ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കു രണ്ടു സ്വര്‍ണം. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ ചേസില്‍ അവിനാഷ് സാബലെയാണ് ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ് ആയി മാറിയത്. തൊട്ടുപിന്നാലെ പുരുഷന്‍മാരുടെ ഷോട്ട്പുട്ടില്‍ നിലവിലെ ജേതാവ് കൂടിയായ തജീന്ദര്‍പാല്‍ സിങ് രാജ്യത്തിനു രണ്ടാമത്തെ സ്വര്‍ണവും സമ്മാനിച്ചു.
ഗെയിംസ് റെക്കോര്‍ഡുമായിട്ടാണ് അവിനാഷ് സ്വര്‍ണത്തിലേക്കു പറന്നു കയറിയത്. എട്ടു മിനിറ്റും 19.50 സെക്കന്റിലുമായിരുന്നു അവിനാഷ് മല്‍സരം പൂര്‍ത്തിയാക്കിയത്. ഇതോടെ ഇറാന്റെ ഹൊസെയ്ന്‍ കെയ്ഹാനി 2018ലെ ഗെയിംസില്‍ സ്ഥാപിച്ച 8.22.79 സെക്കന്റെന്ന റെക്കോര്‍ഡ് പഴങ്കഥയാവുകയും ചെയ്തു. ഈയിനത്തില്‍ വെള്ളിയും വെങ്കലവും ജപ്പാനാണ്.

29കാരനായ അവിനാഷ് ഒരു വലിയ റെക്കോര്‍ഡും ഇതോടെ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഏഷ്യാഡില്‍ 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസില്‍ സ്വര്‍ണം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരമായാണ് അവിനാഷ് മാറിയത്.
മിന്നുന്ന പ്രകടനം നടത്തിയാണ് ഇന്ത്യന്‍ താരം സ്വര്‍ണത്തിനു അവകാശിയായത്. തുടക്കം മുതല്‍ എതിരാളികള്‍ക്കു പിടികൊടുക്കാതെ മുന്നേറിയ അവിനാഷ് ഒരിക്കല്‍പ്പോലും തന്നെയാരും മറികടക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. അവസാനത്തെ 50 മീറ്റര്‍ പൂര്‍ത്തിയാക്കുമ്പോള്‍ അവിനാഷിന്റെ അരികില്‍പ്പോലും ആരുമുണ്ടായിരുന്നില്ല.
വളരെ അനായാസമായിട്ടാണ് അദ്ദേഹം ഫിനിഷിങ് ലൈന്‍ മറികടന്നത്. ഇനി 5000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസിലും അവിനാഷ് ഇന്ത്യക്കായി മല്‍സരിക്കാനിറങ്ങുന്നുണ്ട്. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് അവിനാഷ്. നിലവിലെ ദേശീയ റെക്കോര്‍ഡും (എട്ട് മിനിറ്റ്, 11.20 സെക്കന്റ്) അദ്ദേഹത്തിന്റെ പേരിലാണ്.

അതേസമയം, ഷോട്ട് പുട്ട് ഫൈനലില്‍ ആറാമത്തെയും അവസാനത്തെയും ശ്രമത്തിലായിരുന്നു സ്വര്‍ണമുറപ്പിച്ച തജീന്ദര്‍പാലിന്റെ ത്രോ കണ്ടത്. 20.36 മീറ്റര്‍ എറിഞ്ഞാണ് അദ്ദേഹം രാജ്യത്തിന്റെ വീരനായകനായി മാറിയത്. ഫൈനലില്‍ തജീന്ദറിന്റെ ആദ്യത്തെ രണ്ടു ത്രോയും ഫൗളായി മാറിയിരുന്നു. എന്നാല്‍ മൂന്നാമത്തെ ശ്രമത്തില്‍ 19.21 മീറ്റര്‍ എറിഞ്ഞ് അദ്ദേഹം ശക്തമായി തിരിച്ചുവന്നു.
നാലാമത്തെ ത്രോയില്‍ തജീന്ദര്‍പാല്‍ പ്രകടനം മെച്ചപ്പെടുത്തി. 20.06 മീറ്ററായിരുന്ന അദ്ദേഹം എറിഞ്ഞത്. ഇതോടെ ഒന്നാംസ്ഥാനത്തേക്കു താരം കയറുകയും ചെയ്തു. എന്നാല്‍ തജീന്ദറിന്റെ അഞ്ചാമത്തെ ശ്രമം ഫൗളായി മാറി. ഇതിനിടെ അദ്ദേഹം ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തേക്കും വീണിരുന്നു. പക്ഷെ അവസാന ത്രോയില്‍ തജീന്ദറിനെ വെല്ലാന്‍ ആരുമുണ്ടയിരുന്നില്ല. 20.36 മീറ്റര്‍ എറിഞ്ഞ അദ്ദേഹം ഏഷ്യാഡില്‍ തുടര്‍ച്ചയായി രണ്ടാം തവണയും സ്വര്‍ണം ചൂടുകയും ചെയ്തു.