ലോസാന്‍ ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം നീരജ് ചോപ്രക്ക് വെള്ളി മെഡല്‍ മാത്രം. ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണത്തിലേക്കെത്താന്‍ നീരജിന് സാധിക്കുമെന്ന് കരുതിയിരുന്നെങ്കിലും വെള്ളി മെഡലിലേക്ക് ഒതുങ്ങുകയായിരുന്നു. സീസണിലെ ബെസ്റ്റ് ത്രോ ചെയ്യാന്‍ നീരജിനായെങ്കിലും മികച്ച പോരാട്ടം എതിരാളികളില്‍ നിന്ന് ഉണ്ടായതിനാല്‍ വെള്ളിയില്‍ ഒതുങ്ങി. മികച്ച ഫോമിലായിരുന്നില്ല നീരജ് ഉണ്ടായിരുന്നത്. ആദ്യത്തെ ത്രോകളെല്ലാം പിഴച്ചു. ആറാം ത്രോയിലാണ് വെള്ളി ഉറപ്പിക്കാന്‍ അദ്ദേഹത്തിനായത്.
89.45 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് വെള്ളിയിലേക്കെത്തിയത്. ഗ്രനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് മീറ്റ് റെക്കോഡോടെയാണ് സ്വര്‍ണ്ണത്തിലേക്കെത്തിയത്. 90.61 മീറ്ററാണ് താരം ജാവലിന്‍ പായിച്ചത്. മൂന്നാമതെത്തിയത് ജര്‍മനിയുടെ ജൂലിയന്‍ വെബ്ബറാണ്. 87.08 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് താരം വെങ്കലത്തിലേക്കെത്തിയത്. 90 മീറ്ററിന് മുകളിലേക്കെറിയാന്‍ നീരജിന് സാധിക്കാതെ പോകുന്നുവെന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്.

ആദ്യ അഞ്ച് ശ്രമങ്ങളില്‍ 82.10, 83.21, 83.13, 83.24, 85.58 എന്നിങ്ങനെയായിരുന്നു നീരജിന്റെ ത്രോ. ആറാം ശ്രമത്തിലാണ് നീരജിന് ഭേദപ്പെട്ട ത്രോ കണ്ടെത്താനായത്. ദോഹ ഡയമണ്ട് ലീഗിലും നീരജിന് രണ്ടാം സ്ഥാനമായിരുന്നു. 88.36 മീറ്ററാണ് ദോഹയില്‍ നീരജ് ജാവലിന്‍ പായിച്ചത്. പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ഉറച്ച സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയായിരുന്നു നീരജ് ചോപ്ര. എന്നാല്‍ വെള്ളിയിലേക്കൊതുങ്ങി. പാകിസ്താന്റെ അര്‍ഷാദ് നദീമാണ് പാരീസ് ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടിയത്.
ലോസാന്‍ ഡയമണ്ട് ലീഗില്‍ പോരാട്ടം കടുപ്പിക്കാന്‍ അര്‍ഷാദ് നദീം പങ്കെടുത്തില്ല. നീരജിനെ സമീപകാലത്തായി ഫിറ്റ്‌നസും പരിക്കും തളര്‍ത്തുന്നു. ടോക്കിയോ ഒളിംപിക്‌സിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവായ നീരജിന്റെ സമീപകാല പ്രകടനങ്ങളൊന്നും സ്വര്‍ണ്ണ തിളക്കമുള്ളതല്ല. അടുത്ത ഒളിംപിക്‌സിന് മുമ്പ് ഇന്ത്യ നീരജിന്റെ ബാക്കപ്പ് താരത്തെ വളര്‍ത്തേണ്ടത് അത്യാവശ്യമാണെന്നാണ് താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യക്കായി ഒളിംപിക്‌സില്‍ സ്വര്‍ണ്ണവും വെള്ളിയും ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും വെള്ളിയും ഡയമണ്ട് ലീഗില്‍ സ്വര്‍ണ്ണവും വെള്ളിയും ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു സ്വര്‍ണ്ണവുമെല്ലാം നേടിയിട്ടുള്ള താരമാണ് നീരജ്. 26കാരനായ നീരജിന് മുന്നില്‍ ഇനിയും ഏറെ ടൂര്‍ണമെന്റുകള്‍ മുന്നിലുണ്ട്. ഇന്ത്യക്കായി ഇനിയും മികച്ച പ്രകടനങ്ങളോടെ കസറാന്‍ നീരജ് ചോപ്രക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.