
ബര്‍മിങ്ഹാം: മൂന്നാം ദിനത്തിലെ അവസാന ഫൈനലിലെ ഇന്ത്യയുടെ സുവര്‍ണ്ണ പ്രതീക്ഷ തെറ്റിയില്ല. പുരുഷന്മാരുടെ 73 കിലോഗ്രാം വിഭാഗത്തില്‍ അചിന്ത സിയോളിയാണ് ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയത്. ഗെയിംസ് റെക്കോഡായ 313 കിലോഗ്രാം ഉയര്‍ത്തിയാണ് ഇന്ത്യയുടെ 20കാരനായ താരം സ്വര്‍ണ്ണം കഴുത്തിലണിഞ്ഞത്. മലേഷ്യയുടെ ഇറി ഹിദായത്ത് 303 കിലോഗ്രാം ഉയര്‍ത്തി അചിന്തക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഇന്ത്യന്‍ താരത്തിന്റെ സുവര്‍ണ്ണ നേട്ടത്തെ തടുത്തുനിര്‍ത്താനായില്ല.
ആദ്യ ശ്രമത്തില്‍ത്തന്നെ 137 കിലോഗ്രാം ഉയര്‍ത്താന്‍ അചിന്ത സിയോളിക്കായി. രണ്ടാം ശ്രമത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ റെക്കോഡായ 140 കിലോഗ്രാം ഉയര്‍ത്തി. മൂന്നാം ശ്രമത്തില്‍ 143 കിലോഗ്രാമും ഉയര്‍ത്തി കരുത്തുകാട്ടാന്‍ അചിന്ത സിയോളിക്കായി. താരത്തിന്റെ വ്യക്തിഗത ബെസ്റ്റ് കൂടിയായിരുന്നു ഇത്. ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് അദ്ദേഹം. കോമണ്‍വെല്‍ത്ത് ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ 2019ലും 2021ലും 73 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണം നേടാന്‍ അചിന്തക്ക് സാധിച്ചിരുന്നു.

ഗെയിംസ് നാലാം ദിനത്തിലേക്ക് കടക്കവെ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി. മൂന്ന് സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ നേടിയത്. ആറ് മെഡലും ഭാരോദ്വഹനത്തിലായിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിലൂടെയാണ് ഇന്ത്യ ആദ്യ സ്വര്‍ണ്ണം നേടിയത്. പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗത്തില്‍ ലാല്‍റിന്നുംഗയും ഇന്ത്യക്കായി സ്വര്‍ണ്ണം നേടി.

സ്‌ക്വാഷില്‍ പുരുഷന്മാരുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ സൗരവ് ഘോഷാല്‍ സെമി ഫൈനലിലെത്തി. കാനഡയുടെ ഡേവിഡ് ബൈലാര്‍ജിയോനെ 11-6, 11-2, 11-6 എന്ന സ്‌കോറിനാണ് സൗരവ് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് ആധിപത്യ ജയം തന്നെയാണ് താരം നേടിയെടുത്തത്. മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ ആകര്‍ഷി കശ്യപ് ജൊഹാനിറ്റ സ്‌കോള്‍ട്ടസിനെ 21-11, 21-16 എന്ന സ്‌കോറിനും തകര്‍ത്തതോടെ ദക്ഷിണാഫ്രിക്കയെ 3-0ന് വീഴ്ത്തി ഇന്ത്യന്‍ സംഘം സെമിയിലും കടന്നു.

പുരുഷന്മാരുടെ 50 മീറ്ററില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജ് ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ അഞ്ചാമനായാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. 25.38 സെക്കന്റ് സമയം കുറിച്ചാണ് ശ്രീഹരി ഫൈനല്‍ യോഗ്യത നേടിയത്. വനിതകളുടെ ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്താനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ ഘാനയെ എതിരില്ലാത്ത 11 ഗോളിനും തകര്‍ത്തു.