ഈ മാസം 27 മുതല്‍ സൗത്ത് കൊറിയയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡലുമായി ഇന്ത്യന്‍ പതാക പാറിക്കാന്‍ തയ്യാറെടുക്കുകയാണ് മലയാളി ലോങ്ജംപ് താരമായ ആന്‍സി സോജന്‍. നിരവധി ഒളിംപ്യന്‍മാരും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളുമുള്‍പ്പെടുന്ന ശക്തമായ സംഘത്തെയാണ് കൊറിയയിലേക്കു ഇന്ത്യ അയക്കുന്നത്. അക്കൂട്ടത്തില്‍ ഇന്ത്യക്കു ഏറെ പ്രതീക്ഷയുള്ള അത്‌ലറ്റുകളിലൊരാളാണ് തൃശൂരുകാരിയായ ആന്‍സി.
2022ല്‍ ഗ്വാങ്ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡലുമായി ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്താന്‍ ഈ 24കാരിക്കു സാധിച്ചിരുന്നു. ഇനി വരാനിരിക്കുന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും മെഡല്‍ നേട്ടമാണ് ആന്‍സി സ്വപ്‌നം കാണുന്നത്.
ഇതിനായി മികച്ച തയ്യാറെടുപ്പ് തന്നെ താരം നടത്തിക്കഴിഞ്ഞു. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ഭാവി പ്ലാനുകളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ആന്‍സി. വണ്‍ഇന്ത്യ മലയാളത്തോടു സംസാരിക്കുകയായിരുന്നു താരം.

തെറ്റില്‍ നിന്നും പാഠമുള്‍ക്കൊണ്ടു
ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഇതു രണ്ടാം തവണയാണ് താന്‍ പങ്കെടുക്കുന്നതെന്നും കഴിഞ്ഞ തവണ സംഭവിച്ച തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് താന്‍ ഇനി ഇറങ്ങുകയെന്നും ആന്‍സി സോജന്‍ ആത്മവിശ്വാസത്തോടെ പറയുന്നു.
കഴിഞ്ഞ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ എനിക്കു നേരിയ വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. ഇപ്പോള്‍ എനിക്കു ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ വീണ്ടുമൊരു അവസരം ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ പോസിറ്റീവും നെഗറ്റീവുമായിട്ടുള്ള കാര്യങ്ങള്‍ ഞാന്‍ കുറിച്ചു വച്ചിരുന്നു. അതു പിന്നീട് ഏഷ്യന്‍ ഗെയിംസില്‍ എനിക്കു ഒരുപാട് ഉപകാരപ്പെട്ടു.
കഴിഞ്ഞ ചാംപ്യന്‍ഷിപ്പില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇത്തവണ കൂടുകല്‍ മെച്ചപ്പെട്ട പ്രകടനം നടത്തണമെന്നാണ് ആഗ്രഹം. അതോടൊപ്പം തന്നെ ലോക ചാംപ്യന്‍ഷിപ്പിനു യോഗ്യത നേടാനും ശ്രമിക്കുമെന്നും ആന്‍സി വ്യക്തമാക്കി.
കേരളം ജംപേഴ്‌സിന്റെ നാടോ?
ഇതിഹാസ താരം അഞ്ജു ബോബി ജോര്‍ജിനെപ്പോലെ കേരളാ മണ്ണില്‍ നിന്നും കൂടുതല്‍ ലോങ്ജംപ് താരങ്ങള്‍ ഉയര്‍ന്നു വരുന്നതിനു പിന്നിലെ കാരണത്തെക്കുറിച്ചും ആന്‍സി സോജന്‍ തുറന്നു പറഞ്ഞു. കേരളത്തില്‍ ഒരുപാട് മികച്ച ജംപേഴ്‌സ് ഉണ്ട്. തെക്കന്‍ ഭാഗങ്ങളില്‍ നിന്നുമാണ് കൂടുതല്‍ ജംപേഴ്‌സ് വന്നു കൊണ്ടിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം മല്‍സരരംഗത്തു നിന്നും പിന്‍മാറുന്ന ഒരുപാട് ജംപേഴ്‌സുണ്ട്. എന്നാല്‍ ഇതിനോടു താല്‍പ്പര്യമുള്ളവര്‍ മാത്രം ഉറച്ചു നിന്ന് മുന്നോട്ടു പോവുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ട്രിപ്പിള്‍ ജംപിലും ലോങ്ജംപിലുമെല്ലാം ശക്തമായ മല്‍സരമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്നും ആന്‍സി പറയന്നു.

ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് യോഗ്യത
സ്വന്തം നാട്ടില്‍ വച്ച് തന്നെ ഇത്തവണത്തെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനു വേണ്ടി യോഗ്യത നേടിയെടുക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷവും അഭിമാനവുമുണ്ടെന്നും ആന്‍സി സോജന്‍ വ്യക്തമാക്കി. നാട്ടില്‍ വച്ചു തന്നെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് യോഗ്യത ഉറപ്പിക്കാനായത് ഏറെ സന്തോഷം നല്‍കുന്നു. മുഴുവന്‍ മലയാളികളില്‍ നിന്നും എനിക്കു വലിയ പിന്തുണ തന്നെയാണ് ലഭിച്ചത്.
അതു തീര്‍ച്ചയായും അഭിമാന മുഹൂര്‍ത്തം തന്നെയായിരുന്നു. മാതാപിതാക്കളു കോച്ചുമാരുമെല്ലാം പിന്തുണയുമായി എത്തിയിരുന്നു. ഏഷ്യന്‍ യോഗ്യതയ്ക്കുള്ള അവസാനത്തെ അവസരം കൂടിയായിരുന്നു അത്.
അന്നു അതു നേടിയെടുക്കാനായതില്‍ ഏറെ സന്തോഷവുമുണ്ട്. അന്നു തീരെ വയ്യായിരുന്നു. പക്ഷെ അന്നു എനിക്കു യോഗ്യത നേടിയെടുക്കാനായത് ദൈവാനുഗ്രഹവും മല്‍സരം കാണാനെത്തിയവരുടെ പിന്തുണയും കാരണമാണെന്നും ആന്‍സി തുറന്നു പറഞ്ഞു.
പ്രധാന ലക്ഷ്യങ്ങള്‍
ഈ സീസണിലെ തന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളെക്കുറിച്ചും കേരളാ താരം വെളിപ്പെടുത്തി. ഈ സീസണില്‍ 6.80 മീറ്ററിനു മുകളില്‍ ജംപ് ചെയ്യണമെന്നതാണ് പ്രധാന ലക്ഷ്യം. നേരിട്ടു തന്നെ യോഗ്യത നേടണമന്നും ആഗ്രഹമുണ്ട്. കൂടാതെ റാങ്കിങിലും ഇത്തവണ ശ്രദ്ധിക്കുന്നുണ്ട്.
ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് നന്നായി പോയിന്റ് ലഭിക്കുന്ന ചാംപ്യന്‍ഷിപ്പാണ്. അതുകൊണ്ടു തന്നെ ഇതില്‍ എനിക്കു നന്നായി പെര്‍ഫോം ചെയ്യാനാല്‍ അതു എനിക്കു ടോക്കിയോയില്‍ (ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്) ഉപകാരപ്പെടുമെന്നും ആന്‍സി സോജന്‍ കൂട്ടിച്ചേര്‍ത്തു.