
ടോക്കിയോ ഒളിംപിക്‌സില്‍ അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ക്കു ഇന്നു തുടക്കമായപ്പോള്‍ ട്രാക്കില്‍ ഇന്ത്യക്കു അത്ര ശുഭകരമല്ല കാര്യങ്ങള്‍. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസില്‍ അവിനാഷ് സേബ്ള്‍ ഫൈനല്‍ കാണാതെ പുറത്തായി. എങ്കിലും ഹീറ്റ്‌സില്‍ പുതിയ ദേശീയ റെക്കോര്‍ഡ് കുറിക്കാനായതില്‍ അദ്ദേഹത്തിനു അഭിമാനിക്കാം. 8.18.12 സെക്കന്റിലായിരുന്നു അവിനാഷ് മല്‍സരം പൂര്‍ത്തിയാക്കിയത്. ആദ്യ റൗണ്ടിലെ രണ്ടാമത്തെ ഹീറ്റ്‌സില്‍ ഏഴാംസ്ഥാനത്തായിരുന്നു താരം ഫിനിഷ് ചെയ്തത്.
സ്വന്തം പേരിലുള്ള ദേശീയ റെക്കോര്‍ഡ് തന്നെയാണ് അവിനാഷ് ടോക്കിയോയില്‍ തിരുത്തിക്കുറിച്ചത്. ഈ വര്‍ഷമാദ്യം പട്യാലയില്‍ നടന്ന 24ാമത് ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 8.20.20 സെക്കന്റില്‍ ഫിനിഷ് ചെയ്തായിരുന്നു അദ്ദേഹം ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചത്. ഇതാണ് അവിനാഷ് മെച്ചപ്പെടുത്തിയത്.
ഹീറ്റ്‌സില്‍ കെനിയയുടെ അബ്രഹാം കിബിവോട്ടാണ് ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്. 8.12.25 സെക്കന്റില്‍ താരം മല്‍സരം പൂര്‍ത്തിയാക്കി. എത്യോപ്യയുടെ വെയ്ന്‍ ഗെറ്റ്‌നെറ്റ് രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തു. ഇറ്റലിയുടെ അഹമ്മദ് അബ്ദുള്‍വാഹിദിനാണ് മൂന്നാംസ്ഥാനം. ഇവര്‍ മൂന്നു പേരുമാണ് ഫൈനലിലേക്കു യോഗ്യത നേടിയത്.അവിനാഷിനെക്കൂടാതെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ രണ്ടു താരങ്ങള്‍ക്കു കൂടി ഇന്നു തിരിച്ചടി നേരിട്ടു. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ മലയാളി താരം എംപി ജാബിര്‍ സെമി ഫൈനല്‍ കാണാതെ പുറത്തായി. അഞ്ചാമത്തെ ഹീറ്റ്‌സില്‍ അവസാന സ്ഥാനത്തായിരുന്നു ജാബിര്‍ ഫിനിഷ് ചെയ്തത്.
വനിതളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതിചന്ദിനും യോഗ്യത നേടാന്‍ കഴിഞ്ഞില്ല. അഞ്ചാമത്തെ ഹീറ്റ്‌സിലായിരുന്നു ദ്യുതി ട്രാക്കിലിറങ്ങിയത്. പക്ഷെ ഏഴാസ്ഥാനത്തു ഫിനിഷ് ചെയ്യാനേ താരത്തിനായുള്ളൂ. 11.54 സെക്കന്റാണ് ഫിനിഷ് ചെയ്യാന്‍ ദ്യുതിക്കു വേണ്ടിവന്നത്.
അതേസമയം, ഇന്ത്യ ഇന്നു ഗെയിംസില്‍ തങ്ങളുടെ രണ്ടാമത്തെ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. വനിതകളുടെ ബോക്‌സിങില്‍ ലവ്‌ലിന ബൊര്‍ഗോഹെയ്‌നാണ് സെമി ഫൈനലിലേക്കു യോഗ്യത നേടിയതോടെ മെഡലിന് അവകാശിയായത്. ചൈനീസ് തായ്‌പേയിയുടെ നിയന്‍ ചിന്‍ ചാനിനെ ഇന്ത്യന്‍ താരം 4-1നു തോല്‍പ്പിക്കുകയായിരുന്നു. ഒളിംപിക്‌സ് ചരിത്രത്തില്‍ രാജ്യത്തിനായി മെഡല്‍ നേടിയ മൂന്നാമത്തെ ബോക്‌സര്‍ കൂടിയാണ് ലവ്‌ലിന. വിജേന്ദര്‍ കുമാര്‍, മേരികോം എന്നിവര്‍ നേരത്തേ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്.