
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഒമ്പതാം ദിനത്തിലും പ്രതീക്ഷയോടെ തുടങ്ങി ഇന്ത്യ. വനിതകളുടെ 48കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നിട്ടു ഗംഖാസ് ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ കാനഡയുടെ പ്രിയങ്ക ധിലോണിനെയാണ് തോല്‍പ്പിച്ചത്. ഗുസ്തിയില്‍ എട്ടാം ദിനം മെഡല്‍ വാരിയ ഇന്ത്യ ഒമ്പതാം ദിനം വിനേഷ് ഫോഗാട്ടിലൂടെ മെഡല്‍ പ്രതീക്ഷിക്കുന്നു. വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ കാനഡയുടെ സാമന്ത സ്റ്റീവാര്‍ട്ടിനെ വിനേഷ് ഫോഗാട്ട് തോല്‍പ്പിച്ചു.

പുരുഷന്മാരുടെ 74 കിലോഗ്രാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ നവീന്‍ നൈജീരിയയുടെ ഒഗ്‌ബോന എമ്മാനുവേല്‍ ജോണിനെയും തോല്‍പ്പിച്ചു. ടേബിള്‍ ടെന്നിസിലെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ അചന്ത ശരത് കമാല്‍ സിംഗപ്പൂരിന്റെ യോങ് ഇസാഖ് ക്യൂക്കിനെ 4-0ന് തോല്‍പ്പിച്ച് സെമിയില്‍ കടന്നു. ഗ്രൂപ്പ് എയില്‍ നടന്ന വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ പൂജ ഗഹ് ലോട്ട് സ്‌കോട്ട്‌ലന്‍ഡിന്റെ ക്രിസ്റ്റില്ലി ലിമോഫാക്കിനെ തോല്‍പ്പിച്ചു.

എട്ടാം ദിനം ഗുസ്തിയില്‍ ഇന്ത്യ അഞ്ച് മെഡലാണ് വാരിയത്. മൂന്ന് സ്വര്‍ണ്ണവും ഓരോ വെള്ളിയും വെങ്കലവുമാണ് ഇന്ത്യ നേടിയെടുത്തത്. നിലവില്‍ ഒമ്പത് സ്വര്‍ണ്ണവും എട്ട് വെള്ളിയും 9 വെങ്കലവുമടക്കം 26 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.