
വനിതകളുടെ 10,000 മീറ്റര്‍ നടത്ത മത്സരത്തില്‍ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി. വെള്ളി മെഡലാണ് താരം ഇന്ത്യക്ക് നേടിക്കൊടുത്തത്. 20 കിലോ മീറ്റര്‍ നടത്ത മത്സരത്തിലും പങ്കെടുക്കാറുള്ള പ്രിയങ്ക നേരത്തെ ടോക്കിയോ ഒളിംപിക്‌സിലും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. അന്ന് 17ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 26കാരിയായ താരം ഇന്ത്യന്‍ റെയില്‍വേയിലെ ജോലിക്കാരിയാണ്. 43.38.83 സമയം കുറിച്ചാണ് പ്രിയങ്ക വെള്ളി മെഡല്‍ നടന്ന് നേടിയത്. 42.34.30 സമയം കുറിച്ച് ഓസ്‌ട്രേലിയയുടെ ജമീമ മോണ്ടാഗാണ് ഈ ഇനത്തില്‍ സ്വര്‍ണ്ണം നേടിയത്.

ഒമ്പതാം ദിനം ഇന്ത്യ നേടുന്ന ആദ്യത്തെ മെഡലാണിത്. വനിതകളുടെ 48കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നിട്ടു ഗംഖാസ് ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. സെമിയില്‍ കാനഡയുടെ പ്രിയങ്ക ധിലോണിനെയാണ് തോല്‍പ്പിച്ചത്. പുരുഷന്മാരുടെ 48-51 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ അമിത് പംഗല്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. എട്ടാം ദിനം ബോക്‌സിങ്ങില്‍ അഞ്ച് മെഡല്‍ നേടിയ ഇന്ത്യ ഒമ്പതാം ദിനം ബോക്‌സിങ്ങിലും ഗുസ്തിയിലും മെഡല്‍ പ്രതീക്ഷയിലാണ്.

വനിതാ ക്രിക്കറ്റ് സെമിയില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. ഓപ്പണര്‍ സ്മൃതി മന്ദാനയുടെ (32 പന്തില്‍ 61) വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുകയാണ്. എട്ട് ഫോറും മൂന്ന് സിക്‌സും സ്മൃതി നേടി. നിലവില്‍ ഒമ്പത് സ്വര്‍ണ്ണവും 9 വെള്ളിയും 9 വെങ്കലവുമടക്കം 27 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.