ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 10ാം ദിനം ഇന്ത്യക്ക് മലയാളിയിലൂടെ സുവര്‍ണ്ണ മെഡല്‍. പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപിലാണ് മലയാളിയായ എല്‍ദോസ് പോള്‍ സ്വര്‍ണ്ണം നേടിയത്. 17.03 മീറ്റര്‍ ചാടിയാണ് താരം സ്വര്‍ണ്ണ നേട്ടത്തിലേക്കെത്തിയത്. കരിയറിലെ ഏറ്റവും മികച്ച ചാട്ടത്തോടെയാണ് എല്‍ദോസ് ഇന്ത്യക്ക് അഭിമാന മെഡല്‍ സമ്മാനിച്ചത്. ഇതേ ഇനത്തില്‍ മലയാളിയായ അബ്ദുല്ല അബൂബക്കര്‍ വെള്ളിയും നേടി.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപില്‍ ഫൈനല്‍ യോഗ്യത നേടിയെടുത്ത ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും എല്‍ദോസ് സ്വന്തമാക്കിയിരുന്നു. 16.68 മീറ്റര്‍ പിന്നിട്ടാണ് എല്‍ദോസ് ഈ ചരിത്രനേട്ടം ഉണ്ടായത്. കോതമംഗലം എംഎ കോളേജില്‍ ടിപി ഔസേപ്പിന്റെ ശിഷ്യനായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഫെഡറേഷന് കപ്പില്‍ 16.88 മീറ്റര്‍ ചാടിയതാണ് താരത്തിന്റെ നേരത്തെയുള്ള മികച്ച പ്രകടനം.
പുരുഷന്മാരുടെ 10000 മീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ സന്ദീപ് കുമാറിന് വെങ്കലം നേടി. വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധു മെഡലുറപ്പിച്ച് ഫൈനലില്‍ കടന്നു. സിംഗപ്പൂര്‍ താരം ജിയ മിന് യിയോയെയാണ് തോല്‍പ്പിച്ചത്. സ്കോര്‍ 21-19, 21-17. വനിതാ ഹോക്കിയില്‍ ഇന്ത്യ വെങ്കലവും നേടി. ഷൂട്ടോഫില്‍ ന്യൂസീലന്‍ഡിനെയാണ് തോല്‍പ്പിച്ചത്.
നിലവില്‍ ഇന്ത്യക്ക് 46 മെഡലാണുള്ളത്. 16 സ്വര്‍ണ്ണവും 12 വെള്ളിയും 18 വെങ്കലവും ഇതില്‍ ഉള്‍പ്പെടും. അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.