
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യക്ക് അഭിമാന നേട്ടം. ബജരംഗ് പൂനിയ ഇന്ത്യക്കായി സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയപ്പോള്‍ അന്‍ഷു മാലിക് വെള്ളിയും നേടി. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയുടെ ഫൈനലില്‍ കാനഡയുടെ ലാച്ച്‌ലാന്‍ മക്‌നീലിനെ 9-2 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ബജരംഗ് സ്വര്‍ണ്ണം നേടിയത്.
ഇത്തവണ ഗുസ്തിയില്‍ ഇന്ത്യ നേടുന്ന ആദ്യത്തെ സ്വര്‍ണ്ണ മെഡലാണിത്. തുടര്‍ച്ചയായി മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ നേടിയ ബജരംഗ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേടുന്ന തുടര്‍ച്ചയായ രണ്ടാമത്തെ സ്വര്‍ണ്ണം കൂടിയാണിത്.

28കാരനായ ബജരംഗ് പൂനിയ 2020ലെ ടോക്കിയോ ഒളിംപിക്സില്‍ വെങ്കലവും ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും വെള്ളിയും നേടിയ പൂനിയ 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണവും 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ്ണവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 2 സ്വര്‍ണ്ണവും നാല് വെള്ളിയും 2 വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്.

57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്കിന് വെള്ളി മെഡല്‍. ഫൈനലില്‍ നൈജീരിയയുടെ ഫോലാസേദി അഡീക്കുറോയിയോട് തോറ്റു. 21കാരിയായ അന്‍ഷു മാലിക് 2021ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു. 2020ലെ ഇന്‍ഡിവ്യൂജല്‍ ലോകകപ്പിലും വെള്ളി നേടിയ താരം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഓരോ സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്.