
കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ പ്രതീക്ഷ തെറ്റിക്കാതെ ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍. ബജരംഗ് പൂനിയക്ക് പിന്നാലെ സാക്ഷി മാലിക്കും ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയിരിക്കുകയാണ്. വനിതകളുടെ 62 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ഇന്ത്യയുടെ അഭിമാനമായ സാക്ഷി മാലിക്ക് സ്വര്‍ണ്ണം നേടിയത്. കാനഡയുടെ ഗോഡിനസ് ഗോണ്‍സാലസിനെയാണ് സാക്ഷി ഫൈനലില്‍ തോല്‍പ്പിച്ചത്.
29കാരിയായ സാക്ഷി മാലിക് 2016ലെ ഒളിംപിക്സില്‍ വെങ്കലവും 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും 2018ല്‍ വെങ്കലവും നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണ്ണവും വെങ്കലവും സാക്ഷിക്ക് നേടിയെടുക്കാനായിട്ടുണ്ട്. ഇന്ത്യയുടെ ഇത്തവണത്തെ എട്ടാമത്തെ സ്വര്‍ണ്ണ മെഡലാണ് സാക്ഷി നേടിയെടുത്തത്. എട്ട് സ്വര്‍ണ്ണവും വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 23 മെഡലുകളുമായി ഇന്ത്യ നിലവില്‍ ആറാം സ്ഥാനത്താണ്.

പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയുടെ ഫൈനലില്‍ കാനഡയുടെ ലാച്ച്‌ലാന്‍ മക്‌നീലിനെ 9-2 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ബജരംഗ് സ്വര്‍ണ്ണം നേടിയത്. ഇത്തവണ ഗുസ്തിയില്‍ ഇന്ത്യ നേടുന്ന ആദ്യത്തെ സ്വര്‍ണ്ണ മെഡലാണിത്. തുടര്‍ച്ചയായി മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ നേടിയ ബജരംഗ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേടുന്ന തുടര്‍ച്ചയായ രണ്ടാമത്തെ സ്വര്‍ണ്ണം കൂടിയാണിത്.

28കാരനായ ബജരംഗ് പൂനിയ 2020ലെ ടോക്കിയോ ഒളിംപിക്സില്‍ വെങ്കലവും ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും വെള്ളിയും നേടിയ പൂനിയ 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണവും 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ്ണവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 2 സ്വര്‍ണ്ണവും നാല് വെള്ളിയും 2 വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്.