ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ രണ്ടാം റൗണ്ടില്‍ കടന്ന് സാനിയ മിര്‍സ സഖ്യം. അമേരിക്കയുടെ 36കാരി ബെതാനി മാറ്റിക് സാന്‍ഡ്സിനൊപ്പം റാക്കറ്റേന്തുന്ന സാനിയ മിര്‍സ ആദ്യ റൗണ്ടില്‍ അമേരിക്കയുടെ ഡിസിറേ ക്രൗസിക്ക്-ചിലിയുടെ അലക്സ ഗുറാച്ചി സഖ്യത്തെ തോല്‍പ്പിച്ചാണ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കായിരുന്നു സാനിയ മിര്‍സ സഖ്യത്തിന്റെ ജയം. ഒരു മണിക്കൂറും 29 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്കോര്‍ 7-5,6-3.
2017ന് ശേഷം ആദ്യ വിംബിള്‍ഡണ്‍ മത്സരം കളിക്കാനിറങ്ങിയ സാനിയ മിര്‍സ തുടക്കം ഗംഭീര മാക്കിയിരിക്കുകയാണ്. 34കാരിയായ സാനിയ വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സിലെ രണ്ടാം കിരീടമാണ് ലക്ഷ്യം വെക്കുന്നത്. 2015ലാണ് ഇതിന് മുമ്പ് സാനിയ വിംബിള്‍ഡന്‍ ഡബിള്‍സ് കിരീടം നേടിയത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍,യുഎസ് ഓപ്പണ്‍ എന്നിവയിലും സാനിയ ഡബിള്‍സ് കിരീടം നേടിയിട്ടുണ്ട്. 2011ല്‍ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ കടന്നെങ്കിലും കിരീടത്തിലേക്കെത്താനായില്ല.
മിക്സിഡ് ഡബിള്‍സിലും മത്സരിക്കുന്ന സാനിയ ഓസ്ട്രേലിയന്‍ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലും കിരീടം നേടിയിട്ടുണ്ട്. വിംബിള്‍ഡണില്‍ മൂന്ന് തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചെങ്കിലും മിക്സഡ് ഡബിള്‍സില്‍ കിരീടത്തിലേക്കെത്താനായിട്ടില്ല. ഇന്ത്യയുടെ വനിതാ താരത്തിന് സിംഗിള്‍സില്‍ ഇതുവരെ ഗ്രാന്റ്സ്ലാം കിരീടം നേടാനായിട്ടില്ല.
പാകിസ്താന് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കുമായുള്ള വിവാഹത്തിന് ശേഷം ഇരുവര്‍ക്കും കുഞ്ഞ് പിറന്നിരുന്നു. ഇതിന് ശേഷം ടെന്നിസില്‍ നിന്ന് അല്‍പ്പം വിട്ടുനിന്ന സാനിയ പിന്നീട് ശക്തമായ തിരിച്ചുവരവ് തന്നെയാണ് നടത്തിയിരിക്കുന്നത്. വിംബിള്‍ഡണില്‍ ഡബിള്‍സ് കിരീടം നേടാനായാല്‍ സാനിയയുടെ കരിയറിലത് പുതിയ വഴിത്തിരിവാകും.
അതേ സമയം പുരുഷ ഡബിള്‍സില്‍ രോഹന് ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി. ഫിന്‍ലന്‍ഡിന്റെ ഹെന്റി കോന്റിനെന്‍-ഫ്രാന്‍സിന്റെ എഡ്വാര്‍ഡ് റോജര്‍ വാസിലിന് സഖ്യമാണ് ബൊപ്പണ്ണ സഖ്യത്തിന് പുറത്തേക്കുള്ള വഴി തുറന്നത്. ഒരു മണിക്കൂറും 22 മിനുട്ടുമാണ് മത്സരം നീണ്ടുനിന്നത്. സ്കോര്‍ 7-6,6-4.
സിംഗിള്‍സില്‍ അലക്സാണ്ടര്‍ സെറേവ്,മെദവ്ദേവ്,മരിയന്‍ സിലിച്ച്,റോജര്‍ ഫെഡറര്‍ എന്നിവരെല്ലാം രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്. ആന്‍ഡി മുറെ,നൊവാക് ജോക്കോവിച്ച്,ആന്‍ഡി മുറെ തുടങ്ങിയവരൊക്കെ ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങുന്നുണ്ട്.