
ടോക്കിയോ ഒളിംപിക്‌സില്‍ അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ക്കു ഇന്നു തുടക്കമായപ്പോള്‍ ഇന്ത്യക്കു പങ്കെടുത്ത എല്ലാ ഇനനത്തിലും നിരാശ മാത്രം. ഒരിനത്തില്‍പ്പോലും ഇന്ത്യന്‍ താരങ്ങള്‍ മുന്നേറ്റം നടത്തിയില്ല. ഹീറ്റ്‌സില്‍ തന്നെ എല്ലാവരുടെയും പോരാട്ടം തീരുകയായിരുന്നു, ഏറ്റവും അവസാനമായി 4-400 മീറ്റര്‍ മിക്‌സഡ് റിലേയിലും ഇന്ത്യന്‍ ടീം ഫ്‌ളോപ്പായി മാറി. രേവതി വീരമണി, ശുഭ വെങ്കടേശന്‍, മലയാളി താരം അലെക്‌സ് ആന്റണി, സാര്‍ഥക് ഭാംബ്രി എന്നിവരായിരുന്നു ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത്.
ആദ്യ റൗണ്ടിലെ രണ്ടാമത്തെ ഹീറ്റ്‌സില്‍ ഇന്ത്യ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 3.19.93 സെക്കന്റിലായിരുന്നു ടീം മല്‍സരം പൂര്‍ത്തിയാക്കിയത്. സീസണിലെ ഏറ്റവും മികച്ച സമയമാണ് ടീം കുറിച്ചത്. എട്ടു ടീമുകള്‍ മല്‍സരിച്ച ഹീറ്റ്‌സില്‍ ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ക്കു മാത്രമേ ഫൈനലിലേക്കു യോഗ്യത ലഭിച്ചുള്ളൂ.
അതേസമയം, അത്‌ലറ്റിക്‌സില്‍ രാവിലെ മൂന്നിനങ്ങളിലായിരുന്നു ഇന്ത്യ മല്‍സരിച്ചത്. 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസ് പുരുഷ വിഭാത്തില്‍ ഇന്ത്യയുടെ അവിനാഷ് സേബ്‌ളിനു യോഗ്യത നേടാനായില്ല. എങ്കിലും ദേശീയ റെക്കോര്‍ഡ് കുറിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. സ്വന്തം റെക്കോര്‍ഡ് തന്നെയാണ് അവിനാഷ് മെച്ചപ്പെടുത്തിയത്. താരം മല്‍സരം പൂര്‍ത്തിയാക്കാനെടുത്ത സമയം-8.18.12.
ഗ്ലാമര്‍ ഇനമായ വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്‌സില്‍ ഇറങ്ങിയ ഇന്ത്യന്‍ താരം ദ്യുതിചന്ദും ഹീറ്റ്‌സില്‍ പിന്തള്ളപ്പെട്ടു. അഞ്ചാം ഹീറ്റ്‌സില്‍ ദ്യുതി മല്‍സരം പൂര്‍ത്തിയാക്കിയത് 11.54 സെക്കന്റിലായിരുന്നു. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹീറ്റ്‌സില്‍ മലയാളി താരം എംപി ജാബിറായിരുന്നു പിന്നീട് ട്രാക്കിലെത്തിയത്. അഞ്ചാമത്തെ ഹീറ്റ്‌സില്‍ അവസാന സ്ഥാനത്തായിരുന്നു കേരള താരം ഫിനിഷ് ചെയ്തത്.
ബോക്‌സിങില്‍ ഇന്ത്യ ഇന്നു മെഡല്‍ ഉറപ്പാക്കിയിരുന്നു. വനിതകളുടെ വിഭാഗത്തില്‍ ലവ്‌ലിന ബൊര്‍ഗോഹെയ്‌നാണ് തകര്‍പ്പന്‍ വിജയവുമായി സെമി ഫൈനലിലേക്കു മുന്നേറിയത്. ചൈനീസ് തായ് പേയിയുടെ നിയന്‍ ചിന്‍ ചാനിനെ ഇന്ത്യന്‍ താരം 4-1നു പരാജയപ്പെടുത്തുകയായിരുന്നു. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പിവി സിന്ധു മെഡലിലേക്കു ഒരുപടി കൂടി അടുത്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജയിച്ച് ഇന്ത്യന്‍ താരം സെമിയിലേക്കു മുന്നേറി. ഹോക്കിയില്‍ വനിതാ ടീം 1-0ന് അയര്‍ലാന്‍ഡിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്തപ്പോള്‍ നേരത്തേ തന്നെ ക്വാര്‍ട്ടറിലെത്തി പുരുഷ ടീം ജപ്പാനെ 5-3ന് തകര്‍ത്തുവിട്ടു. അമ്പെയ്ത്ത് വനിതകളുടെ വ്യക്തിഗത ഇനത്തില്‍ ഇന്ത്യന്‍ താരം ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി.