
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷ നല്‍കിയ പുരുഷ ബോക്‌സര്‍ ശിവ ഥാപ്പ പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്. സ്‌കോട്ട്‌ലന്‍ഡിന്റെ റീസി ലിഞ്ചിനോട് 4-1നാണ് ശിവയുടെ തോല്‍വി. 63.5 കിലോഗ്രാമില്‍ മത്സരിക്കാനിറങ്ങിയ താരത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചിരുന്നെങ്കിലും നിരാശപ്പെടുത്തി. 28കാരനായ താരം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ഒരു സ്വര്‍ണ്ണവും രണ്ട് വീതം വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും അദ്ദേഹത്തിന് നേടാനായിരുന്നു.
വനിതകളുടെ 48-50 കിലോഗ്രാം ലൈറ്റ് ഫ്ളൈ വിഭാഗത്തില്‍ ഇന്ത്യയുടെ നിഖാത്ത് സെറീന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഹെലീന ഇസ്മയിനെ തോല്‍പ്പിച്ചാണ് നിഖാത്ത് സെറീന്‍ ക്വാര്‍ട്ടറില്‍ കടന്നത്. 26കാരിയായ താരം ഈ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയിരുന്നു. 2019ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ താരം വെങ്കലവും നേടിയിരുന്നു. 2011ലെ ലോക ജൂനിയര്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലും സുവര്‍ണ്ണനേട്ടം നിഖാത്ത് നേടി.

പുരുഷന്മാരുടെ ആര്‍ട്ടിസ്റ്റിക് ഓള്‍റൗണ്ട് ഫൈനല്‍സില്‍ ഇന്ത്യയുടെ യോഗേശ്വര്‍ സിങ് 15ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 74.70 പോയിന്റാണ് ഇന്ത്യന്‍ താരത്തിന് നേടാനായത്. അതേ സമയം പുരുഷന്മാരുടെ ടേബിള്‍ ടെന്നിസ് ടീം ഇനത്തില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി സെമി ഫൈനലില്‍ കടന്നു. ബംഗ്ലാദേശിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യന്‍ ടീം തോല്‍പ്പിച്ചത്.

ആദ്യ മത്സരത്തില്‍ ഹര്‍മീത് ദേശായി-സത്യന്‍ ജിയും ചേര്‍ന്ന് റംഹിമിലന്‍ ബാവ്-മൊഹ്താസിന്‍ റെഡോയ് സഖ്യത്തെ 11-8, 11-6, 11-2 എന്ന സ്‌കോറിന് ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ശരത് കമാല്‍ എംഡി സാബിറിനെ 11-4, 11-7, 11-2 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. മൂന്നാം മത്സരത്തില്‍ സത്യന്‍ ഗണശേഖരന്‍ മൊഹ്താസിന്‍ റെഡ്ഡിയെ 11-2, 11-3, 11-5 എന്ന സ്‌കോറിനും തോല്‍പ്പിച്ച് ഇന്ത്യക്ക് തകര്‍പ്പന്‍ ജയമൊരുക്കുകയായിരുന്നു.

ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന ചില മെഡലുകളും ഇന്ന് നേടാനായി. പുരുഷന്മാരുടെ 67കിലോഗ്രാം ഭാരോദ്വഹനത്തില്‍ ലാല്‍റിന്നുംഗയാണ് ഇന്ത്യക്കായി പൊന്നണിഞ്ഞത്. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഒളിംപിക് ജേതാവും വനിതാ താരവുമായ മീരാബായ് ചാനുവും ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയിരുന്നു. ഇന്ത്യ അഞ്ച് മെഡലുകള്‍ ഇതുവരെ നേടി. അഞ്ചും ഭാരോദ്വഹനത്തിലാണെന്നതാണ് കൗതുകകരമായ കാര്യം.
അതേ സമയം നീന്തലില്‍ ഇന്ത്യയുടെ സജന്‍ പ്രകാശിന് സെമി ബര്‍ത്ത് നേടാനായില്ല. പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ ഒമ്പതാം സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്.