സിഡ്‌നി: ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസില്‍ ഏറെ കൗതുകം നിറഞ്ഞ ഒരു കാഴ്ചയുണ്ട്. ഒരു ഗ്രാന്‍സ്ലാം കിരീടം പോലും നേടാത്ത സിമോണ ഹാലെപ്പാണ് ടോപ്പ് സീഡ്. ലോക ഒന്നാം നമ്പര്‍ താരത്തിന് ആരൊക്കെ വെല്ലുവിളി ഉയര്‍ത്തും?
വിംബിള്‍ഡണിലും യുഎസ് ഓപ്പണിലും സെമിഫൈനല്‍ വരെയെത്തിയ സിമോണ കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റാണ്. ആസ്‌ത്രേലിയന്‍ ഓപ്പണില്‍ 2014ലും 2015ലും ക്വാര്‍ട്ടര്‍ വരെയെത്താനും സാധിച്ചിട്ടുണ്ട്. ഇതുവരെ 16 ഡബ്ല്യുടിഎ കിരീടങ്ങളും ആറ് ഐടിഎഫ് കിരീടങ്ങളും ഈ 26കാരി സ്വന്തമാക്കിയിട്ടുണ്ട്.
തീര്‍ച്ചയായും കരോലിന വോസ്‌നിയാകി തന്നെയാണ് ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ളത്. 2015നു ശേഷം ആദ്യമായി രണ്ടാം സീഡിലെത്തിയ ഡെന്മാര്‍ക്ക് താരത്തിന് ഏറ്റവും ചുരുങ്ങിയത് സെമിഫൈനലിലെങ്കിലും എത്തിയാലേ കിരീടം പ്രതീക്ഷിക്കാനാകു.

സ്‌പെയിന്‍ താരം ഗബ്രീന്‍ മുഗുറുസയാണ് അടുത്ത താരം ലോക റാങ്കിങില്‍ മൂന്നാം സ്ഥാനക്കാരി. എന്നാല്‍ കഴിഞ്ഞ തവണ ക്വാര്‍ട്ടര്‍വരെയെത്തിയ 24കാരിയെ തളര്‍ത്തുന്നത് കാല്‍ തുടയ്‌ക്കേറ്റ പരിക്കാണ്.
ഉക്രെയ്‌നിന്റെ എലിനാ സ്വിതോലിന ബ്രിസ്ബണ്‍ ഇന്റര്‍നാഷണലിന്റെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് മെല്‍ബണിലെത്തുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മൂന്നാം റൗണ്ടിനപ്പുറം കടക്കാന്‍ ഈ താരത്തിനായിട്ടില്ല. സെമിഫൈനല്‍ കടന്നാല്‍ ഏതൊരു താരത്തിനും കടുത്ത വെല്ലുവിളിയുയര്‍ത്താനുള്ള ആത്മവിശ്വാസം കൈമുതലായുണ്ട്.
ചെക്കിന്റെ കരോലിന പ്‌ളിസ്‌കോവയുടെ കഥയും മറിച്ചല്ല. കഴിഞ്ഞ തവണ ക്വാര്‍ട്ടര്‍ വരെയെത്തിയിരുന്നു. രണ്ടു പ്രമുഖ കിരീടങ്ങളും റോളണ്ട് ഗാരോസിലെ സെമിഫൈനല്‍ ബെര്‍ത്തുമാണ് കഴിഞ്ഞ വര്‍ഷത്തെ സമ്പാദ്യങ്ങള്‍. മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള അദ്ഭുതകരമായ കഴിവാണ് കരോലിനയ്ക്ക് ഈ ലിസ്റ്റില്‍ ഇടം കൊടുക്കാന്‍ കാരണം.