ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരവും ഒന്നാം സീഡുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് പ്രീ ക്വാര്‍ട്ടറില്‍. മൂന്നാം റൗണ്ടില്‍ 114ാം റാങ്കുകാരനായ അമേരിക്കയുടെ ഡെനിസ് കുഡിയയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. 2 മണിക്കൂറും 19 മിനുട്ടും നീണ്ടുനിന്ന മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ചിന്റെ ജയം. സ്കോര്‍ 6-4,6-3.7-6. പ്രീ ക്വാര്‍ട്ടറില്‍ 20ാം റാങ്കുകാരനായ ക്രിസ്റ്റ്യന്‍ ഗാരിനാണ് ജോക്കോവിച്ചിന്റെ എതിരാളി.
സമീപകാലത്തായി മികച്ച ഫോമിലുള്ള ജോക്കോവിച്ച് ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും സ്വന്തമാക്കി കഴിഞ്ഞു. അഞ്ച് തവണ വിംബിള്‍ഡണ്‍ കിരീടം ചൂടിയ അദ്ദേഹം 2019ലാണ് അവസാനമായി വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടത്. 84 കിരീടങ്ങള്‍ 34കാരനായ ജോക്കോവിച്ച് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.
അതേ സമയം മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടണിന്റെ ആന്‍ഡി മുറെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പരിക്ക് വേട്ടയാടുന്ന 34കാരനായ മുറെയെ 12ാം റാങ്കുകാരനായ കാനഡയുടെ ഡെനിസ് ഷപ്പോവലോവാണ് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഷപ്പോവലോവിന്റെ ജയം. രണ്ട് മണിക്കൂറും 36 മിനുട്ടും മത്സരം നീണ്ടുനിന്നു. സ്കോര്‍ 6-4,6-2,6-2. എടിപി റാങ്കിങ്ങില്‍ 118ാം റാങ്കുകാരനാണ് നിലവില്‍ മുറെ. 2013,2016ലും വിംബിള്‍ഡണ്‍ കിരീടം മുറെ നേടിയിട്ടുണ്ട്.
ഏഴാം റാങ്കുകാരനായ റഷ്യയുടെ ആന്‍ഡ്രേ റുബ്ലീവും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. 31ാം റാങ്കുകാരനായ ഇറ്റലിയുടെ ഫാബിയോ ഫോഗിനിയെയാണ് റുബ്ലീവ് പരാജയപ്പെടുത്തിയത്. രണ്ട് മണിക്കൂറും 58 മിനുട്ടും മത്സരം നീണ്ടു. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 6-3,5-7,6-4,6-2 എന്ന സ്കോറിനാണ് റുബ്ലീവിന്റെ ജയം.
വനിതാം സിംഗിള്‍സില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്കോവ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. 13ാം റാങ്കുകാരിയായ കരോളിന 87ാം റാങ്കുകാരിയും നാട്ടുകാരിയുമായ ടെറീസ മാര്‍ട്ടിന്‍കോവയെ തോല്‍പ്പിച്ചാണ് പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. ഒരു മണിക്കൂറും 39 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കരോളിനയുടെ ജയം. സ്കോര്‍ 6-3,6-3.
മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-രോഹന് ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. ഇന്ത്യയുടെ തന്നെ രാംകുമാര്‍ രാമനാഥന്-അങ്കിത റെയ്ന സഖ്യത്തെ തോല്‍പ്പിച്ചാണ് സാനിയ-ബൊപ്പണ്ണ സഖ്യത്തിന്റെ മുന്നേറ്റം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയ സഖ്യത്തിന്റെ ജയം. ഒരു മണിക്കൂറും 11 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്കോര്‍ 6-2,7-6. വനിതാ ഡബിള്‍സില്‍ സാനിയ സഖ്യം കഴിഞ്ഞ ദിവസം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു.