകരം പുതിയതൊന്നു വാങ്ങിക്കുന്നതിനായി പണം നല്‍കി സഹായിക്കണമെന്നു സോഷ്യല്‍ മീഡിയയിലൂടെ നദീം അഭ്യര്‍ഥിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ എല്ലാ വെല്ലുവിളികളെയും അതീജീവിച്ചാണ് നദീം ലോക വേദിയില്‍ ഒളിംപിക് സ്വര്‍ണ മെഡലുമായി തലയുയര്‍ത്തി നില്‍ക്കുന്നത്.
കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സില്‍ നദീമിനു മെഡലൊന്നും ലഭിച്ചിരുന്നില്ല. അന്നു 86.62 മീറ്റര്‍ എറിഞ്ഞ അദ്ദേഹം അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാല്‍ പാരീസ് ഒളിംപക്‌സിനു മുമ്പ് ഒരു ഇവന്റില്‍ 90.18 മീറ്റര്‍ എറിഞ്ഞ് നദീം ശ്രദ്ധിക്കപ്പെട്ടിരന്നു. 90 മീറ്റര്‍ ദൂരം പിന്നിട്ട ആദ്യത്തെ ഏഷ്യന്‍ അത്‌ലറ്റായും അദ്ദേഹം അന്നു മാറിയിരുന്നു.