കല്‍പ്പറ്റ: ഒമ്പതാം ക്ലാസില്‍ പഠിക്കവെ കൗതുകത്തിന് നീന്തല്‍ പഠിക്കണമെന്ന് ആഗ്രഹിച്ച പെണ്‍കുട്ടി ഇന്ന് ഇന്ത്യയുടെ പരിശീലക കുപ്പായത്തില്‍ ലോക ടൂര്‍ണമെന്റിലേക്ക്. സെപ്തംബര്‍ ഒന്നു മുതല്‍ സ്പെയിനില്‍ നടക്കുന്ന ലോക അക്വാട്ടിക് വാട്ടര്‍ പോളോ മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലക കുപ്പായമാണ് ബത്തേരിക്കാരിയായ ബിജി വര്‍ഗീസിനെ തേടിയെത്തിയിരിക്കുന്നത്. വയനാട്ടിലെ വിറയ്ക്കുന്ന തണുപ്പില്‍ നീന്തി പഠിച്ച ബിജി കേരളത്തിനായി നിരവധി മെഡലുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്.
എന്നാല്‍ ഇന്ത്യയുടെ പരിശീലകയെന്ന അഭിമാന നേട്ടം തേടിയെത്തുന്നത് ഇതാദ്യമായാണ്. ഇടവേളക്ക് ശേഷമാണ് ലോക അക്വാട്ടിക് വാട്ടര്‍പോളോയില്‍ ഇന്ത്യ മത്സരിക്കാനിറങ്ങുന്നത്. വയനാട്ടിലെ പരിമിത സാഹചര്യങ്ങളുടെ കുത്തൊഴുക്കിനെ ധൈര്യത്തോടെ നീന്തിക്കടന്ന് കേരളത്തിന്റെ അഭിമാനമായി മാറിയ ബിജി വര്‍ഗീസ് മൈഖേല്‍ മലയാളവുമായി വിശേഷങ്ങള്‍ പങ്കുവെക്കുന്നു.
നീന്തലിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ച് ബിജി പറയുന്നത് ഇങ്ങനെയാണ്. കുട്ടിക്കാലത്ത് വെള്ളത്തില്‍ ഇറങ്ങുന്നത് ഭയപ്പെട്ടിരുന്നു. പിന്നീട് 9ാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് നീന്തല്‍ പഠിക്കണമെന്ന ആഗ്രഹം തോന്നുന്നത്. അന്ന് കടമാഞ്ചിറയില്‍ നീന്തല്‍ പഠിപ്പിക്കുന്നുണ്ടായിരുന്നു. അവിടെ വെച്ചാണ് കരിയര്‍ ആരംഭിച്ചതെന്ന് പറയാം. വളരെ വേഗത്തില്‍ നീന്തല്‍ പഠിച്ചു. അവിടെ ട്രയിനിങ് നല്‍കിയ പരിശീലകനാണ് എന്റെ നീന്തലിലെ കഴിവ് തിരിച്ചറിയുന്നതും പ്രചോദനം നല്‍കുന്നതും.
ഇതോടെ പതിയ നീന്തലിനെ ഗൗരവത്തോടെ കാണാന്‍ തുടങ്ങുകയും കഠിന പരിശീലനം ആരംഭിക്കുകയും ചെയ്തു. പതിയ പ്രൊഫഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി. ഇതിലെല്ലാം മെഡലുകള്‍ ലഭിച്ചു തുടങ്ങിയതോടെ കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ സാധിച്ചു

നീന്തല്‍ പരിശീലകയെന്നതിലുപരിയായി സോഷ്യല്‍ സയന്‍സ് അധ്യാപിക കൂടിയാണ് ബിജി. സോഷ്യല്‍ സയന്‍സ് അധ്യാപികയില്‍ നിന്നും നീന്തല്‍ പരിശീലകയെന്ന റോളിലേക്കുള്ള മാറ്റത്തെക്കുറിച്ചും ബിജി മനസ് തുറന്നു. ബത്തേരി ടെക്നിക്കല്‍ സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപികയാണ് ഞാന്‍. അധ്യാപനം വളരെ ഇഷ്ടത്തോടെ ചെയ്യുന്ന ജോലിയാണ്. ഇതിനോടൊപ്പം നീന്തലും മുന്നോട്ട് കൊണ്ടുപോകുന്നു. രാവിലെയും വൈകുന്നേരവുമാണ് നീന്തല്‍ പഠിപ്പിക്കുന്നത്.
ഇതോടൊപ്പം അധ്യാപികയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളും കൃത്യമായി നിറവേറ്റുന്നു. സ്‌കൂള്‍ മാനേജ്മെന്റിന്റെയും സഹ അധ്യാപകരുടെയുമെല്ലാം വലിയ പിന്തുണ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ധൈര്യത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കുന്നു.
കേരളത്തില്‍ നിന്ന് അധികമാര്‍ക്കും ലഭിക്കാത്ത നേട്ടമാണ് ബിജിയെ തേടിയെത്തിയിരിക്കുന്നത്. വയനാട്ടിലെ പരിമിത സാഹചര്യങ്ങളില്‍ നിന്ന് ഇന്ത്യയുടെ പരിശീലക കുപ്പായത്തിലേക്കെത്തിയ കഥയെക്കുറിച്ച് ബിജ പറയുന്നത് ഇങ്ങനെയാണ്. നീന്തലില്‍ മത്സരിച്ചിരുന്ന സമയം മുതല്‍ മറ്റുള്ളവര്‍ക്ക് നീന്തല്‍ പഠിക്കാനുള്ള പരിശീലനവും നല്‍കിയിരുന്നു. കോട്ടക്കുന്നിലെ വയനാട് ക്ലബ്ബിലെ സ്വിമ്മിങ് പൂളിലാണ് അഞ്ച് വര്‍ഷത്തിലേറെയായി പരിശീലനം നല്‍കി വരുന്നത്.
2017ല്‍ ദേശീയ സ്വിമ്മിങ് ഫെഡറേഷന്റെ ടെക്നിക്കല്‍ ഒഫീഷ്യലായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 2019ല്‍ ഏഷ്യന്‍ ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ടീം മാനേജറായി. ഇതിന് ശേഷമാണ് പരിശീലകയെന്ന നിലയിലേക്ക് നിയമനം ലഭിക്കുന്നത്. എന്നോടൊപ്പം ബംഗാളില്‍ നിന്നുള്ള ഒരു പരിശീലകയുമുണ്ട്.

പരിശീലന കുപ്പായത്തിലേക്കെത്തുന്നതിന് മുമ്പ് നാഷണല്‍ മീറ്റുകളില്‍ നിരവധി മെഡലുകള്‍ വാരിക്കൂട്ടിയ താരമായിരുന്നു. ഇതിന്റെ ഓര്‍മകളും ബിജി പങ്കുവെച്ചു. 10ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ സജീവമായി മത്സര രംഗത്തുണ്ട്. 1994-2011വരെ സ്വിമ്മിങ്, വാട്ടര്‍പോളോ എന്നിവയില്‍ നിരവധി മെഡലുകള്‍ നേടിയെടുത്തു. വിവാഹത്തിന് ശേഷം വാട്ടര്‍ പോളോയില്‍ മാത്രമാണ് മത്സരിച്ചത്. മത്സരിച്ച നാഷണല്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നഷ്ടമായത് ഒരു തവണ മാത്രമാണ്. കേരള ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലും ഏറെ നാള്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു.
കുടുംബത്തിന്റെ വലിയ പിന്തുണയാണ് തന്റെ വളര്‍ച്ചയുടെ കാരണമെന്നാണ് ബിജി പറയുന്നത്. കെഎസ്ഇബി എന്‍ജിനീയറായ പാലക്കുന്നേല്‍ ജോഷിയാണ് ഭര്‍ത്താവ്. മകന്‍ എല്‍ദോ ആല്‍വിന്‍ ജോഷി പ്ലസ് വണ്ണില്‍ പഠിക്കുകയാണ്. മകള്‍ ആദ്യ ജോഷി ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. രണ്ട് പേര്‍ക്കും നീന്തലില്‍ പരിശീലനം നല്‍കുന്നുണ്ട്. മക്കള്‍ രണ്ടുപേരും കേരള ടീമിന്റെ ഭാഗമാണ്. എല്ലാവരും എന്റെ ആഗ്രഹത്തിന് പിന്തുണയും പ്രോത്സാഹനവും നല്‍കുന്നുണ്ട്. മക്കളെയും ഇതേ മേഖലയില്‍ വളര്‍ത്താനാണ് ആഗ്രഹിക്കുന്നത്.
വയനാട്ടില്‍ നിന്ന് കൂടുതല്‍ നീന്തല്‍ താരങ്ങള്‍ വളര്‍ന്നു വരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും നിരവധി വെല്ലുവിളികളാണുള്ളതെന്നും ബിജി പറഞ്ഞു. വയനാട്ടിലെ പ്രതികൂല കാലാവസ്ഥയെ മറികടക്കാനുള്ള ആത്മധൈര്യം കാട്ടണം. പിന്നെ കഠിനമായി അധ്വാനിക്കാനുള്ള മനസും വേണം. നിലവില്‍ നീന്തല്‍ പഠിപ്പിക്കാന്‍ സാധിക്കുന്ന പൊതു സംവിധാനമില്ല. പ്രൈവറ്റ് പൂളിലാണ് ഇപ്പോള്‍ പരിശീലനം നടത്തുന്നത്.
സാധാരണക്കാരായ കുട്ടികള്‍ക്ക് എളുപ്പത്തില്‍ വളര്‍ന്നുവരാന്‍ സാധിക്കുന്ന സാഹചര്യമല്ല വയനാട്ടിലുള്ളത്. ഞാന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് പരിശീലിപ്പിക്കുന്നത്. സ്വിമ്മിങ്ങിലേക്ക് വളര്‍ന്നുവരാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ ചെറുപ്പം മുതല്‍ പ്രൊഫഷനലായി പരിശീലനം നേടേണ്ടതായുണ്ട്.
ലോക അക്വാട്ടിക് വാട്ടര്‍ പോളോ മത്സരത്തില്‍ പങ്കെടുക്കുന്നതിനായുള്ള മുന്നൊരുക്കത്തെക്കുറിച്ചും ബിജി പറഞ്ഞു. ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീം ഇത്തരമൊരു ലോക ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച മുന്നൊരുക്കം നടത്തുന്നുണ്ട്. ഓഗസ്റ്റ് 1 മുതലാണ് പരിശീലന ക്യാംപ് ആരംഭിക്കുന്നത്. ഒഡീഷയിലെ ഭുവനേശ്വറില്‍ വെച്ചാണ് പരിശീലനം നടത്തുന്നത്.
നിലവില്‍ 25 പേരെ ടീമിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. വാട്ടര്‍പോളോയില്‍ 13 അംഗ ടീമിനെയാണ് ആവശ്യം. പരിശീലന ക്യാംപിലൂടെ ഈ ടീമിനെ കണ്ടെത്തും. കേരളത്തില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികളാണ് നിലവില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനത്തിലേക്ക് ടീമിനെ എത്തിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടെന്നും ബിജി കൂട്ടിച്ചേര്‍ത്തു.