ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിങ്ങിന്റെ 10ാം ദിനം ഇന്ത്യക്ക് വീണ്ടും സ്വര്‍ണ്ണം. വനിതകളുടെ 50 കിലോഗ്രാം ബോക്സിങ്ങില്‍ ഇന്ത്യയുടെ നിഖാത്ത് സെറീനാണ് സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്. ഫൈനലില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ കാര്‍ളി മക്നൗളിനെ 5-0നാണ് തോല്‍പ്പിച്ചത്. 26കാരിയായ നിഖാത്ത് സെറീന് ഈ വര്‍ഷം ഇസ്താംബൂളില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയിരുന്നു. 2019ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി വെങ്കലവും താരം നേടിയിട്ടുണ്ട്.
പുരുഷ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സെയ്രാജ് -ചിരാഗ് ഷെട്ടി സഖ്യം മലേഷ്യന്‍ സഖ്യത്തിനെ 21-6, 21-15 എന്ന സ്കോറിന് തോല്‍പ്പിച്ച് ഫൈനലില്‍ പ്രവേശിച്ചു. അതേ സമയം പുരുഷന്മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സെമിയില്‍ പരാജയപ്പെട്ടു.മലേസ്യയുടെ എന്‍ജി ടീ യങ്ങിനോട് തോറ്റു. സ്കോര്‍ 21-13, 19-21, 10-21. വെങ്കല മെഡല്‍ നേട്ടത്തിനായി സിംഗപ്പൂരിന്റെ ജിയ ഹെങ് ടെക്കിനെ ശ്രീകാന്ത് നേരിടും. അതേ സമയം പുരുഷന്മാരുടെ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.
പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ ഇന്ത്യ സ്വര്‍ണ്ണവും വെള്ളിയും നേടി. രണ്ട് മെഡലും മലയാളി താരങ്ങളിലൂടെയാണെന്നതാണ് എടുത്തു പറയേണ്ടത്. സ്വര്‍ണ്ണ നേട്ടം എല്‍ദോസ് പോളും വെള്ളി മെഡല്‍ അബ്ദുല്ല അബൂബക്കറുമാണ് നേടിയത്. വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധു മെഡലുറപ്പിച്ച് ഫൈനലില്‍ കടന്നു. സിംഗപ്പൂര്‍ താരം ജിയ മിന് യിയോയെയാണ് തോല്‍പ്പിച്ചത്. സ്കോര്‍ 21-19, 21-17. വനിതാ ഹോക്കിയില്‍ ഇന്ത്യ വെങ്കലവും നേടി. ഷൂട്ടോഫില്‍ ന്യൂസീലന്‍ഡിനെയാണ് തോല്‍പ്പിച്ചത്.
നിഖാത്ത് സെറീന്റെ സ്വര്‍ണ്ണ നേട്ടത്തോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 17 സ്വര്‍ണ്ണവും 12 വെള്ളിയും 19 വെങ്കലവും ഉള്‍പ്പെടെ 48 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. ഇന്ന് മാത്രം ഇന്ത്യ നാല് സ്വര്‍ണ്ണമാണ് നേടിയത്.