ന്യൂഡല്‍ഹി: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി 1,500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയതിനു പിന്നാലെ മലയാളി താരം ജിന്സണ് ജോണ്സണ് അര്‍ജുന അവാര്‍ഡ്. ജിന്സണ് അര്‍ജുന അവാര്‍ഡ് നല്‍കാനുള്ള ശുപാര്‍ശ സമിതി കേന്ദ്രകായിക മന്ത്രാലയത്തിന് കൈമാറി. കായിക മന്ത്രാലയം അംഗീകരിക്കുന്നതോടുകൂടി ജിന്സണ് അവാര്‍ഡ് ലഭിക്കും. അഞ്ച് ലക്ഷം രൂപയും വെള്ളിയില്‍ തീര്‍ത്ത അര്‍ജുന ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിന്സണ് 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബഹാദൂര്‍ പ്രസാദിന്റെ 23 വര്‍ഷത്തെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത ജിന്സണ് അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്.
കായികരംഗത്തെ സമഗ്ര സംഭവാനക്കുള്ള ധ്യാന്‍ചന്ദ് പുരസ്കാരത്തിന് മലയാളി ഒളിമ്പ്യന്‍ ബോബി അലോഷ്യസിനെയും റിട്ടയേര്‍ഡ് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ അധ്യക്ഷനായ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒപ്പം ഭാരത് ഛേത്രി (ഹോക്കി), സത്യദേവ് പ്രസാദ്(അമ്പെയ്ത്ത്), ദാദു ചൗഗുളെ (ഗുസ്തി) എന്നിവരും ശുപാര്‍ശ പട്ടികയിലുണ്ട്.
ഖേല്‍രത്ന പുരസ്കാരത്തിനായി ഇന്ത്യയുടെ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയേയും ഭാരോദ്വഹന താരം മീരാഭായ് ചാനുവിനേയും ശുപാര്‍ശ ചെയ്തു. മീരാഭായ് ചാനുവിന്റെ പരിശീലകന് വിജയ് ശര്‍മ്മ ദ്രോണാചാര്യ അവാര്‍ഡിനുള്ള ശുപാര്‍ശപ്പട്ടികയിലുണ്ട്. കോമണ്‍വെല്‍ത്തില്‍ ചരിത്രവിജയം നേടിയ ടേബിള്‍ ടെന്നീസ് താരങ്ങളുടെ പരിശീലകന് ശ്രീനിവാസ റാവുവും ബോക്സിങ് പരിശീലകന് സി.എ കുട്ടപ്പയും ദ്രോണാചാര്യ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.