മാഡ്രിഡ്: ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ യെലേന ഒസ്റ്റാപെങ്കോയും വീനസും മാഡ്രിഡ് ഓപ്പണില്‍ ആദ്യ റൗണ്ടില്‍തന്നെ പുറത്തായി. റൊമാനിയയുടെ ഇറിന കമേലിയയോട് 6-3, 6-3 എന്ന സ്കോറിനാണ് യെലേന തോല്‍വി വഴങ്ങിയത്. കളിമണ്‍ കോര്‍ട്ടില്‍ കഴിഞ്ഞവര്‍ഷം നടത്തിയ അത്ഭുതക്കുതിപ്പ് തുടരാന്‍ ലാത്വിയന്‍ താരത്തിന് കഴിഞ്ഞില്ല.
അമേരിക്കയുടെ വീനസ് വില്യംസും ആദ്യ റൗണ്ടില്‍ തോറ്റു മടങ്ങിയത് ആരാധകരെ നിരാശയിലാഴ്ത്തി. ആദ്യസെറ്റ് നേടിയശേഷമായിരുന്നു വീനസ് എസ്റ്റോണിയക്കാരി അനെറ്റ് കൊന്റാവെയ്റ്റിനോട് അടിയറവ് പറഞ്ഞത്. സ്കോര്‍ 3-6, 6-3, 6-2. അതേസമയം, ലോക നാലാം നമ്പര്‍താരം എലേന സ്വിതോലിന, മുന്‍ ലോക ഒന്നാം നമ്പര്‍ കരോലിന പ്ലിസ്കോവ എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി.
സ്വിതോലിന 6-2, 6-2 എന്ന സ്കോറിന് അലീസ് കോര്‍നെറ്റിനെ തോല്‍പ്പിച്ചു. കഴിഞ്ഞയാഴ്ച സ്റ്റുട്ട്ഗര്‍ട്ട് ഓപ്പണില്‍ കിരീടം നേടിയശേഷം എത്തിയ ആറാം സീഡ് പ്ലിസ്കോവ, എലേന വെസ്നിനയെ 6-4, 6-2 എന്ന സ്കോറിന് മുട്ടുകുത്തിച്ചു. വനിതാ വിഭാഗത്തില്‍ ലോകത്തിലെ മികച്ച താരങ്ങളെല്ലാം മാഡ്രിഡില്‍ ഇറങ്ങുന്നുണ്ട്. അതേസമയം, മുന്‍ ലോക ഒന്നാം നമ്പര്‍താരം സെറീന വില്യംസ് ടൂര്‍ണമെന്റില്‍ നിന്നും അവസാനനിമിഷം പിന്മാറിയിരുന്നു.